മധ്യപ്രദേശിലെ ആദിവാസി ഗ്രാമങ്ങളെ ശാക്തീകരിക്കാനായി ഒരായുസ്സ് ചെലവിട്ട മലയാളിയായ ഗാന്ധിയൻ പി.വി. രാജഗോപാൽ നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി മാൾവയിലെ ഖാർഗോണിൽ ‘മാധ്യമ’വുമായി നടത്തിയ സംഭാഷണം
ആദിവാസി വനിത നേതാവായിരുന്ന ജമുനാ ദേവിക്ക് ഉപമുഖ്യമന്ത്രിവരെ ആകാൻ കഴിഞ്ഞ സംസ്ഥാനമാണ് മധ്യപ്രദേശ്. മാൾവ മേഖലയിൽനിന്നുള്ള കരുത്തുറ്റ വനിതയായതുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ്ങിന് അവരെ ഉപ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്.
എന്നാൽ, അതിന് ശേഷം അത്രയും കരുത്തുള്ള ശബ്ദം ഉയർന്നുവന്നില്ല. ആദിവാസികളിലേക്ക് ആദ്യം വേരോട്ടമുണ്ടാക്കിയത് കോൺഗ്രസായിരുന്നു. പിന്നീടാണ് സരസ്വതീ ശിശുമന്ദിറും വനവാസി കല്യാൺ ആശ്രമും ഒക്കെ ഉപയോഗിച്ച് ബി.ജെ.പി വ്യവസ്ഥാപിതമായ രീതിയിൽ ആദിവാസികൾക്കിടയിലേക്ക് കയറിച്ചെന്നത്.
20 വർഷം മുമ്പാണിത് ശ്രദ്ധിച്ചു തുടങ്ങുന്നത്. മതപരിവർത്തന വിഷയം ആയുധമാക്കി ആദിവാസികൾക്കിടയിൽ ക്രിസ്ത്യൻ വിരുദ്ധ വികാരമുണ്ടാക്കി ആർ.എസ്.എസ് പിടിമുറുക്കി. അതോടെ കോൺഗ്രസിന് സ്വാധീനമില്ലാതായി. ആർ.എസ്.എസിനു പുറമെ യുഗ നിർമാൺ യോജന, ശ്രീശ്രീ രവിശങ്കർ, ജഗ്ഗി വാസുദേവ്, ബാബ രാംദേവ് തുടങ്ങി നിരവധി ഹിന്ദു ഗ്രൂപ്പുകളും ആദിവാസി ഗ്രാമങ്ങളിൽ ശാഖകൾ തുടങ്ങി പ്രവർത്തനരംഗത്തുണ്ട്.
ഇവരുടെയൊക്കെ പ്രവർത്തനത്തിന്റെ ആത്യന്തിക ഫലം ആദിവാസി വോട്ട് ബി.ജെ.പിയിലേക്ക് പോകുമെന്നതാണ്. മധ്യപ്രദേശിലെ മാൽവ തൊട്ട് ഛത്തിസ്ഗഢിലെ ബസ്തർവരെ കാണുന്നതിതാണ്. ആർ.എസ്.എസിന്റെ കടന്നുകയറലിനൊപ്പം ബി.ജെ.പിക്കാരായ ബനിയകളുടെ കുടിയേറ്റവുമുണ്ടായി. അതോടെ അവരുടെ സാമ്പത്തിക താൽപര്യത്തിനായി പ്രാമുഖ്യം. ഇതൊന്നും തടയാൻ കോൺഗ്രസിന്റെ പക്കൽ ആദർശവുമില്ലാതെയായി.
ഒരു ഭാഗത്ത് ഭൂമി തട്ടിയെടുക്കാൻ വരുന്ന ഖനന കമ്പനികൾ, മറുഭാഗത്ത് നക്സലുകൾ, മറ്റൊരു ഭാഗത്ത് സൈന്യവും പൊലീസും. ഈ മൂന്നു കൂട്ടർക്കുമിടയിലെ അതിക്രമങ്ങളിൽനിന്ന് തങ്ങളെ മോചിപ്പിക്കൂ എന്നാണവർ ആവശ്യപ്പെടുന്നത്. കാട്ടിനുള്ളിൽ പോയതിനും മൃഗങ്ങളെ കൊന്നതിനും കേസെടുത്ത് നിരവധി ആദിവാസികളിന്ന് ജയിലുകളിലാണ്. വീടും കാടും നഷ്ടപ്പെട്ട ആദിവാസികളെ കേസുകളിൽ കുടുക്കി ക്രിമിനലുകളാക്കുകയാണ്.
സുന്ദർഗഡ് പോലെ ഖനനം നടക്കുന്ന ആദിവാസിമേഖലകളിലെ പുതിയ സാമൂഹിക പ്രശ്നമായിരിക്കുന്നു ഭർത്താക്കന്മാരില്ലാത്ത അമ്മമാർ. ഇവരുടെ കുഞ്ഞുങ്ങൾ അനാഥരായി ഉപേക്ഷിക്കപ്പെടുകയാണ്. ഇത്തരത്തിലുള്ള നൂറോളം ആദിവാസി അമ്മാരുടെ അനാഥ കുഞ്ഞുങ്ങളെ എടുത്തു വളർത്തുന്ന സുന്ദർ ഗഡിലെ ഒരു ഹസനെ അറിയാം.
ആദിവാസികൾക്ക് കൊടുക്കുന്ന ഭൂമിയിൽ സ്ത്രീക്കും പുരുഷനും തുല്യാവകാശം കൊടുത്തില്ലെങ്കിൽ ഭാര്യമാരും കുഞ്ഞുങ്ങളും വഴിയാധാരമാകും.
ആദിവാസികളിൽ വലിയൊരു വിഭാഗം കർഷകരാണ്. വനാവകാശ നിയമം വന്നതോടുകൂടി നിരവധി ആദിവാസികൾക്ക് ഭൂമി കിട്ടിത്തുടങ്ങി. കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ആദിവാസികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പുതിയ ഭൂമി കിട്ടിയവരെ കർഷകരാക്കേണ്ടതുമുണ്ട്. ജൈവ കൃഷിയുടെ പ്രയോജനം അവർക്ക് ലഭ്യമാക്കാനും രാസവളങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ നോക്കാനുമുള്ളതാണ് ആ സംരംഭം.
ഉത്തർപ്രദേശ് പോലെയല്ല മധ്യപ്രദേശ്. 80:20 എന്ന മുദ്രാവാക്യം കൊണ്ടാണവർ യു.പി പിടിച്ചത്. അത്തരം ധ്രുവീകരണത്തിന് മധ്യപ്രദേശിൽ അവർക്കായിട്ടില്ല. ഇവിടുത്തെ രാഷ്ട്രീയ ഘടന അതിനവരെ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥതലത്തിൽ ഉത്തർപ്രദേശിലേതുപോലെ സമ്പൂർണമായി പാർട്ടി കേഡറുകളെ കയറ്റാനായിട്ടില്ല.
ഉദ്യോഗസ്ഥർ പൂർണമായും അവരുടെ കേഡറുകളായാൽ അവരെ മാറ്റിയെടുക്കാൻ പ്രയാസമാണ്. എന്റെ അനുഭവത്തിൽ ഇന്നും മധ്യപ്രദേശിലെ ഉദ്യോഗസ്ഥരിൽ മതേതര ചിന്താഗതിക്കാർ ധാരാളമുണ്ട്. വർഗീയ പ്രശ്നങ്ങളുണ്ടായപ്പോൾ ഇത്തരം ഉദ്യോഗസ്ഥർ അത് അടിച്ചമർത്തിയ പല അനുഭവങ്ങളുമുണ്ട്.
ബി.ജെ.പി പ്രശ്നങ്ങളുണ്ടാക്കാൻ നോക്കിയിട്ടുണ്ട്. എന്നാൽ, അവരുടെ സർക്കാർ ഭരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഇത്തരം ഉദ്യോഗസ്ഥർ തടഞ്ഞിട്ടുമുണ്ട്. അനുരാധ ശങ്കറിനെപ്പോലുള്ളവർ വർഗീയ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അവരെ സ്ഥലം മാറ്റി. വർഗീയ സംഘർഷങ്ങൾ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ മധ്യപ്രദേശിന് ഭാഗ്യമാണ്.
നർമദാ ബചാവോ ആന്ദോളൻ, ഏകതാ പരിഷത്ത് തുടങ്ങി ജനകീയ പ്രസ്ഥാനങ്ങൾ ഒരുപാടുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വർഗീയത വളർത്താൻ അനുവദിക്കില്ല. ഇത്തരം കാരണങ്ങൾകൊണ്ടാണ് മധ്യപ്രദേശ് യു.പി പോലെയാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.