രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ഇടതുപാർട്ടികളുടെ ജീർണതയും കോൺഗ്രസിലെ കൊഴിഞ്ഞുപോക്കും ഉൾപ്പെടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും നിലപാടുകളും വിമർശനാത്മകമായി വിലയിരുത്തുകയാണ് സി.എം.പി ദേശീയ ജനറൽ സെക്രട്ടറി സി.പി.ജോൺ.
20 സീറ്റുകളിലും ജയിക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്.അത് പ്രയാസമുള്ള പരിപാടിയാണ്.അനായാസം ജയിക്കാവുന്ന തെരഞ്ഞെടുപ്പാണെന്ന സന്ദേശം യു.ഡി.എഫ് സെക്രട്ടറി എന്ന നിലയിൽ അണികൾക്ക് നൽകുന്നില്ല. പണിയെടുത്താലേ ജയിക്കൂ.
കോൺഗ്രസുകാരുടെ കൂറുമാറ്റം വെറും അഭ്യന്തര പ്രശ്നമല്ല,കോൺഗ്രസ് നേരിടുന്ന അസ്ഥിത്വ പ്രശ്നമാണ്, ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നവുമാണിത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിണറായി വിജയനെതിരെ നിർത്തിയ സ്ഥാനാർഥിയാണ് ഇക്കുറി ബി.ജെ.പിക്കായി മത്സരിക്കുന്നത്.പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി എ.കെ.ആന്റണിയുടെ മകനാണ്. മകൻ ബി.ജെ.പിയിലാണ് ഞങ്ങളൊക്കെ സി.എം.പിയിലും എന്ന് പറഞ്ഞിട്ട് കാര്യമില്ല.കോൺഗ്രസിൽനിന്ന് വ്യക്തികൾ ബി.ജെ.പിയിലേക്ക് പോകുേമ്പാൾ ഇടത് മുന്നണിയിൽനിന്ന് പാർട്ടികളാണ് പോകുന്നത്.ഇടതിലെ മൂന്നാമത്തെ പാർട്ടി ബി.ജെ.പി മുന്നണിയിലാണ്.
കോട്ടയത്ത് ലോക്സഭയിൽ മത്സരിച്ച മാത്യു ടി.തോമസിന്റെ പാർട്ടി ഇപ്പോൾ ബി.ജെ.പിയിലാണ്.മറ്റൊരു പാർട്ടിയായ എൻ.സി.പിയും ആ മുന്നണിയിലായി. സി.പി.എമ്മിന്റെ ലക്ഷ്യം ലീഗിനെ പൊളിക്കൽ ലീഗിന് ഇടതുമുന്നണിയിലേക്ക് സ്വാഗതം എന്നൊക്കെ പറയുമെങ്കിലും ലീഗിനെ നന്നാക്കാനല്ല, വെടക്കാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
അവർക്ക് ലീഗിലെ ഒരു കഷ്ണത്തെയാണ് വേണ്ടത്. ലീഗിനെ മാന്യമായ പാർട്ടി എന്ന നിലക്ക് ഉൾക്കൊള്ളാനല്ല,വിഭജിക്കാനാണ് നോക്കുന്നത്.ബി.ജെ.പിക്കെതിരായ വലിയ കരുതലാണ് മുസ്ലിം സംഘടനകൾ. ആ സംഘടനകളെ ശക്തമായി നിലനിർത്തുക എന്നത് ആർ.എസ്.എസിനെതിരായ സമരത്തിൽ സുപ്രധാനമാണ്.ന്യൂനപക്ഷ സംഘടനകളുടെ അകത്തുകയറി കുത്തിത്തിരിപ്പുണ്ടാക്കുന്നവർ ആർ.എസ്.എസ് ഏജന്റുമാരാണ്.
കേരള കോൺഗ്രസ് മാണിയുടെ സ്വാഭാവിക രാഷ്ട്രീയ സഖ്യം യു.ഡി.എഫാണ്. മാണി ഗ്രൂപ്പ് പോയതുകൊണ്ടാണ് തോൽവി സംഭവിച്ചതെന്നും അവർ ഒപ്പമുണ്ടായിരുന്നെങ്കിൽ യു.ഡി.എഫിന് 74 സീറ്റ് കിട്ടുമാ
യിരുന്നെന്നുമാണ് ഞങ്ങൾ വിലയിരുത്തിയത്. എന്നാൽ നിലവിൽ കാർഷിക മേഖലയിലെ പ്രശ്നത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം മാപ്പുസാക്ഷിയായി നിൽക്കുകയാണ്. കൃഷിക്കാർക്ക് വേണ്ടി നിലകൊള്ളുന്നില്ലെങ്കിൽ എന്താണ് കേരള കോൺഗ്രസിന്റെ പ്രസക്തി? അവർ മുന്നണി വിട്ടുപോയപ്പോഴുണ്ടായ ആഘാതം ഇപ്പോൾ പ്രതിഫലിക്കില്ല.
സിദ്ധാർഥന്റെ മരണത്തോടെ എല്ലാ വിദ്യാർഥി സംഘടനകളും അപ്രസക്തമായി. കൊടിയ അതിക്രമം കാണിക്കുക വഴി എസ്.എഫ്.ഐയും അത് തടയാത്തതുകൊണ്ട് മറ്റ് വിദ്യാർഥി സംഘടനകളും.മുമ്പ് റാഗിങ്ങിനെതിരായിരുന്ന എസ്.എഫ്.ഐ ഇന്ന് റാഗിങ്ങുകാരുടെ സംഘമായി മാറിയിരിക്കുന്നു.അതീവ പിന്നാക്കമായ മൺപാത്ര നിർമാണ സമൂഹത്തിൽപെടുന്ന മിടുക്കനായ കുട്ടിയെയാണ് തല്ലിക്കൊന്നത്. വിദ്യാർഥി സംഘടനകൾ മാത്രമല്ല,ഈ വിഷയത്തിൽ കേരളീയ സമൂഹം തന്നെ വേണ്ടവിധം പ്രതികരിച്ചിട്ടില്ല.
ഭരണകക്ഷി എന്നാൽ ട്രഷറി ബെഞ്ചാണ്. ട്രഷറി പരാജയപ്പെട്ടാൽ ഭരണം പോയി. ട്രാഫിക് പൊലീസ് ആകാനല്ല ട്രഷറി നടത്താനാണ് ഭരണം. കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണി കേരള രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ്. സിദ്ധാർഥൻ, വന്യജീവി അക്രമണം, ശമ്പള പ്രതിസന്ധി അടക്കം വിഷയങ്ങളിൽ പ്രതിപക്ഷം ഹർത്താൽപോലെ കടുത്ത സമരമുറകളിലേക്ക് പോകേണ്ട സമയം അതിക്രമിച്ചു.
ഇന്ത്യയിൽ മതം രാഷ്ട്രീയത്തിന്റെ സെൻട്രൽ സ്റ്റേജിൽ നിൽക്കുേമ്പാൾ സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ്. ന്യൂനപക്ഷം ഇടത് കക്ഷികളെ വിശ്വസിക്കരുത്.പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷം. മുസ്ലിംകളെ ഇതുപോലെ കളിപ്പിച്ച വേറെ കക്ഷികളില്ല. മുസ്ലിം വിഷയങ്ങളിൽ ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനുണ്ടോ? ശരീഅത്ത് വിഷയത്തിലും ശാബാനു കേസിലും ഉണ്ടായിരുന്നോ? രാജീവ് ഗാന്ധി കൊണ്ടുവന്ന നിയമം പിന്തരിപ്പനെന്ന് സി.പി.എം പറയുന്നു, പുരോഗമനം എന്നാണ് ഞങ്ങൾ പറയുന്നത്.
ഈ നിയമപ്രകാരം ഇരട്ടസംരക്ഷണം മുസ്ലിം സ്ത്രീകൾക്ക് കിട്ടും.സി.പി.എമ്മിന്റെ മുസ്ലിം ന്യൂനപക്ഷ സമീപനത്തിൽ അവർ ആദ്യം പറയേണ്ടത് രാജീവ് ഗാന്ധി കൊണ്ടുവന്ന ആ നിയമത്തിന്റെ ഇന്നത്തെ സ്ഥിതിയും 103ാം ഭരണഘടന ഭേദഗതിയിൽ നിലപാടുമാണ്. പ്രകാശ് കാരാട്ട് ബി.ജെ.പിയുടെ ട്രോജൻ കുതിരയാണ്.കാരാട്ടാണ് ബി.ജെ.പിക്കൊപ്പംനിന്ന് ഒന്നാം യു.പി.എ സർക്കാറിനെ അവിശ്വാസത്തിലൂടെ വോട്ട് ചെയ്ത് പുറത്താക്കാൻ ശ്രമിച്ചത്.
ഇൻഡ്യ മുന്നണി എല്ലായിടത്തും ഒന്നിച്ചുനിൽക്കുന്നില്ല. ഇവിടെ രണ്ട് മുന്നണികളിലെ പാർട്ടികളും ‘ഇൻഡ്യ’യുടെ ഭാഗമാണ്. ബി.ജെ.പി ഇവിടെ ശക്തിയല്ല. രാഹുൽ ഗാന്ധിക്ക് കേരളത്തിൽ ഒരു സുരക്ഷിത മണ്ഡലം കൊടുക്കുന്നതിൽ തെറ്റില്ല.
ഉത്തരേന്ത്യയിൽനിന്ന് ബി.ജെ.പിക്ക് ഇക്കുറി കൂടുതൽ കിട്ടാനില്ല. അവർ ദക്ഷിണേന്ത്യയിലേക്ക് ഇറങ്ങി. അവസരവാദികൾ ബി.ജി.പിയിലേക്ക് പോകുന്നത് നോക്കേണ്ട. നിതീഷ്കുമാർ പോയിട്ടും ബിഹാറിൽ അണികൾ ലാലുവിന്റെ കൂടെയാണ്. യു.പിയിൽ ക്ഷേത്രം നിർമിച്ചുകഴിഞ്ഞു.അതോടെ ഗ്യാൻവ്യാപി എന്ന രണ്ടാമത്തെ റോക്കറ്റ് കത്തിച്ചു. നിങ്ങൾ പറ്റുന്ന മാതിരി നോക്ക് എന്ന് ഇന്ത്യൻ മുസ്ലിംകൾ പക്വമാർന്ന നിലപാടെടുത്തു. ഇത് 91 അല്ല, 2024 ആണ്.
31 വർഷം മുമ്പുള്ള മുസൽമാനല്ല ഇന്ന്. അവർ പർദയിട്ടത് നോക്കണ്ട. അവരുടെ പർദ പുറത്തിറങ്ങാനുള്ള ലൈസൻസാണ്. മുസ്ലിം ഒരുപാട് മുന്നോട്ടുപോയി. ആർ.എസ്.എസിനെ നേരിടാൻ മുസ്ലിം കമ്യൂണിറ്റി കണ്ടുപിടിച്ച മാർഗം അവരെ അവരുടെ വഴിക്ക് വിടുക, നമ്മൾ നമ്മുടെ കാര്യം നോക്കുക എന്നതാണ്. മുസ്ലിം സമുദായത്തിന് ആശങ്കയുണ്ട്.പക്ഷേ,അവർ പേടിച്ചിരിക്കുകയല്ല.
കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാനാർഥി ലിസ്റ്റ് എല്ലാ വിഷയത്തിലും തോറ്റ കുട്ടിയുടെ പ്രോഗ്രസ് കാർഡ് പോലെയാണ്. രാജീവ് ചന്ദ്രശേഖരനെ തിരുവനന്തപുരത്തെ പാർട്ടിക്കാർ കണ്ടിട്ടുണ്ടോ? പിതാവ് പ്രതിരോധമന്ത്രി ആയിരിക്കെ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നെങ്കിൽ ഷേക്ക്ഹാൻഡ് കൊടുത്തേനെ. തൃശൂരിൽ എന്തൊക്കെയാണ് സുരേഷ് ഗോപി കാട്ടിക്കൂട്ടുന്നത്.
പ്രഖ്യാപിത ഹിന്ദു മാതാവിന് വഴിപാട് കൊടുക്കുന്നത് നല്ല കാര്യമാണ്. അത് മാറ്റുരച്ച് നോക്കേണ്ടതില്ല. മാറ്റുരച്ച് നോക്കപ്പെട്ടത് അദ്ദേഹത്തിന്റെ സെക്യുലർ ക്രിഡൻഷ്യലാണ്. ആർ.വി. ബാബുവിന്റെ പ്രസ്താവനയിൽ തൃശൂരിലെ ക്രൈസ്തവസമൂഹം ഞെട്ടിയിരിക്കുകയാണ്. ലാളിത്യംകൊണ്ട് ജനങ്ങളുടെ ഹൃദയം നേടിയ നേതാക്കളാണ് തൃശൂരിലേത്. അവിടെ ജാഡയും പോസും പറ്റില്ല. തൃശൂർ പൂരത്തിന്റെ മേളത്തിന് വി.ഐ.പി ഗാലറിയില്ലെന്ന് ഓർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.