രാജ്യത്ത് മോദി തരംഗമുണ്ടെന്ന് തെറ്റായ പ്രചാരണം നടത്തിയത് ബി.ജെ.പിയുടെ പരാജയഭീതി കൊണ്ടാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെ തകർക്കണമെന്ന ലക്ഷ്യത്തോടെ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ പ്രവർത്തിക്കുകയാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങൾക്ക് ഒരുപോലെ അനഭിമതരാണെന്നും ഇരുവരും മത ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യസഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്ന കാര്യം വളരെ വ്യക്തമായി വരികയാണ്. കണക്ക് വെച്ച് പറയാം. കേരളത്തിൽ 20, തമിഴ്നാട്ടിൽ 40,കർണാടകയിൽ20, തെലുങ്കാനയിൽ 10, മഹാരാഷ്ട്രയിൽ 35 സീറ്റുകൾ ഇൻഡ്യസംഖ്യത്തിന് ലഭിക്കും.
ഡൽഹിയിലും പഞ്ചാബിലും ആം ആത്മി പാർട്ടിയും നല്ല മുന്നേറ്റം നടത്തും. ബീഹാറിൽ പകുതി സീറ്റ്, ബംഗാളിൽ മമത നേടുന്ന സീറ്റ് ഇതെല്ലാം ഇൻഡ്യസഖ്യത്തിന് ലഭിക്കും. ഇങ്ങനെ കണക്ക് പരിശോധിച്ചാൽ ഇൻഡ്യമുന്നണി അധികാരത്തിൽ വരാനുള്ള എല്ലാ സാധ്യതയും ഒത്തുവന്നിരിക്കയാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 35 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. ബാക്കി 65 ശതമാനം വോട്ട് ഏകീകരിക്കുന്ന പണിയാണ് ഇൻഡ്യസംഖ്യം ചെയ്തുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലടക്കം കോൺഗ്രസ് അങ്ങേയറ്റം വിട്ടുവീഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കിയത് അതിന്റെ ഭാഗമാണ്.
ഒരു മോദി തരംഗവുമില്ല. 400 സീറ്റ് കിട്ടുമെന്ന് പ്രചരിപ്പിച്ചത് പരാജയഭീതി കൊണ്ടാണ്. രാജ്യത്ത് ജനത്തിന് മടുത്തിരിക്കയാണ്. തോൽക്കുമെന്ന ഭയം കൊണ്ടാണ് സി.എ.എ പോലുള്ള വിഷയങ്ങൾ കൊണ്ടു വന്നത്. ഇപ്പോൾ നേതാക്കളുടെ ഭക്ഷണം പോലും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ്. ബി.ജെ.പി തോൽവി ഉറപ്പിച്ചതിന്റെ ലക്ഷണമാണ് കാണിക്കുന്നത്.
അത് ചർച്ചയാവാതിരിക്കാനാണ് വർഗീയ വിഷയങ്ങൾ എടുത്തിടുന്നത്. ബി.ജെ.പി സെറ്റ് ചെയ്യുന്ന അജണ്ട കേരളത്തിൽ സി.പി.എം ഏറ്റെടുക്കുകയാണ്. രണ്ട് പാർട്ടിയുടെയും ലക്ഷ്യം കോൺഗ്രസിനെ ഇല്ലാതാക്കുകയാണ്. നരേന്ദ്രമോദിയും പിണറായി വിജയനും മതധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.
അവർ രണ്ടു പേരും ജനങ്ങൾക്ക് അനഭിമതരാണ് ഇന്ന്. മുസ്ലീംകളെ ശത്രുപക്ഷത്ത് നിർത്തി ഹിന്ദു വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്ലിംകളുടെ രക്ഷകർ തങ്ങൾ മാത്രമാണെന്ന് വരുത്തിത്തീർത്ത് വോട്ട് വാങ്ങാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതു രണ്ടും കേരളത്തിൽ വിലപ്പോവില്ല. ഇരു സർക്കാറുകളുടെയും ഭരണം എത്രത്തോളം ദുരന്തമാണെന്ന കാര്യം ഞങ്ങൾ പ്രചാരണത്തിൽ കൊണ്ടു വരും.
ബി.ജെ.പിയുടെയും സംഘ് പരിവാറിന്റെയും ബോധപൂർവമായ അജണ്ടയുടെ ഭാഗമാണത്. ഇതിൽ അറിഞ്ഞോ അറിയാതെയോ സി.പി.എം കക്ഷിയാവുന്നു. സി.പി.എമ്മിന്റെ സൈബർ വിഭാഗമാണ് ഇതിന് പ്രോൽസാഹനം നൽകുന്നത്.
യു.ഡി.എഫിനോട് അഥവാ കോൺഗ്രസിനോട് ചേർന്നു നിൽക്കുന്ന സമുദായങ്ങളിൽ ഭിന്നിപ്പുണ്ടാക്കി അതിൽ നിന്ന് നേട്ടം കൊയ്യാനാവുമോ എന്നാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ ദുർബലമാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. അതു തന്നെയാണ് സി.പി.എമ്മും ചെയ്യുന്നത്. മതന്യൂനപക്ഷങ്ങൾ വിദ്വേഷപ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഈ ഘട്ടത്തിൽ പറയാനുള്ളത്.
ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവില്ല. തൃശൂരും തിരുവനന്തപുരവുമൊക്കെയായിരുന്നു അവരുടെ പ്രതീക്ഷ. തൃശൂരിൽ കെ. മുരളീധരൻ രാംഗത്തിറങ്ങിയതോടെ നേമം ആവർത്തിക്കും. തിരുവനന്ത പുരത്തും കോൺഗ്രസ് ജയിക്കും. വടകരയിൽ ഷാഫി പറമ്പിൽ പാട്ടും പാടി ജയിക്കും.
നൂറ് ശതമാനം അടിസ്ഥാനമുണ്ട്. ഉദാഹരണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത് 40 ശതമാനം വോട്ട്. എൽ.ഡി.എഫിന് ലഭിച്ചത് 44 ശതമാനം വോട്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ നേടിയത് 14 ശതമാനം വോട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 10 ശതമാനം വോട്ട്. ലോക് സഭതെരഞ്ഞെടുപ്പിൽ അവർ നേടിയ 14ൽ നാല് ശതമാനം വോട്ട് നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചു.
ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം കോൺഗ്രസ് മുക്തഭാരതമാണ് അവരുടെ ലക്ഷ്യം. സി.പി.എമ്മും ആഗ്രഹിക്കുന്നത് കോൺഗ്രസ് തകരണമെന്നാണ്. മോദിയെയോ അമിത് ഷായെയോ പിണറായി വിജയൻ എവിടെയും പേരെടുത്ത് വിമർശിക്കില്ല. രാഹുലിനെ നിരന്തരം വിമർശിക്കും. ഇത് മോദിയുടെ ഗുഡ്ലിസ്റ്റിൽ വരാനാണ്.
കേസുകളുടെ കാര്യം നോക്കൂ. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്. കേരളത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ എന്തെല്ലാം കേസുകൾ ഉണ്ട്. സ്വർണക്കടത്ത് കേസിൽ ഒരു നോട്ടിസ് പോലും മുഖ്യമന്ത്രിക്ക് ലഭിച്ചില്ലല്ലോ. ലാവ്ലിൻ കേസ് 39 തവണയാണ് കോടതി മാറ്റിവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ ഒരു അന്വേഷണവും നടക്കുന്നില്ലല്ലോ. ഇതൊക്കെയാണ് അന്തർധാര. തെരഞ്ഞെടുപ്പിന് മുമ്പ് ശ്രീ എമ്മിന്റെ നതൃത്വത്തിൽ തിരുരവനന്തപുരത്ത് ചർച്ച നടന്നിട്ടുണ്ട്. ഈ അന്തർധാര ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായകമാവുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നുണ്ട്. അതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് ഞങ്ങൾ.
സി.പി.എം ഇത്തവണ മത്സരിക്കുന്നത് അവരുടെ ചിഹ്നം നില നിർത്താനാണ്. യു.ഡി.എഫ് മത്സരിക്കുന്നത് രാജ്യത്തെ മതേതരത്വം നില നിർത്താനാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ്. സി.എ.എ വിഷയത്തിൽ സി.പി.എം അധരവ്യായാമം നടത്തി മുസ്ലിം ന്യൂനപക്ഷ വോട്ട് നേടാൻ നോക്കുകയാണ്. സി.എ.എക്കെതിരെ കോടതിയിൽ പോയത് താനും മുസ്ലീംലീഗുമാണ്.സി.പി.എം കോടതിയിൽ പോയില്ല. പൗരത്വസമര കേസുകൾ പിൻവലിക്കുകപോലും ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.