പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്മാന്ത മുസ്ലിം രാഷ്ട്രീയത്തിലൂടെ ബിഹാർ ബി.ജെ.പിയുടെ നേതൃതലത്തിലേക്ക് ഉയർന്ന ബി.ജെ.പി നേതാവാണ് മാധ്യമ വിഭാഗം ചുമതലയുള്ള ഡാനിഷ് ഇഖ്ബാൽ. ബിഹാർ മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങവേ പട്നയിലെ ബി.ജെ.പി തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസിലിരുന്ന് ഡാനിഷ് അൻസാരി ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബിഹാറിലെ ഒമ്പത് മണ്ഡലങ്ങളിലും എൻ.ഡി.എ ജയിക്കും. എല്ലാ വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ കിട്ടുന്നുണ്ട്. ഇതുവരെ മോദി ചെയ്തു കാണിച്ചു തന്നതിനും വരാനിരിക്കുന്ന നാളുകളിൽ രാജ്യത്തിന്റെ ഭാവിക്കായി മോദി സമർപ്പിച്ച വിഷനുമാണ് ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്തത്. 10 വർഷത്തെ മോദി ഗ്യാരന്റിയിലാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയം മോദിയുടെ ഗ്യാരന്റിയാണ്. അതിനാൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിൽ മാത്രമല്ല, വരാനിരിക്കുന്ന എല്ലാ ഘട്ടങ്ങളിലും മോദിക്കായിരിക്കും വിജയം. കഴിഞ്ഞ തവണ കിഷൻഗഞ്ച് ലോക്സഭാ മണ്ഡലം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഇത്തവണ കിഷൻഗഞ്ചിലും എൻ.ഡി.എ തന്നെ വിജയിക്കും.
നരേന്ദ്ര മോദിയെ 2014ൽ അധികാരത്തിലേറ്റിയതോടെ രാജ്യത്ത് ജാതിവാദത്തിന്റെയും കുടുംബവാഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയത്തിന് ജനങ്ങൾ അറുതി വരുത്തി. വികസനം മാത്രം അജണ്ടയായി. മോദി സർക്കാറിന്റെ 10 വർഷത്തെ റിപ്പോർട്ട് കാർഡുമായിട്ടാണ് ഞങ്ങൾ വോട്ടർമാരെ സമീപിക്കുന്നത്. എല്ലാ ജാതി രാഷ്ട്രീയവും മോദി വന്നതോടെ അവസാനിച്ചു.
ശരിക്കും കിഷൻ ഗഞ്ച് ജയിക്കുകയെന്ന ഏക ലക്ഷ്യമേ ഇത്തവണ ഞങ്ങൾക്കുള്ളൂ. കഴിഞ്ഞ തവണ 39 മണ്ഡലങ്ങളിലും എൻ.ഡി.എ ജയിച്ചപ്പോൾ കിട്ടാതെ പോയത് ഈയൊരു മണ്ഡലമാണ്. എന്നാൽ, ഇത്തവണ ബിഹാറിലെ 40ൽ 40ഉം എൻ.ഡി.എ നേടണം. അത് നേടുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തരമൊരു ആത്മവിശ്വാസത്തിനാധാരം.
കശ്മീരിന് പ്രത്യേകാവകാശം നൽകിയ ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതും മുത്തലാഖ് ഇല്ലാതാക്കിയതും രാമക്ഷേത്രം യാഥാർഥ്യമാക്കിയതും മോദിയല്ലാതെ മറ്റൊരു ഭരണാധികാരിക്കും കഴിയുന്നതായിരുന്നില്ല. കോൺഗ്രസ് ആയിരുന്നുവെങ്കിൽ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് രാമക്ഷേത്ര വിഷയം ഇന്നും പരിഹരിക്കുമായിരുന്നില്ല. മോദിയുടെ 10 വർഷം ഐതിഹാസികവും സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നതുമാണ്.
പിന്നാക്ക ദലിത് ദരിദ്ര വിഭാഗങ്ങളുടെ ജീവിതത്തിലെ വെളിച്ചമായി ഗ്രാമീണ മേഖലയിൽ വൈദ്യുതിയും ഗ്യാസ് കണക്ഷനും എത്തിച്ചു. അവരുടെ അന്തസ്സ് കാത്ത് ശൗചാലയങ്ങളും വീടുകളും പണിതു. ദരിദ്രർക്ക് അഞ്ചുലക്ഷം വരെ ചികിത്സ സൗജന്യമാക്കി.
ജൻധൻ വഴി 50 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറന്നു. ഇതൊന്നും ഹിന്ദു - മുസ്ലിം നോക്കിയല്ല ചെയ്തത്. ഇന്ത്യൻ പാസ്പോർട്ടുള്ള ഒരാളുടെ മഹത്വം ലോകത്തെങ്ങുമുയർത്തുന്ന വിധം മോദി വിശ്വപ്രസിദ്ധനായി. മോദിക്കുള്ള ഓരോ വോട്ടും ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ളതാണെന്ന് ബിഹാറിലെ ജനങ്ങൾക്കറിയാം.
രാമക്ഷേത്രത്തിനെതിരെ ബാബരി മസ്ജിനായി മുസ്ലിം പക്ഷത്തുനിന്ന് കേസ് നടത്തിയ അൻസാരി കുടുംബം സുപ്രീംകോടതി വിധി ഉൾക്കൊണ്ട് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രധാനമന്ത്രിയുടെ കഴിവാണ് ഇതിൽ കണ്ടത്.
മോദി മതേതരനായ പ്രധാനമന്ത്രി ആയതുകൊണ്ടാണ് മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ദലിത് മുസ്ലിംകളോ പിന്നാക്ക വിഭാഗങ്ങളോ അതി പിന്നാക്ക വിഭാഗങ്ങളോ പശ്മാന്ത മുസ്ലിംകളോ ആകട്ടെ, അവരെയെല്ലാം മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.
സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലായിരുന്നു. മുസ്ലിംകളിൽ 75 ശതമാനവും പശ്മാന്ത മുസ്ലിംകൾ എന്ന് വിളിക്കുന്ന ദരിദ്ര ദലിത് പിന്നാക്ക പീഡിത മുസ്ലിം ജാതികളാണ്. അവരെയും പിന്നാക്കക്കാർക്കുള്ള വിശ്വകർമ യോജനയുടെ ഗുണഭോക്താക്കളാക്കി.
ഹിന്ദു - മുസ്ലിം നോക്കിയല്ല ഇതൊന്നും ചെയ്തത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായം മുസ്ലിംകളാണ്. അപ്പോൾ ക്ഷേമ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അവരാകും. മോദി സർക്കാറിന്റെ നയങ്ങളുടെ ഗുണഭോക്താക്കൾ വീണ്ടും അതേ സർക്കാറിനെ തെരഞ്ഞെടുക്കും.
ഇന്ത്യ മുന്നോട്ടുനീങ്ങുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണത്തിന് നിർദേശവുമില്ല. രാജ്യത്ത് മുസ്ലിം സംവരണത്തിനായി നിരന്തരം സംസാരിക്കുന്നവർ ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ആർ. അംബേദ്കറെയുമാണ് അപമാനിക്കുന്നത്. രാജ്യത്ത് സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലാണ് സംവരണത്തിന് വ്യവസ്ഥയുള്ളത്.
ദലിത് മുസ്ലിംകൾക്കും ഒ.ബി.സി മുസ്ലിംകൾക്കും നിലവിൽ തന്നെ സംവരണത്തിന് വ്യവസ്ഥയുണ്ട്. സംവരണത്തിന്റെ പ്രയോജനം അവർ അനുഭവിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ മുസ്ലിംകൾക്കും സംവരണം വേണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ വിദേശി മുസൽമാനും അതിലുൾപ്പെടും. ഈ രാജ്യത്ത് രണ്ടുതരം മുസ്ലിംകളുണ്ട്. അക്രമികളും കൊള്ളക്കാരുമായ മുഗളർക്കൊപ്പം ഇന്ത്യയിൽ വന്ന മുസ്ലിംകളാണ് ഒന്ന്.
അവർ കേവലം 15 ശതമാനമാണ്. ബാക്കിയുള്ള 85 ശതമാനവും ഇന്ത്യയിലെ മൂല നിവാസികളായ മുസ്ലിംകളാണ്. ഭാരതത്തിന്റെ രക്തവും മണ്ണും അലിഞ്ഞുചേർന്നവരാണവർ. അവർക്ക് നിലവിൽതന്നെ സംവരണത്തിന് വ്യവസ്ഥയുണ്ട്. എന്നാൽ, വിദേശി മുസ്ലിംകൾക്കും സംവരണം വേണമെന്നാണ് അവരുടെ ആവശ്യം. ഒ.ബി.സി സംവരണം തട്ടിയെടുത്ത് തങ്ങൾക്ക് നൽകണമെന്നാണ് അവരുടെ ആവശ്യം. നരേന്ദ്ര മോദിയും ബി.ജെ.പിയും ഉള്ളിടത്തോളം ഇത് അനുവദിക്കില്ല.
ബിഹാറിൽ ജാതി സർവേ നടത്താൻ തീരുമാനമെടുത്ത സർക്കാറിൽ ബി.ജെ.പിയും പങ്കാളിയായിരുന്നു. ബി.ജെ.പിയുടെ രണ്ട് ഉപമുഖ്യമന്ത്രിമാർ കൂടി അടങ്ങുന്ന മന്ത്രിസഭയാണ് ഈ ഫയലിൽ തീരുമാനമെടുത്തത്. നിർഭാഗ്യവശാൽ
അപ്പോഴേക്കും നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം വിട്ട് ആർ.ജെ.ഡിയുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കി. തേജസ്വി യാദവ് തന്റെ മേധാവിത്വം ഉപയോഗിച്ച് അതിന്റെ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി. എന്നാൽ, ജാതി സെൻസസിനെ കുറിച്ച് ഇപ്പോൾ പറയുന്ന കോൺഗ്രസ് രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും അവരുടെ സർക്കാർ ഉണ്ടായിട്ടും ജാതി സർവേ നടത്തിയില്ല. ജാതി സർവേ നടത്തുന്നതിൽനിന്ന് ഒരു സംസ്ഥാനത്തെയും മോദി തടഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.