? എന്തുകൊണ്ട് നേമം വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു?
കഴിഞ്ഞ തവണ യു.ഡി.എഫിെൻറ നേമത്തെ ദയനീയ പ്രകടനം മുന്നണിക്കും കോൺഗ്രസിനും ഒരുപാട് ചീത്തപ്പേരുണ്ടാക്കി. വോട്ട് ബി.ജെ.പിക്ക് മറിച്ചുകൊടുത്തിട്ടാണ് ഒ. രാജഗോപാൽ ജയിച്ചതെന്ന് ദുഷ്പേരുണ്ടായി. മാത്രമല്ല, നേമം വെച്ച് ബി.ജെ.പിയുമായി രഹസ്യധാരണയിലാണ് യു.ഡി.എഫ് എന്ന പ്രചാരണം എൽ.ഡി.എഫ് അഞ്ചു വർഷമായി വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു. അതു രണ്ടും പൊളിക്കുക മാത്രമല്ല നേമത്തെ മത്സരത്തിലൂടെ ചെയ്യുന്നത്. ബി.ജെ.പി കഴിഞ്ഞ തവണ ജയിച്ച മണ്ഡലത്തിൽ പാർട്ടിയുടെയും മുന്നണിയുടെയും പോരാട്ടം വർഗീയ കക്ഷികൾക്കെതിരെയാണ്. അതിൽ ജയിക്കാനാണ് പാർട്ടി എന്നെ ചുമതലപ്പെടുത്തിയത്.
? വട്ടിയൂർക്കാവിൽ നിന്ന് വടകര, വടകരയിൽ നിന്ന് നേമം. മറ്റാരുമില്ലേ പാർട്ടിയിൽ?
അതങ്ങനെയല്ല. അക്രമ രാഷ്ട്രീയത്തിനെതിരായ വെല്ലുവിളിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റെടുക്കേണ്ടിയിരുന്നത്. ഞാൻ മാത്രമല്ല, വേറെയും എം.എൽ.എമാർ മത്സരിച്ചു. നേമത്ത് വർഗീയ ശക്തികളെയാണ് നേരിടേണ്ടത്. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാക്കളിൽ ആരെങ്കിലും നേമത്ത് മത്സരിച്ച് എൽ.ഡി.എഫ് പ്രചാരണത്തിെൻറ മുനയൊടിക്കണമെന്നും പാർട്ടിയും മുന്നണിയും തീരുമാനിച്ചിരുന്നു. അതനുസരിച്ച് പലരെ പരിഗണിച്ച കൂട്ടത്തിലാണ് എന്നെയും പരിഗണിച്ചത്. മറ്റൊരു കാരണം കൂടിയുണ്ട്. നേമത്തോട് ചേർന്നുകിടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. അവിടെ എട്ടു വർഷം പ്രവർത്തിച്ച സമയത്ത് നേമത്തെ പല കാര്യങ്ങളിലും സംഘടനാ വിഷയങ്ങളിലുമൊക്കെ പങ്കുചേരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ഡലവുമായി പരിചയമുള്ള വ്യക്തി എന്ന നിലയിൽ മുൻഗണനയും ലഭിച്ചു.
? എന്തുകൊണ്ട് ഉമ്മൻ ചാണ്ടി വന്നില്ല?
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ അവിഭാജ്യ ഘടകമാണ്. ഒട്ടേറെ വർഷങ്ങളായി ഉമ്മൻ ചാണ്ടി എന്നാൽ പുതുപ്പള്ളിയും പുതുപ്പള്ളി എന്നാൽ ഉമ്മൻ ചാണ്ടിയുമാണ്. അവിടെ നിന്ന് പെട്ടെന്ന് മാറിയാൽ, അദ്ദേഹത്തിന് എവിടെ നിന്നും ജയിക്കാം. പക്ഷേ, പുതുപ്പള്ളി കോൺഗ്രസിന് നഷ്ടപ്പെട്ടെന്നു വരും. അതുകൊണ്ട്, അദ്ദേഹം തയാറായിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ പുതുപ്പള്ളിയിൽ തന്നെ നിയോഗിച്ചു.
? ബി.ജെ.പിയുടെ ഏക സീറ്റായിട്ടും അനുപാതം വിട്ട പരിഗണന നേമത്തിന് കോൺഗ്രസ് കൽപിച്ചു കൊടുത്തോ? നേമത്തെ അന്താരാഷ്ട്ര മണ്ഡലമാക്കി പാർട്ടി ചിത്രീകരിച്ചോ?
അത് ബി.ജെ.പി-സി.പി.എം ഗൂഢാലോചനയാണോ എന്നുപോലും എനിക്ക് സംശയുണ്ട്. നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണെന്ന രീതിയിൽ പ്രചാരണം വന്നു. ദുർബല സ്ഥാനാർഥിയെ നിർത്തി വോട്ടു മറിക്കാൻ നേമത്ത് വീണ്ടും കളി നടക്കുന്നുവെന്ന് പറഞ്ഞു. അപ്പോൾ പാർട്ടിക്ക് മറുപടിപറയേണ്ടി വന്നു. ജാഗ്രതയോടെ പാർട്ടിയും മുന്നണിയും നീങ്ങി.
നേമം പോലൊരു ഉദാഹരണമാണ് മലമ്പുഴ. അവിടെ വീരേന്ദ്രകുമാർ മുന്നണി വിട്ടപ്പോഴും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്ന ജോൺ ജോണിനാണ് സീറ്റ് കൊടുത്തത്. അദ്ദേഹം പാലക്കാട് ജില്ലക്കാരനാണ്. മുമ്പ് കേരള ജനതാ പാർട്ടിയുടെ പ്രസിഡൻറായിരുന്നു. ആ പാർട്ടിക്ക് പാലക്കാട്ട് നേരത്തേ നല്ല സ്വാധീനമുണ്ടായിരുന്നു. അങ്ങനെയൊരാളെയാണ് മലമ്പുഴയിൽ പരിഗണിച്ചത്. പക്ഷേ, ദുഷ്പ്രചാരണം വന്നു. നേമത്തിനു പകരം മലമ്പുഴ വെച്ചാണ് അഡ്ജസ്റ്റ്മെൻറ് എന്നായി പ്രചാരണം. അതുകൊണ്ട്, അദ്ദേഹത്തെ കാര്യം പറഞ്ഞു മനസ്സിലാക്കി സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കുകയാണ്.
? നേമത്തെ ജയസാധ്യത? നേമം കോൺഗ്രസിെൻറയോ ഘടകകക്ഷികളുടെയോ ശക്തികേന്ദ്രമല്ല...
ഒ. രാജഗോപാൽ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് വ്യക്തിപരമായ വോട്ടു കിട്ടിയതുകൊണ്ടാണ് ജയിച്ചത്, ഭാവിയിൽ അതു കിട്ടണമെന്നില്ല എന്ന്. അതുകൊണ്ട് നേമത്ത് നല്ലൊരു മത്സരം കാഴ്ചവെച്ചാൽ ജയിക്കാൻ കഴിയും. കോൺഗ്രസ് മത്സരിക്കുേമ്പാൾ ആവേശമുണ്ടാകും. വളരെ അനുകൂലമായ പ്രതികരണങ്ങളാണ് എല്ലാ ഭാഗത്തുനിന്നും വരുന്നത്.
പല മണ്ഡലങ്ങളിലും അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴും നേമത്ത് പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. കഴിഞ്ഞ തവണ 10 ശതമാനം വോട്ടാണ് കിട്ടിയതെന്നത് ശരിയാണ്. എന്നാൽ, വിപരീത ഘടകങ്ങൾ മാറ്റിയെടുക്കുകയാണ് യു.ഡി.എഫിെൻറ ലക്ഷ്യം. അത് സാധിക്കുമെന്നാണ് വിശ്വാസം. നേമം മുമ്പ് കോൺഗ്രസിെൻറ ശക്തികേന്ദ്രമായിരുന്നു. പക്ഷേ, രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവി പാർട്ടിയുടെ അടിത്തറ ദുർബലമാക്കി. അത് ഇത്തവണ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. നേമത്തെ നല്ലൊരു നിയോജക മണ്ഡലമാക്കി മാറ്റുകയാണ് എെൻറ ലക്ഷ്യം. അതിനനുസരിച്ച പ്രവർത്തനങ്ങൾ തുടങ്ങാൻ പോവുകയാണ്.
? ഹൈകമാൻഡ് വിളിച്ചിട്ടാണോ ഇപ്പോഴത്തെ ഡൽഹി യാത്ര?
അല്ല. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് വന്നത്. നേരത്തേ തീരുമാനിച്ച യാത്രയാണ്. അതിനിടെയാണ് പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അത്യാവശ്യം കുറച്ചു കാര്യങ്ങൾ പാർലമെൻറിൽ ചെയ്യാനുണ്ട്. അതു കഴിഞ്ഞാൽ മണ്ഡലത്തിലേക്ക് പോകും.
? നേമത്ത് മത്സരിക്കുേമ്പാൾ പാർട്ടിയുടെ ഓഫർ, സ്ഥാനാർഥിക്ക് പാർട്ടിയോടുള്ള ഡിമാൻറ്, എന്താണ്? ഈ ചലഞ്ച് ഏറ്റെടുക്കുക വഴി പാർട്ടിയിലും ഭരണത്തിനും നേതൃപരമായ പ്രാമുഖ്യം പ്രതീക്ഷിക്കുന്നില്ലേ?
ഒരു ഓഫറുമില്ല. ഒരു ചലഞ്ച് ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ ചലഞ്ച് ഏറ്റെടുക്കും. അങ്ങനെ വരുേമ്പാൾ ഒരു ഡിമാൻറും വെക്കില്ല. പാർട്ടി വെല്ലുവിളി ഏറ്റെടുക്കാൻ പറഞ്ഞാൽ പ്രതിഫലം ചോദിക്കുന്ന പാരമ്പര്യം കെ. കരുണാകരെൻറ കുടുംബത്തിനില്ല. നിയോജക മണ്ഡലം പിടിച്ചെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. അത് നിർവഹിക്കുകയാണ് എെൻറ ചുമതല. എന്നെ വിശ്വസിച്ച് ഏൽപിച്ച ചലഞ്ചാണ്. വിശ്വസിച്ച് ഏൽപിച്ചതിൽ എനിക്ക് സംതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.