റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 75ാം നാളിലേക്ക് കടക്കുന്നു. പോരാട്ടത്തിെൻറ ഗതിയും ഭാവിയും അനിശ്ചിതത്വത്തിൽ തുടരവെ റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിെൻറ ഉപദേശകൻ വലേരി ഫദേയേവുമായി വിഖ്യാത മാധ്യമപ്രവർത്തകൻ സഈദ് നഖ്വി സംസാരിച്ചു. സംഭാഷണത്തിെൻറ പ്രസക്തഭാഗങ്ങൾ:
യുദ്ധം അനന്തമായി നീളുന്നു, സമാധാനത്തിന് ഫോർമുലകളൊന്നും തെളിയുന്നില്ലേ?
സമാധാനത്തിന് ഒരൊറ്റ ഫോർമുലയേയുള്ളൂ, യുക്രെയ്നിയൻ സൈന്യം പൂർണമായി കീഴടങ്ങുക
അത്യാധുനിക പടക്കോപ്പുകളും പണവും വാരിക്കോരി ചെലവിടാനും ചോരയൊഴുക്കാനും പടിഞ്ഞാറൻ രാജ്യങ്ങളെ ക്ഷണിക്കലാവില്ലേ ഇത്; അഫ്ഗാനിസ്താനിൽ അമേരിക്ക നിങ്ങളുടെ ചോരയൊഴുക്കിയപോലെ?
അഫ്ഗാനുമായുള്ള താരതമ്യം ശരിയല്ല. സോവിയറ്റ് യൂനിയൻ അവിടെ 10 വർഷമാണ് യുദ്ധംചെയ്തത്. സൈന്യത്തിന്റെ സകല യുദ്ധോപകരണങ്ങളും ആയുധങ്ങളും മടക്കിക്കൊണ്ടുവരുകയും ചെയ്തു. അതൊരു സൈനിക തീരുമാനമായിരുന്നില്ല, രാഷ്ട്രീയതീരുമാനമായിരുന്നു. ഒരു തെറ്റായ തീരുമാനം
യുക്രെയ്ൻ യുദ്ധവും വർഷങ്ങളോളം നീണ്ടേക്കുമെന്നാണോ താങ്കൾ കരുതുന്നത്?
ഈ സംഘർഷം വർഷങ്ങൾ നീളുമെന്ന് ഞാൻ പറഞ്ഞിട്ടില്ല, പടിഞ്ഞാറുമായുള്ള സംഘർഷം ഇനിയും നീണ്ടേക്കാം. പക്ഷേ, യുക്രെയ്നിലെ ഈ പ്രത്യേക ഓപറേഷൻ ഉടനെ തന്നെ അവസാനിക്കാൻ സാധ്യതയുണ്ട്
യുദ്ധത്തിനിടയിൽ മേയ് ഒമ്പതിന് പുടിൻ നടത്തുന്ന വിജയദിന പ്രസംഗത്തിന് സവിശേഷ പ്രാധാന്യമില്ലേ?
തീർച്ചയായും ഉണ്ട്. തോറ്റുപോകുമായിരുന്ന ഹിറ്റ്ലറുമായുള്ള യുദ്ധത്തിൽ 26 ദശലക്ഷം റഷ്യക്കാർ നടത്തിയ ത്യാഗങ്ങളുടെ ഓർമകളെ തേച്ചുമാച്ചുകളയാനും അവഗണിച്ചില്ലാതാക്കാനും പടിഞ്ഞാറ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേക്കുറിച്ച് പുടിൻ ആകുലനാണ്. നാസിസത്തെയും പഴയ സോവിയറ്റ് യൂനിയനെയും തുലനംചെയ്യാനുള്ള ശ്രമങ്ങൾപോലുമുണ്ടായിരുന്നു. അപകടകരമായ ഒരു ചിന്ത പടിഞ്ഞാറ് പടച്ചുവിടുന്നുണ്ട്, അവർ ഹിറ്റ്ലറുടെ ജർമനിയേയും സോവിയറ്റ് റഷ്യയേയും താരതമ്യം ചെയ്യുന്നു, ആ അപകടകരമായ ചിന്തകൾ യുക്രെയ്നിലെ പരീക്ഷണശാലയിൽ കാര്യമായി പ്രവർത്തിച്ചുവെന്നാണ് നമുക്ക് കാണാനാവുന്നത്. യുക്രെയ്ൻ ജനതയിലെ ഒരുവിഭാഗത്തെ ഈ വിഷകരമായ ചിന്ത ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. മറ്റൊരു വിഭാഗമാവട്ടെ സോവിയറ്റ് യൂനിയനോട് പുറംതിരിഞ്ഞുനിൽക്കുകയും ചരിത്രത്തെക്കുറിച്ച് ഓർമക്കുറവ് നടിക്കുകയും ചെയ്യുന്നു. വൊളോദിമിർ സെലൻസ്കിയുടെ നേതൃത്വത്തിലെ നാസി ദേശീയതയുടെ അമ്പരപ്പിക്കുന്ന മിശ്രണംകൂടിയാകുമ്പോൾ എല്ലാം കണ്ണുമടച്ച് വിശ്വസിക്കാൻ നിർബന്ധിതരാവുന്നു. ഞെട്ടിപ്പിക്കുന്ന മറ്റൊരുകാര്യം മരിയുപോളിലും അസോവ് ഉരുക്കുനിർമാണ ശാലയിലും ഇസ്രായേലി കൂലിപ്പടയാളികൾ നാസി ദേശീയവാദികളുമായി തോളോടുതോൾ ചേർന്നാണ് പൊരുതിക്കൊണ്ടിരിക്കുന്നത് എന്നതാണ്.
(വലേരി ഫദേയേവ്, സഈദ് നഖ്വി)
ഉരുക്കുനിർമാണശാലയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഒരു കനേഡിയൻ ജനറലും ഫ്രഞ്ച് ഓഫിസർമാരും ഉണ്ടെന്ന് കേൾക്കുന്നു?
ഈ ചോദ്യത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഫ്രഞ്ച് ഉദ്യോഗസ്ഥരെക്കുറിച്ച് മറുപടി നൽകാനാവില്ല
(ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പുടിനുമായി നിരന്തരസംഭാഷണം നടത്തിയിരുന്നു. യുദ്ധത്തിലെ ഫ്രഞ്ച് പങ്കാളിത്തം പുറത്തുവന്നാൽ ജൂണിൽ നടക്കാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിച്ചേക്കുമോ എന്ന് മാക്രോൺ ഭയക്കുന്നുണ്ടാവാം. ഫ്രാൻസിൽ ഇടതുപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. അവരെങ്ങാനും സഭയിൽ ഭൂരിപക്ഷം നേടിയാൽ പ്രസിഡന്റിന് പിന്നെയൊരു തിരിച്ചുവരവ് അസാധ്യമായേക്കും.)
മരിയുപോളിലെ അസോവ് പ്ലാന്റിന്റെ ദുരൂഹത എന്താണ്?
ഞാനതിൽ വലിയ രഹസ്യമൊന്നും കാണുന്നില്ല. നാസി ദേശീയവാദികൾ കാര്യമായി തമ്പടിച്ചിട്ടുണ്ട് അവിടെ. സോവിയറ്റ് കാലത്ത് നിർമിച്ച തുരങ്കങ്ങൾക്കുള്ളിൽ തങ്ങുന്ന അസോവ് ബറ്റാലിയൻ ശരിക്കും ഉത്തേജിതരാണ്. അവർ നാസി സാഹിത്യങ്ങൾ വായിക്കുന്നു, ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നു, ഹിറ്റ്ലറെ ആരാധ്യനായി കാണുന്നു -അത്രതന്നെ. അസോവ് സംഘാംഗങ്ങളും അവരുടെ പടിഞ്ഞാറൻ ഉപദേശകരും ഒളിസങ്കേതത്തിൽനിന്ന് പുറത്തുവരാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, യൂറോപ്യൻ യൂനിയന് പുറത്തുള്ള രാജ്യങ്ങളിലെ കൂലിപ്പട അവരുടെ സഹായത്തിനായി എത്തിയേക്കുമെന്ന പ്രതീക്ഷ. രണ്ട്: യുദ്ധക്കുറ്റ ട്രൈബ്യൂണലിനെ അഭിമുഖീകരിക്കേണ്ടിവന്നേക്കും എന്ന ഭയം.
റഷ്യയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന യു.എസ് പ്രതിരോധ സെക്രട്ടറി ജന. ലോയ്ഡ് ഓസ്റ്റിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ?
2007 ഫെബ്രുവരി 10ന് മ്യൂണികിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽതന്നെ പുടിൻ പറഞ്ഞിരുന്നു -പടിഞ്ഞാറ് റഷ്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്. അതുകൊണ്ട് ജന. ഓസ്റ്റിന്റെ പ്രഖ്യാപനത്തിൽ പുതുമയേതുമില്ല. തൊണ്ണൂറുകളിൽതന്നെ പുടിൻ തുറന്നുപറയുന്നുണ്ട് യൂറോപ്പുമായി സഹകരിക്കാനും ചേർന്നുനിൽക്കാനും തയാറാണെന്ന്. ഏറെ സാധ്യതകളുള്ള നിരവധി സാമ്പത്തികപദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നാറ്റോയിൽ ചേരാനുള്ള റഷ്യയുടെ താൽപര്യവും അദ്ദേഹം അറിയിച്ചു. ഈ നിർദേശങ്ങളും താൽപര്യങ്ങളുമെല്ലാം നിരാകരിക്കപ്പെടുകയാണുണ്ടായത്. റഷ്യക്ക് ശരിയായ സുരക്ഷാ ആകുലതകളുണ്ട് എന്നകാര്യം മനസ്സിലാക്കാൻപോലും പടിഞ്ഞാറ് കൂട്ടാക്കുന്നില്ല.
യുദ്ധത്തിന്റെ ദൂരവ്യാപക ഫലങ്ങളെന്തൊക്കെയാവും?.
റഷ്യക്കെതിരായ ഉപരോധം യൂറോപ്പിനാണ് ദോഷം ചെയ്യുക. യൂറോപ്പിനെ ദുർബലപ്പെടുത്തുക എന്നത് അമേരിക്കയുടെ താൽപര്യമാണ്. നാറ്റോക്ക് പുറമെ ഒരു യൂറോപ്യൻ സൈന്യം സ്ഥാപിക്കുന്നതിനെ മൂന്നു പതിറ്റാണ്ടായി അമേരിക്ക എതിർത്തുപോരുകയാണ്. സോവിയറ്റ് യൂനിയന്റെ തകർച്ചയോടെ ഒരു വൻശക്തി എന്ന നിലയിൽ റഷ്യക്ക് നിലനിൽപുണ്ടാവില്ല എന്നാണ് യൂറോപ്പ് കണക്കുകൂട്ടിയത്. പടിഞ്ഞാറൻ മേൽക്കോയ്മ അംഗീകരിക്കാൻ താൽപര്യമില്ലാത്ത സുഹൃത്തുക്കളുടെ പിന്തുണയോടെ റഷ്യ ഉയിർത്തെഴുന്നേൽക്കുന്നത് പടിഞ്ഞാറിന് അംഗീകരിക്കാവുന്നതിലും അപ്പുറമായിരുന്നു. ചൈനയും അമേരിക്കയും തമ്മിലെ ഭൗമരാഷ്ട്രീയ സംഘട്ടനത്തിൽ ഞങ്ങളുടെ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം റഷ്യൻ നിലപാട് നിർണായകമായിരുന്നു.
യുദ്ധത്തിന്റെ പൊടിയടങ്ങിക്കഴിഞ്ഞാൽ അത് ലോകക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തായിരിക്കും?
ഒരുകാര്യം നിങ്ങൾ ശ്രദ്ധിക്കൂ-അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും അതിശക്തമായ സമ്മർദമുണ്ടായിട്ടും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടുവരുന്ന രാജ്യങ്ങളും റഷ്യക്കെതിരായ ഉപരോധങ്ങളെ പിന്തുണക്കുന്നതേയില്ല. ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് കൊളോണിയൽ കാലത്തെക്കുറിച്ച് വ്യക്തമായ ഓർമകളുണ്ട്, പടിഞ്ഞാറൻ രാജ്യങ്ങൾ എങ്ങനെയെല്ലാമാണ് ചൂഷണത്തിനിരയാക്കിയിരുന്നതെന്നും അവർക്കറിയാം.
റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വാർത്തകൾ...?
ഒരു തമാശ പറയാം, പണ്ട് ഒരു വയോധികൻ നടക്കാൻ പോകാറുണ്ട്, അദ്ദേഹത്തെ കാണുമ്പോൾ ആളുകൾ ചോദിക്കും ആരോഗ്യം എങ്ങനെയിരിക്കുന്നു? ആഹ് നന്നായി സ്വപ്നം കണ്ടോളൂ എന്നായിരുന്നു അദ്ദേഹം അവരോട് പ്രതികരിക്കാറ്.
-
അസോവ് പ്ലാന്റിനുള്ളിലെ പടിഞ്ഞാറൻ ഉദ്യോഗസ്ഥരുടെയും സൈനിക ജനറൽമാരുടെയും കൂലിപ്പടകളുടെയും വിവരങ്ങൾ വ്യക്തമാവുന്നതോടെ യുക്രെയ്നിന്റെ കഥ തീർച്ചയായും ഒരു വഴിത്തിരിവിലെത്തുമെന്ന് കരുതാം. രണ്ടാം ലോകയുദ്ധം ഒരുപാട് അത്ഭുതകരവും സാഹസികവുമായ രക്ഷപ്പെടലുകളുടെ കഥകൾ സമ്മാനിച്ചിരുന്നു. യുഗാണ്ടയിലെ എന്റബേയിൽ ഇസ്രായേൽ നടത്തിയ സൈനിക ഓപറേഷന്റെ ഓർമകളും സാധ്യതകളും പ്രതിധ്വനിക്കുന്നുണ്ടിപ്പോഴും. സ്റ്റീൽ പ്ലാന്റിനുള്ളിലെ വിലപിടിച്ച മുതലുകളെ കുഴപ്പമേതുമില്ലാതെ രക്ഷിച്ചെടുക്കാൻ എന്തെല്ലാം തന്ത്രങ്ങളാകും പ്രയോഗിക്കപ്പെടുക? തിരക്കഥയെഴുത്തുകാർ കൈകൾ തിരുമ്മി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.