കോൺഗ്രസ് തരംഗം സൃഷ്ടിക്കുന്നുവെന്നും ഭരണവിരുദ്ധ വികാരമിളകുമെന്നുമുള്ള വാദങ്ങൾ പരക്കുന്നതിനിടയിലും തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യുടെ നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് തരിമ്പും കുറവില്ല. സംസ്ഥാന ഭരണകൂടം 10 വർഷമായി രാജ്യത്തിന് മാതൃകയാണെന്നും കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) വിന്റെ നേതൃത്വത്തിലെ സർക്കാർ ഹാട്രിക് ഉറപ്പിക്കുമെന്നും തറപ്പിച്ചുപറയുന്നു കെ.സി.ആറിന്റെ മകനും തെലങ്കാനയിലെ വ്യവസായമന്ത്രിയുമായ പാർട്ടി വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ). തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കെ.ടി.ആർ ‘മാധ്യമ’വുമായി സംസാരിച്ചതിന്റെ പ്രധാന ഭാഗങ്ങൾ
തുടർച്ചയായ മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലേറും. ഹാട്രിക് ഭരണം കൈവരിച്ച തെന്നിന്ത്യയിലെ ആദ്യ മുഖ്യമന്ത്രി എന്ന റെക്കോഡ് കെ.സി.ആറിന് കൈവരും. കെ.സി.ആറിന്റെ നേതൃമികവിനും ഞങ്ങളുടെ പ്രവർത്തനത്തിനും ജനങ്ങൾ നൽകുന്ന അംഗീകാരമാണിത്.
119 അംഗ അസംബ്ലിയിൽ ഞങ്ങൾക്കിപ്പോൾ 88 സീറ്റാണുള്ളത്. ഇത്തവണ അതിലുമുയരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സംസ്ഥാന രൂപവത്കരണം കഴിഞ്ഞ് നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. അന്ന് പലവിധ ആശങ്കകളും ആരംഭപ്രശ്നങ്ങളുമുണ്ടായിരുന്നു.
ആ ഭരണകാലത്ത് ഞങ്ങൾ ജനക്ഷേമം ഉറപ്പാക്കിയതിനുള്ള ജനങ്ങളുടെ തൃപ്തിയിൽനിന്നാണ് 2018ൽ തുടർഭരണം ലഭിച്ചത്. നല്ല പ്രകടനം തുടരാനായതിനാൽ ഇക്കുറിയും ജനം ഞങ്ങളെ ചേർത്തുപിടിക്കും. നല്ല രീതിയിൽ ക്ഷേമപ്രവർത്തനം തുടരുന്ന ഒരു സർക്കാറിനെ ജനത തള്ളിക്കളയാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല.
ഞങ്ങളുടെ സർക്കാർ അത്ര മികവുറ്റ ഭരണമാണ് കാഴ്ചവെച്ചത്. എല്ലാ മേഖലയിലുമുള്ള ജനങ്ങളുടെ സർവതോമുഖ പുരോഗതിയും വികസനവും ഉറപ്പാക്കാൻ ഞങ്ങൾക്കായി. കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം നമുക്ക് നഷ്ടമായി, പിന്നെ കേന്ദ്ര സർക്കാറിന്റെ ശത്രുതാമനോഭാവവും പ്രയാസം സൃഷ്ടിച്ചിരുന്നു.
ഏതാനും ചില മണ്ഡലങ്ങളിലെ സിറ്റിങ് എം.എൽ.എമാർക്കെതിരെ ജനങ്ങൾക്ക് കുറച്ച് പരാതികളുണ്ടായിരുന്നു, പക്ഷേ, മൊത്തത്തിൽ സർക്കാറിനോട് അനിഷ്ടം തോന്നാവുന്ന യാതൊരു ഘടകവുമില്ല.
സത്യം പറഞ്ഞാൽ തെലങ്കാന രാഷ്ട്രീയത്തിൽ കെ.സി.ആറിന് പകരക്കാരനില്ല. അദ്ദേഹത്തിനു മാത്രമേ സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്കു നയിക്കാനാവൂ എന്ന് ജനം ഉറച്ച് വിശ്വസിക്കുന്നു. ഞങ്ങളും കോൺഗ്രസും തമ്മിലാണ് മത്സരം. അവരുടെ മുൻകാല ചെയ്തികൾ അറിയുന്ന ജനം കോൺഗ്രസിനെ വിശ്വസിക്കില്ലെന്നുറപ്പാണ്. 40 മണ്ഡലങ്ങളിൽ നിർത്താൻ സ്ഥാനാർഥികൾപോലുമില്ലാതെ മറ്റു പാർട്ടികളിൽനിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു കോൺഗ്രസ്.
മത്സരം തുടങ്ങുംമുമ്പേ തോറ്റ അവസ്ഥയിലാണ് ബി.ജെ.പി. കഴിഞ്ഞ തവണ 105 സീറ്റിൽ അവർക്ക് കെട്ടിവെച്ച കാശ് നഷ്ടമായി, ഇക്കുറി മുഴുവൻ സീറ്റിലും അതാവർത്തിക്കും. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റുപോലും കിട്ടുന്ന കാര്യം സംശയമാണ്.
നിങ്ങൾ ഓർമിക്കുന്നുണ്ടോ എന്നറിയില്ല, 2018ലും അവർ ഇതുപോലുള്ള അവകാശവാദങ്ങൾ ഉയർത്തിയിരുന്നു. എന്നിട്ടോ, ഫലം വന്നപ്പോൾ കിട്ടിയത് 19 സീറ്റ്. ഇത്ര വീമ്പിളക്കലൊക്കെ നടത്തുന്നുണ്ടെങ്കിലും 20 സീറ്റിനു മുകളിൽ അവർക്കു കിട്ടില്ല.
കോൺഗ്രസ് പാർട്ടി രാജ്യത്തിന് ദുരന്തമാണ് സമ്മാനിച്ചത്. തെലങ്കാനയിലെ ജനങ്ങൾ അവരുടെ 55 വർഷത്തെ ഭരണം കണ്ടതാണ്, തെലങ്കാന സംസ്ഥാന രൂപവത്കരണശേഷം ബി.ആർ.എസ് സർക്കാറിനെയും അവർ കണ്ടിട്ടുണ്ട്. ഏതെങ്കിലുമൊരു അളവുകോൽ പ്രകാരം തെലങ്കാനയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു സംസ്ഥാനം കാണിച്ചുതരാൻ കോൺഗ്രസിനെയും ബി.ജെ.പിയെയും ഞാൻ വെല്ലുവിളിക്കുന്നു.
2004 മുതൽ 2014 വരെ കോൺഗ്രസ് സർക്കാർ സംയുക്ത ആന്ധ്രപ്രദേശിലെ സർക്കാർ വകുപ്പുകളിൽ 24,000 ജീവനക്കാരെ റിക്രൂട്ട് ചെയ്തപ്പോൾ തെലങ്കാനയിൽ മാത്രം കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ഞങ്ങൾ 1.30 ലക്ഷം പേരെയാണ് നിയമിച്ചത്. 55 വർഷംകൊണ്ട് മൂന്നു മെഡിക്കൽ കോളജുകൾ മാത്രമാണ് കോൺഗ്രസ് സർക്കാർ സ്ഥാപിച്ചത്. ഒമ്പതു വർഷത്തിനിടെ 33 മെഡിക്കൽ കോളജുകൾ തുറക്കാൻ ഞങ്ങളുടെ ഭരണത്തിനായി.
വീടുകളിൽ ടാപ്പ് വഴി സമ്പൂർണ കുടിവെള്ള വിതരണം നടത്തുന്ന ഏക സംസ്ഥാനമാണിന്ന് തെലങ്കാന. കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യങ്ങൾ മുഴുവൻ ഞങ്ങൾ വാങ്ങുന്നു. കോൺഗ്രസോ ബി.ജെ.പിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്ത് ഇങ്ങനെയുണ്ട്?
കർഷകർക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നൽകുന്നു ഞങ്ങൾ, അയൽസംസ്ഥാനമായ കർണാടകയിൽ കർഷകർക്ക് ദിവസേന അഞ്ചു മണിക്കൂർ വൈദ്യുതിപോലും ഉറപ്പാക്കാൻ അവിടത്തെ സർക്കാറിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നത്- കറന്റ് വേണോ കോൺഗ്രസ് വേണോ എന്ന്.
ഹിന്ദുത്വ പാർട്ടിയാണെന്ന് സ്വയം അവകാശപ്പെടുന്ന ശിവസേനയുമായി മഹാരാഷ്ട്രയിൽ അടുത്തകാലംവരെ അധികാരം പങ്കിട്ട, ഇപ്പോഴും സഖ്യം തുടരുന്ന കോൺഗ്രസ് നേതാക്കളാണോ മതേതരമൂല്യങ്ങളെക്കുറിച്ച് പറയുന്നത്.
ഞങ്ങൾ ബി.ജെ.പിയുടെ ബി ടീമായിരുന്നുവെങ്കിൽ, ന്യൂനപക്ഷങ്ങൾക്കായി 200ലധികം റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുകയും രാജ്യത്തെ ഏറ്റവും ഉയർന്ന ന്യൂനപക്ഷക്ഷേമ ബജറ്റ് അനുവദിക്കുകയും ചെയ്യുമായിരുന്നോ? ഞങ്ങൾ തെലങ്കാന ജനതയുടെ എ ടീമാണ്. അടിമുടി അഴിമതികൾ നടത്തിയ ‘ചോർ’ ടീമാണ് കോൺഗ്രസ്.
ഏതൊക്കെ വിഷയത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാലും ബി.ആർ.എസിനെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ അവർ യോജിപ്പിലാണ്. പ്രവർത്തനത്തിൽ ഞങ്ങളോട് മത്സരിക്കാൻ കഴിയാത്തതിനാൽ, അവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കെ.ടി.ആറിനെ മുഖ്യമന്ത്രിയാക്കാനാണ് കെ.സി.ആറിന്റെ ആഗ്രഹമെന്നും അവർ പറയുന്നു.
കെ.സി.ആർ ഞങ്ങളുടെ നേതാവാണ്, അദ്ദേഹം മൂന്നാം തവണയും മുഖ്യമന്ത്രിയാവും. അതിൽ യാതൊരു മാറ്റവുമില്ല. ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് അപ്പോൾ കാണാം.
ഇപ്പോൾ പൂർണ ശ്രദ്ധ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രമാണ്. ഞങ്ങൾ ഭരണത്തിലേക്ക് തിരിച്ചു വന്നശേഷം അടുത്ത നീക്കങ്ങൾക്ക് തുടക്കമിടും.
ഞങ്ങൾ അവരെ ബഹുമാനിക്കുന്നതുകൊണ്ടുതന്നെ അവരുമായി സഖ്യം സ്ഥാപിക്കാൻ ആവുന്നത്ര ശ്രമിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഒരു തെരഞ്ഞെടുപ്പ് സഖ്യം സാക്ഷാൽക്കരിക്കാനായില്ല. അവർക്കായി സീറ്റുകൾ മാറ്റി വെക്കാൻ നിർവാഹമില്ലാത്തതിനാൽ മറ്റു ചില അവസരങ്ങൾ ഞങ്ങൾ വാഗ്ദാനംചെയ്തതാണ്, പക്ഷേ അവർ താൽപര്യം പ്രകടിപ്പിച്ചില്ല.
അവർ ബി.ജെ.പിക്കെതിരെ പൊരുതുന്നു, ഞങ്ങളുമതെ. ബി.ജെ.പിയെപ്പോലൊരു പാർട്ടി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലേറാതിരിക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും ഞങ്ങൾ നടത്തും. രാജ്യം ഇന്നെത്തിപ്പെട്ടിരിക്കുന്ന ദുരിതങ്ങളെല്ലാം വരുത്തിവെച്ചത് ബി.ജെ.പിയുടെ ഭരണമാണ്.
ഒരു മുസ്ലിം എം.പിയെ പാർലമെന്റിൽവെച്ച് പരസ്യമായി ഭീകരവാദിയെന്ന് വിളിച്ച ബി.ജെ.പി അംഗത്തിനെതിരെ നടപടിയെടുക്കാൻപോലും കൂട്ടാക്കാത്ത ഒരു അവസ്ഥയിലാണ് നമ്മളിന്ന്. ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തെ ചെറുക്കേണ്ട ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. എങ്ങനെ വേണം അതിനായുള്ള നീക്കങ്ങളെന്ന് തെലങ്കാന തെരഞ്ഞെടുപ്പിനുശേഷം നമ്മൾ ആലോചിച്ച് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.