2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരുന്നു. പാർട്ടിയിൽ സാധ്യതകളുള്ള രണ്ടാംനിര നേതാക്കമാരെയെല്ലാം ബി.ജെ.പി അടർത്തിയെടുത്തു. ഇത്തവണ വോട്ടെടുപ്പിനും മുന്നേ സൂറത്ത് സീറ്റ് ബി.ജെ.പി നേടി. ഇത്തവണ ആം ആദ്മി പാർട്ടിയുമായി (ഇൻഡ്യ മുന്നണി) ചേർന്നാണ് കോൺഗ്രസിന്റെ മത്സരം. കോൺഗ്രസിന്റെ സാധ്യതകളെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന മുഖ്യ വക്താവും എ.ഐ.സി.സി പ്രതിനിധിയുമായ ഡോ. മനീഷ് എം ദോശി ന്യൂ അഹ്മദാബാദിലെ കോൺഗ്രസ് ഭവനിലിരുന്ന് നൽകിയ ആഭിമുഖത്തിൽനിന്ന്
കഴിഞ്ഞ ഒരു വർഷമായി അടിത്തട്ടിൽനിന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സത്യസിങ് ഗോഹിൽ എന്നിവരുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം നടത്തിയിട്ടുണ്ട്. ജനങ്ങളുടെ വിഷയങ്ങളും അവരുടെ കാഴ്ചപ്പാടുകളും വിലയിരുത്തിയും അവർക്ക് താല്പര്യമുള്ള സ്ഥാനാർഥികളെ കണ്ടെത്തിയുമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.
അതിനാൽ ജനങ്ങളിൽനിന്ന് അനുകൂല പ്രതികരണങ്ങൾ പ്രകടമാണ്. കോൺഗ്രസിന് രണ്ടക്ക വിജയം നേടാൻ ആകുമെന്ന നിലയിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടേത് മികച്ച സ്ഥാനാർഥികളാണ്. രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര സൃഷ്ടിച്ച സ്നേഹത്തിന്റെ അലയൊലികളും പ്രതീക്ഷ നൽകുന്നു.
ഗുജറാത്തിലെ അഞ്ചു ലോക്സഭ, 35 നിയമസഭ മണ്ഡലങ്ങൾ വഴിയാണ് ന്യായ് യാത്ര കടന്നുപോയത്. എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ അദ്ദേഹം ആകർഷിച്ചു. അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ടു. അതിനുള്ള പരിഹാരവും അവരോടുതന്നെ ചോദിച്ചറിഞ്ഞു. ഇത് ജനങ്ങളിൽ വല്ലാതെ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പാർട്ടിയുടെ 'അഞ്ചു ന്യായ് പദ്ധതി' ജനങ്ങളുമായുള്ള ആശയവിനിമയത്തിൽനിന്നുമുണ്ടായതാണ്. ന്യായ് യാത്രയും ന്യായ് പദ്ധതിയും മോദിയുടെ ഉറക്കംകെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ സ്ഥാനാർഥി നിലേഷ് കുമ്പാനി ഒത്തുകളിച്ചു എന്നത് വ്യക്തമാണ്. അതിൽ സംശയമില്ല. എന്നാൽ, എന്തിന് അദ്ദേഹം അത് ചെയ്തു എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. സമ്മർദം മൂലമാണോ ഭയം കൊണ്ടാണോ സ്വാർഥതാല്പര്യമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. പാർട്ടി അർപ്പിച്ച വിശ്വാസം അദ്ദേഹം തകർത്തു. വോട്ടർമാരെയും പാർട്ടിയെയും ഒരുപോലെ വഞ്ചിച്ചു. അതിനാൽ ആറു വർഷത്തേക്ക് അദ്ദേഹത്തെ പാർട്ടി പുറത്താക്കി.
കോൺഗ്രസുമായി ഏറെ ഇഴകിച്ചേർന്ന ആളാണ് അദ്ദേഹം. മുമ്പ് കോർപറേറ്ററായിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്. അതുകൊണ്ട് സംശയിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്ഥാനാർഥിയാകാൻ യോഗ്യനായ ആളു തന്നെ. പക്ഷേ എന്ത് കാരണത്താലായാലും വിശ്വാസവഞ്ചന കാണിച്ചു.
നീലേഷ് കുമ്പാനി അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ മറ്റു പാർട്ടി, സ്വതന്ത്ര സ്ഥാനാർഥികൾ പിന്മാറിയത് ഈ സംഭവങ്ങളിലെ ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തുന്നു. നീലേഷ് കുമ്പാനിയെ നാമനിർദേശം ചെയ്തവരെ ആദ്യം കാണാതായി. അവരെ കണ്ടെത്താൻ പരാതി നൽകിയിരുന്നു.
എന്നാൽ, നാമനിർദേശം നൽകിയവർ നീലേഷ് കുമ്പാനിയുടെ സ്ഥാനാർഥിത്വത്തിനെതിരെ പിന്നീട് സത്യവാങ്മൂലം നൽകി. അതിനുവേണ്ടി മാത്രം അവർ വെളിച്ചത്തു വന്നു. ഒരേ സ്ഥലത്ത് നോട്ടറി അടക്കം ഒരേ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അവർ സത്യവാങ്മൂലം നൽകിയത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിസ്തരിക്കാൻ ഞങ്ങളുടെ അഭിഭാഷകർക്ക് അവസരം നൽകിയില്ല. സർക്കാർ സംവിധാനങ്ങൾ എല്ലാം ഒറ്റക്കെട്ടാവുന്നതാണ് കണ്ടത്.
പരാതി നൽകിയിട്ടും നിലേഷ് കുമ്പാനിയെ നാമനിർദേശം ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കാത്ത പൊലീസ് മണിക്കൂറുകൾക്കകം മറ്റ് സ്ഥാനാർഥികളെ തിരഞ്ഞുപിടിച്ച് പത്രിക പിൻവലിപ്പിച്ചു. ബി.എസ്.പി സ്ഥാനാർഥിയെ ബറോഡയിൽ ചെന്നാണ് പൊലീസ് കൂട്ടിക്കൊണ്ടുവന്നത്. പ്രഖ്യാപിച്ച വിജയലക്ഷ്യം സാധ്യമാക്കാൻ ബി.ജെ.പിയെ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ സഹായിക്കുകയാണ്.
ജയവും തോൽവിയും സാധാരണ കാര്യമാണ്. എതിർ സ്ഥാനാർഥികളെ മത്സരിക്കാൻപോലും സമ്മതിക്കാതിരിക്കുക എന്നത് അപകടകരമാണ്. ഏതുവിധേനയും ഭരണം തുടരാൻ ബി.ജെ.പി ശ്രമിക്കും എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് സൂറത്തിൽ സംഭവിച്ചത്. ജനങ്ങളുടെ വോട്ടവകാശത്തെ കവർന്നെടുക്കലാണിത്.
ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ പോളിങ് ബൂത്തിലേക്ക് പോകേണ്ടതില്ലെന്ന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ വിരട്ടുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് പരാതി ശേഖരിക്കാൻ കോൺഗ്രസ് ഒരു വാട്സ്ആപ് നമ്പർതന്നെ പുറത്തുവിട്ടിട്ടുണ്ട്.
ജെനിബെൻ ഠാകുർ മത്സരിക്കുന്ന ബനസ്കന്ത, ജെ.പി മാർവിയ മത്സരിക്കുന്ന ജാംനഗർ, തുഷാർ ചൗധരി മത്സരിക്കുന്ന സബർകന്ത, ക്ഷത്രിയർക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലെ മത്സരിക്കുന്ന രാജ്കോട്ട് തുടങ്ങിയവയിലാണ് കൂടുതൽ പ്രതീക്ഷ. പരേഷ് ധനാനിയാണ് അവിടെ കോൺഗ്രസ് സ്ഥാനാർഥി. അംരേലി നിയമസഭ മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോഴൊക്കെ ജയിച്ചത് പരേഷ് ധനാനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.