തിരുവനന്തപുരം :ഗവേഷകവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്കോളർഷിപ്പുകൾക്ക് പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ട്രാൻസലേഷണൽ റിസർച്ച് ലാബുകൾക്ക് പ്രവർത്തനസഹായമായി പത്തു കോടി രൂപ നൽകാനും ഭരണാനുമതിയായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി നിയോഗിച്ച ശ്യാം ബി. മേനോൻ കമീഷന്റെ ശുപാർശ സ്വീകരിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ അക്കാദമികമായി മുന്നിൽ നിൽക്കുന്ന മികച്ച 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക. ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള സെമിനാറുകൾക്കായുള്ള യാത്രകൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. ഗവേഷകരുടെ വിദേശയാത്രാ ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സർക്കാർ വഹിക്കുക. വിദേശ സർവകലാശാലകളിൽ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണപഠനങ്ങൾക്കാകും സ്കോളർഷിപ്പ് അനുവദിക്കുക.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാൻസ്ലേഷണൽ റിസർച്ച് റിസ്ക് ഫണ്ട് നൽകുന്നത്. ഉന്നതവിദ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, വ്യവസായ വികസന കോർപ്പറേഷൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.