പറവൂർ: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് കേസിലെ രണ്ട് പ്രതിൾക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കോതമംഗലം തങ്കളം ജവഹർ കോളനിയിൽ കാരോട്ട് പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി പള്ളിപ്രം പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവരെയാണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി 1 ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, കാക്കിനട എന്നിവിടങ്ങളിൽനിന്ന് 30.200 കിലോഗ്രാം കഞ്ചാവ് കൊറിയർ സർവിസ് മുഖേന സംസ്ഥാനത്തേക്ക് കടത്തിയെന്നാണ് കേസ്. ആലുവയിലെ സ്വകാര്യ ഹോട്ടലിലും കരുമാല്ലൂർ അക്വാസിറ്റിയിലെ ഫ്ലാറ്റിലും താമസിച്ചാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. 2021 ഒക്ടോബറിൽ പെരുമ്പാവൂർ കുന്നുവഴിയിലെ കൊറിയർ സർവിസിന് മുന്നിൽ അന്തർ സംസ്ഥാന കഞ്ചാവ് സംഘം നിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കഞ്ചാവ് വാങ്ങാൻ പണം കൈമാറാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ രേഖകൾ, കൊറിയർ രേഖകൾ എന്നിവ അടക്കം 58ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. 40 സാക്ഷികളെ വിസ്തരിച്ചു. പെരുമ്പാവൂർ എസ്.ഐ ജോസി എം. ജോൺസൺ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആർ. രഞ്ജിത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർമാരായ അഡ്വ. ശ്രീറാം ഭരതൻ, അഡ്വ. എൻ.കെ. ഹരി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.