തൃശൂർ: ആദിവാസി മേഖലയിലുള്‍പ്പെടെ ലഹരിമാഫിയ പിടിമുറുക്കുന്ന സാഹചര്യത്തില്‍ 100 ആദിവാസി യുവതീയുവാക്കളെ സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ എക്സൈസ് സിവില്‍ ഓഫിസര്‍മാരായി നിയമിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്. കേരളത്തിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ധിക്കുകയാണെന്നും യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയെന്നും മന്ത്രി പറഞ്ഞു.
തൃശൂർ എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ചിലെ 126 വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെയും 25ാം ബാച്ചിലെ ഏഴ് സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളിലൊന്നായി എക്സൈസ് മാറി. ഉന്നതവിദ്യാഭ്യാസം നേടിയവരാണ് എക്സൈസ് സിവില്‍ ഓഫിസര്‍മാരായി പുറത്തിറങ്ങുന്നത്. അവര്‍ക്ക് വകുപ്പിനെ നവീകരിക്കാൻ കഴിവും ശേഷിയുമുണ്ട്. ഒരുവിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ ആത്മാർപ്പണത്തോടെ പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍, ചിലർ അഴിമതി നടത്തുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.