വാക്സിൻ മുടങ്ങിയത്​ 1.16 ലക്ഷം കുട്ടികൾക്ക്; തീവ്രയജ്ഞത്തിന്​ സർക്കാർ

തിരുവനന്തപുരം: കോവിഡിനെ തുടർന്ന്​ സംസ്ഥാനത്ത്​ വാക്സിൻ മുടങ്ങിയത്​ 1.16 ലക്ഷം കുട്ടികൾക്ക്​. 100 ശതമാനവും വാക്സിൻ നിരക്ക്​ രേഖപ്പെടുത്തിയിരുന്നിടത്താണ്​ കോവിഡ്​ പ്രഹരം മൂലം 93 ശതമാനമായി താഴ്ന്നത്​. ഈ സാഹചര്യത്തിൽ മിഷൻ ഇന്ദ്രധനുഷ്​ എന്ന പേരിൽ തീ​വ്രവാക്സിൻ യജ്ഞത്തിന്​ സർക്കാർ തീരുമാനിച്ചു. രണ്ടു​ വയസ്സ്​ വരെയുള്ള 61752 കുട്ടികൾക്കും രണ്ടിനും അഞ്ചിനും മധ്യേയുള്ള 54837 കുട്ടികൾക്കുമാണ് പൂർണമായോ ഭാഗികമായോ ​വാക്​സിൻ മുടങ്ങിയത്​. പുറമെ, വാക്​സിനെടുക്കാതിരുന്ന 18744 ഗർഭിണികളെ കൂടി ഉൾപ്പെടുത്തിയാണ്​ മൂന്നു​ ഘട്ടമായി വാക്സിൻ യജ്ഞം ആസൂത്രണം ചെയ്യുന്നത്​. വാക്‌സിന്‍ എടുക്കാത്തതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള രോഗാതുരതയും മരണവും കുറക്കുന്നതിന്​ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലയിലും നടപ്പാക്കും. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന്​ തിരുവനന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.

മൂന്നു ഘട്ടം ഇങ്ങനെ...

ഒന്നാം ഘട്ടം ആഗസ്​റ്റ്​ ഏഴു മുതല്‍ 12 വരെയാണ്​. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത്​ മുതല്‍ 14 വരെയും. സാധാരണ വാക്‌സിൻ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസമാണ് പരിപാടി. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കി. രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് നാലു വരെയാണ് സമയക്രമം. സംസ്ഥാനത്ത് ആകെ 10,086 സെഷൻ ഉണ്ടാവും. 289 എണ്ണം മൊബൈല്‍ സെഷനാണ്. പരിശീലനം ലഭിച്ച 4171 ജൂനിയർ പബ്ലിക്​ ഹെൽത്ത്​ നഴ്​സുമാരാണ്​ വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിച്ചേരാന്‍ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട സ്ഥലങ്ങളിലും വാക്സിൻ കേന്ദ്രമൊരുക്കും. കോവിൻ പോർട്ടൽ മാതൃകയിൽ യു വിൻ പോർട്ടൽ വഴിയാണ്​ വാക്സിൻ വിതരണം.

ആറു ജില്ലകൾക്ക്​ മുൻഗണന

എല്ലാ ജില്ലയിലും നടപ്പാക്കുന്നുണ്ടെങ്കിലും വാക്​സിൻ വിതരണത്തിൽ സംസ്ഥാന-ദേശീയ ശരാശരികൾക്ക്​ താഴെയുള്ള തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കും.

പ്രായാനുസൃത ഡോസ്​ എടുക്കാന്‍ വിട്ടുപോയ 0-23 മാസം പ്രായമുള്ള കുട്ടികൾക്കും എം.ആര്‍- 1, എം.ആര്‍-2, ഡി.പി.ടി ബൂസ്റ്റര്‍, ഒ.പി.വി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ എടുക്കാന്‍ വിട്ടുപോയ രണ്ടു മുതല്‍ അഞ്ചുവരെ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിൻ നൽകും.

Tags:    
News Summary - 1.16 lakh children missed vaccine; Govt for terrorism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.