പള്ളുരുത്തി: മദുര കമ്പനിക്കുസമീപം മൂടിയിട്ടിരുന്ന കാറിൽനിന്ന് അരക്കോടിയോളം രൂപ വിലമതിക്കുന്ന 177 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.കാറിന്റെ ജി.പി.എസ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വാഹനം പോയ ഇടങ്ങൾ തേടുകയാണ്. പള്ളുരുത്തിയിൽ വാഹനം ആര് കൊണ്ട് വന്നിട്ടു എന്നത് സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.
കാർ കമ്പനിയിൽനിന്ന് വാടകക്ക് എടുത്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അക്ഷയ്രാജ് കഴിഞ്ഞദിവസം അമ്പലമേടുനിന്ന് 15 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ റിമാൻഡിലാണെന്നാണ് വിവരം. ഈ കേസിൽ യുവതികളടക്കം ഏഴുപേരെ കൊച്ചി സിറ്റി ഡാൻസാഫും അമ്പലമേട് പൊലീസും ചേർന്ന് കുഴിക്കാടുഭാഗത്തെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പള്ളുരുത്തിയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നതായാണ് ലഭിക്കുന്ന സൂചന.ഒഡിഷയിലെ ബാലൻഗീർ ജില്ലയിലെ കഞ്ചാവ് മാഫിയയിൽനിന്ന് ഇടനിലക്കാരൻവഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പലചരക്ക്, പച്ചക്കറി എന്നിവയുമായി വരുന്ന ലോറികളിൽ കൊണ്ടുവന്ന് ഹൈവേയിലെ ആളൊഴിഞ്ഞയിടങ്ങളിൽ വെച്ച് കാറുകളിൽ മാറ്റി കൊച്ചിയിലെ വിവിധയിടങ്ങളിൽ എത്തിക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അത്തരത്തിൽ എത്തിച്ച കഞ്ചാവാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എറണാകുളത്തെ ആൻ ഗ്രൂപ്പിന്റേതാണ് കാർ. ദിവസങ്ങളായി കാറ് വാടകക്ക് എടുത്തയാളുടെ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ആൻ ഗ്രൂപ് ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മദുര കമ്പനിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയത്.മൂടിയിട്ടനിലയിൽ കണ്ടെത്തിയ കാറിൽ വലിയ പൊതികൾ കിടക്കുന്നത് കണ്ട് ഡിവിഷൻ കൗൺസിലർ ലൈലാദാസിനെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചാക്കുകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.