കൊച്ചി: മദ്യവില്‍പനശാലകളിലെ തിരക്കിൽ വീണ്ടും സർക്കാറിന് ഹൈകോടതിയുടെ വിമര്‍ശനം. ബെവ്കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്കു കുറക്കാനുള്ള മാർഗങ്ങൾ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം എക്സൈസും ബെവ്കോയും പത്തു ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
എക്സൈസ് കമ്മിഷണറും ബെവ്കോ സി.എം.ഡിയും കോടതിയില്‍ ഹാജരായിരുന്നു. സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഹൈകോടതിക്ക് സമീപമുള്ള മദ്യവില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു.
കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കും, മദ്യവില്‍പന ശാലകളില്‍ 500 പേര്‍ ക്യൂ നില്‍ക്കുന്നു. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
ബെവ്കോയുടെ കുത്തകയാണ് മദ്യവില്‍പന. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് 16ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.