രാജിവെച്ചാല്‍ ഉമ്മന്‍ചാണ്ടി പിറ്റേ ദിവസം പൂജപ്പുര ജയിലില്‍ പോകേണ്ടി വരും- കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെങ്കില്‍ ഇന്നദ്ദേഹം രാജിവെക്കുമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. രാജിവെച്ച് പുറത്തു പോയാല്‍ ഉമ്മന്‍ചാണ്ടി പിറ്റേ ദിവസം പൂജപ്പുര ജയിലില്‍ പോകേണ്ടി വരും. ഇവരെ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കി ചാണക വെള്ളം തളിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

സോളാര്‍ കേസിലെ പ്രതികളെയൊന്നും ആദ്യം അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ബിജുവുമായി നടത്തിയ രഹസ്യ ചര്‍ച്ച കുടുംബ കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജു സോളാര്‍ കമീഷനോട് വ്യക്തമാക്കിയത് വേറെയാണ്. നിലവില്‍ ഉമ്മന്‍ചാണ്ടി സോളാര്‍ കമീഷനില്‍ കള്ളസാക്ഷിയെ സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. ഒരു മുഖ്യമന്ത്രിക്കു നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഇടപെടണം. കെ.പി.സി.സിക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

സോളാര്‍ കമീഷനു മുന്നില്‍ ബിജുവിനെ ഹാജരാക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ജയില്‍ സൂപ്രണ്ട് തയാറായിരുന്നില്ല. ജയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇടപെട്ടാണ് ബിജുവിനെ കമീഷനു മുന്നില്‍ ഹാജരാക്കിയത്. ഇതിനാലാണ് ലോക്നാഥ് ബെഹ്റയെ ജയില്‍ ഡി.ജി.പി സ്ഥാനത്തു നിന്നും മാറ്റിയതെന്നും കോടിയേരി വ്യക്തമാക്കി.

ബിജുവിന്‍െറ പുതിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തുള്ളവരല്ല പുറത്തു കൊണ്ടുവന്നതെന്ന ഷിബു ബേബി ജോണിന്‍െറ ആരോപണം ശ്രദ്ധിക്കേണ്ടതാണ്. 10 കോടി വാങ്ങിയ ബാബു മന്ത്രിസഭക്കകത്തും ഒരു കോടി വാങ്ങിയ മാണി പുറത്തുമാണ്. മുഖ്യമന്ത്രിയാണ് ബാബുവിനെ സംരക്ഷിക്കുന്നത്. നിയമസഭയില്‍ വന്ന കെ.എം മാണി ഇന്ന് സന്തോഷവാനായിരുന്നു. ഇന്ന് ഞാന്‍ നാളെ നീ എന്നായിരുന്നു ആ മുഖത്തുണ്ടായിരുന്നതെന്നും കോടിയേരി പറഞ്ഞു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.