തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണി കാഡര്‍ ചട്ടങ്ങള്‍ പാലിച്ച് നടപ്പാക്കണമെന്ന ജയില്‍ മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാടിന് പിന്തുണയുമായി ഡി.ജി.പി ഋഷിരാജ് സിങ്. ചട്ടങ്ങള്‍ മറികടന്ന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഋഷിരാജ് സിങ് ചീഫ് സെക്രട്ടറി ജിജി തോംസണ് കത്തുനല്‍കി.
ചീഫ് സെക്രട്ടറിയുടെ തീരുമാനം അറിയും വരെ ജയില്‍ മേധാവിയായി ചുമതലയേല്‍ക്കില്ളെന്ന നിലപാടിലാണ് അദ്ദേഹം. ബുധനാഴ്ച ഇതേ നിലപാടുമായി ബെഹ്റയും ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് ചീഫ് സെക്രട്ടറിക്കുള്ളതെങ്കിലും അനുകൂല മറുപടി ബെഹ്റക്ക് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അവധിയില്‍ പോകാനുള്ള തയാറെടുപ്പിലാണ് ബെഹ്റ. താന്‍ അധികാരമോഹിയല്ളെന്നും കാഡര്‍ തസ്തികയില്‍ നിയമനം വേണമെന്ന് പറയുന്നതില്‍ തെറ്റില്ളെന്നും ബെഹ്റ ആവര്‍ത്തിച്ചു. വിജിലന്‍സ് ഡയറക്ടറാകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.
അര്‍ഹമായ കാഡര്‍ പോസ്റ്റാണ് ആവശ്യപ്പെട്ടത്. ക്രമവിരുദ്ധമായി നടക്കുന്ന നിയമനങ്ങള്‍ ഉദ്യോഗസ്ഥരുടെ സര്‍വിസിനെ ദോഷകരമായി ബാധിക്കും. ഡി.ജി.പിമാരായ എം.എന്‍. കൃഷ്ണമൂര്‍ത്തിയും പി. ചന്ദ്രശേഖരനും സര്‍ക്കാര്‍ തീരുമാനങ്ങളുടെ തിക്തഫലം അനുഭവിച്ചവരാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് ഋഷിരാജ് സിങ്ങും ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, കേരളത്തിന് ഒരു ഡി.ജി.പി എക്സ്കാഡര്‍ തസ്തിക കൂടി അനുവദിക്കാമെന്ന് കേന്ദ്രം തത്ത്വത്തില്‍ ഉറപ്പുനല്‍കിയെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം. വിജിലന്‍സ് ഡയറക്ടറുടെ കാഡര്‍ തസ്തിക ഒഴിച്ചിട്ടശേഷം എക്സ്കാഡര്‍ തസ്തിക സൃഷ്ടിക്കാന്‍ കൃത്യമായി ന്യായീകരണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. അതേസമയം, ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിതനായ അനില്‍കാന്ത് വ്യാഴാഴ്ച ചുമതലയേറ്റു. വെള്ളാപ്പള്ളിയുടെ യാത്രയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നതിനാല്‍ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ഐ.പി.എസ് അസോസിയേഷന്‍ യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.