സോളാർ കേസ്​: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ; ബിജു പത്തിന് തെളിവ് ഹാജരാക്കാനിടയില്ല

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ വ്യാഴാഴ്ച തെളിവ് ഹാജരാക്കിയേക്കില്ല. ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെ ഈ സൂചന നൽകുന്നു. തെളിവായ സീഡി ഹാജരാക്കുന്നതിനു പകരം, ബിജുവിെൻറ പ്രത്യേക അപേക്ഷയാവും കമീഷന് മുന്നിലെത്തുക.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  മന്ത്രിമാരായ ഷിബു ബേബി ജോൺ. എ.പി. അനിൽ കുമാർ, ഹൈബി ഈഡൻ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അനിൽകുമാറിെൻറ പി.എ നസറുല്ല എന്നിവർ സരിതയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങൾ തെൻറ കൈയിലുണ്ടെന്നും ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയാറാണ് എന്നുമാണ് സോളാർ കമീഷൻ മുമ്പാകെ മൊഴി നൽകവെ ഡിസംബർ രണ്ടിന് ബിജു രാധാകൃഷ്ണൻ അവകാശപ്പെട്ടത്. മൂന്നിന് മൊഴിയെടുക്കൽ തുടരവെ, ഈ തെളിവുകൾ ഹാജരാക്കാൻ കമീഷൻ ഉത്തരവിട്ടു. തെളിവ് ഹാജരാക്കാൻ ബിജു 15 ദിവസം ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ച മാത്രമാണ് കമീഷൻ  അനുവദിച്ചത്. അതുപ്രകാരം ഡിസംബർ 10ന് ബിജു രാധാകൃഷ്ണൻ തെളിവ് ഹാജരാക്കണം.

എന്നാൽ, താൻ ജയിലിലായതിനാൽ, അജ്ഞാത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന തെളിവുകൾ നിശ്ചിത ദിവസം കമീഷൻ മുമ്പാകെ ഹാജരാക്കാൻ കഴിയില്ലെന്ന അപേക്ഷയാണ് ബിജു കമീഷൻ മുമ്പാകെ സമർപ്പിക്കുകയത്രേ. മാധ്യമപ്രവർത്തകരും അഭിഭാഷകരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഈ തെളിവുകൾ പ്രസ്തുത കേന്ദ്രത്തിൽനിന്ന് കണ്ടെടുക്കാൻ അവസരമൊരുക്കണമെന്നും ഈ അപേക്ഷയിൽ വ്യക്തമാക്കും എന്നാണ് സൂചന.

സീഡികൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ബിജു സ്വന്തം അഭിഭാഷകരോട് പോലും വെളിപ്പെടുത്തിയിട്ടില്ല.  തെളിവ് ഹാജരാക്കിയില്ലെങ്കിൽ, അത് പിടിച്ചെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കമീഷനുണ്ട്. മാത്രമല്ല, ഹാജരാക്കിയാൽതന്നെ അതിെൻറ ഉള്ളടക്കം വെളിപ്പെടുത്താതിരിക്കാനുള്ള അധികാരവുമുണ്ട്. അതിനിടെ, ബിജുവിെൻറ ആരോപണം പൂർണമായി വിശ്വസിക്കാനോ തള്ളിക്കളയാനോ ഭരണപക്ഷവും  പ്രതിപക്ഷവും തയാറായിട്ടില്ല.

ആരോപണത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്കുള്ളിൽ ബഹളമുണ്ടാക്കിയെങ്കിലും സഭക്ക് പുറത്തുള്ള പ്രക്ഷോഭം പത്താം തീയതിക്ക് ശേഷം മതി എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഭരണപക്ഷമാകട്ടെ, ആരോപണത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കാൻ തീരുമാനിച്ച പൊതുയോഗങ്ങളും പത്താംതീയതിക്ക് ശേഷം മതി എന്ന നിലപാടിലാണ്. അതിനിടെ ബിജു രാധാകൃഷ്ണൻ തെളിവ് ഹാജരാക്കേണ്ട പത്തിന് യാദൃശ്ചികമെന്നോണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ചിട്ടുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.