അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയുണ്ടെന്ന് ആര്യാടൻ മുഹമ്മദ്

ന്യൂഡൽഹി: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ പാരിസ്ഥിതിക അനുമതി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. വിഷയം മന്ത്രിസഭാ യോഗത്തിലും യു.ഡി.എഫിലും ചർച്ച ചെയ്യും. പ്രതിപക്ഷത്തെയും പരിസ്ഥിതി പ്രവർത്തകരെയും വിശ്വാസത്തിൽ എടുത്തേ പദ്ധതിയുമായി മുന്നോട്ടു പോകൂ. വിവാദമുണ്ടാക്കാൻ സർക്കാറിന് താൽപര്യമില്ല. ഒാരോ വർഷവും എട്ട് ശതമാനം അധിക വൈദ്യുതി വേണ്ടി വരുന്ന സംസ്ഥാനത്തിന് ജല വൈദ്യുത പദ്ധതിയാണ് ഏറ്റവും അനുയോജ്യമെന്നും ആര്യാടൻ മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത എതിർപ്പിനെ തുടർന്ന് 2010ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയ പാരിസ്ഥിതിക അനുമതിയാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. ഇക്കാര്യം വിശദീകരിച്ച് മന്ത്രാലയം അയച്ച കത്ത് വൈദ്യുതി ബോർഡിന് ലഭിച്ചിട്ടുണ്ട്. അനുമതി പുനഃസ്ഥാപിക്കണമെന്ന വൈദ്യുതി ബോർഡിന്‍റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി ആഗസ്റ്റിൽ അംഗീകരിച്ചിരുന്നു. സമിതിയുടെ ശിപാർശ പ്രകാരം 2010ൽ വൈദ്യുതി ബോർഡിന് നൽകിയ കാരണംകാണിക്കൽ നോട്ടീസ് റദ്ദാക്കാൻ മന്ത്രാലയം ഉത്തരവിട്ടു. 2007ൽ ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2012ൽ അവസാനിച്ചെങ്കിലും അഞ്ച് വർഷത്തേക്കു കൂടി നീട്ടി നൽകുകയാണ് മന്ത്രാലയം ചെയ്തത്.

1982ലാണ് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അതിരപ്പിള്ളി പദ്ധതിയുമായി വൈദ്യുതി ബോർഡ് കേന്ദ്രത്തെ സമീപിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും കോടതി ഇടപെടലും കാരണം മൂന്ന് തവണ അനുമതി റദ്ദാക്കപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.