ഓണ്‍ലൈന്‍ പെണ്‍വാണിഭം: ആറ് പ്രതികളെ ബംഗളൂരു പൊലീസിന് കൈമാറി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഉള്‍പ്പെടെ ആറുപേരെ ബംഗളൂരു പൊലീസിന് കൈമാറി. ബംഗളൂരു സിറ്റി സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രതികളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി ബംഗളൂരു പൊലീസിലെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. രാഹുലിനും രശ്മിക്കും പുറമെ അബ്ദുല്‍ ഖാദര്‍, ലിനീഷ് മാത്യു, ആഷിഖ്, അജീഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്. തന്‍വീറിന് കോടതി കൈമാറിയത്. ഇവരെ വെള്ളിയാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനും ഈ മാസം 14നകം തിരികെ കൊണ്ടുവരാനും സെഷന്‍സ് കോടതി ഉത്തരവിട്ടു. അതേസമയം പ്രതികളുടെ സാന്നിധ്യം കൂടുതല്‍ സമയം ബംഗളൂരുവില്‍ ആവശ്യമാണെന്ന് കണ്ടാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി ബംഗളൂരു പൊലീസിന് വാക്കാല്‍ നിര്‍ദേശം നല്‍കി. പ്രതികള്‍ കേരള പൊലീസിന് നല്‍കിയ മൊഴികളുടെ പകര്‍പ്പും ബംഗളൂരു പൊലീസിന് കൈമാറിയിട്ടുണ്ട്. ബംഗളൂരു സ്വദേശികളായ സഹോദരിമാരെ  ബംഗളൂരുവിലെ ഹോട്ടല്‍ സഫീന പ്ളാസയില്‍ വെച്ച് ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവെച്ചെന്ന കേസിലെ രണ്ടാം പ്രതി ലിനീഷ് മാത്യുവിന്‍െറ കുറ്റസമ്മതമൊഴിയെ തുടര്‍ന്നാണ് ബംഗളൂരു പൊലീസ് കേസെടുത്തത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയിലകപ്പെട്ടതായുള്ള സൂചനകളെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ബംഗളൂരു പൊലീസ് തീരുമാനിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.