ന്യൂഡൽഹി: ചെലവ് പകുതി വഹിക്കാൻ കേരളം തയാറായാൽ ശബരി പാത അടക്കം റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ മുന്നോട്ടു നീക്കാമെന്ന് റെയിൽവേയുടെ വാഗ്ദാനം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരുമായി നടത്തിയ ചർച്ചയിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് ഉറപ്പു നൽകിയത്. കൊച്ചിയിലെ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫിസ് പുന$സ്ഥാപിക്കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഏഴു കേന്ദ്രമന്ത്രിമാരെയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കണ്ടത്. വീടു നിർമാണ പദ്ധതിക്ക് ഒരു ലക്ഷം രൂപ വീതം സഹായം, ഫാക്ട് പാക്കേജിന് താമസംവിനാ അംഗീകാരം, സബർബൻ റെയിൽവേക്ക് ധാരണപത്രം, കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകൾ, അനാഥാലയങ്ങൾക്ക് അരി അനുവദിക്കൽ എന്നിവയാണ് കേന്ദ്രമന്ത്രിമാരിൽനിന്നു ലഭിച്ച പ്രധാന ഉറപ്പുകൾ.
മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് നൽകാമെന്നും കേരളത്തിന് സുരക്ഷയാണ് ആവശ്യമെന്നും ജലമന്ത്രി ഉമാഭാരതിയെ ധരിപ്പിച്ചതായും തമിഴ്നാട്ടിലെ പ്രളയ ദുരിതത്തിെൻറ പശ്ചാത്തലത്തിൽ അടിയന്തര പരിഹാരത്തിന് നടപടികളാരായുമെന്നും മുഖ്യമന്ത്രി പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലക്ഷംവീടുകളുടെ പുനരുദ്ധാരണമുൾപ്പെടെ കേരളത്തിൽ ഒരു ലക്ഷം വീടുകളുടെ നിർമാണത്തിന് കേന്ദ്രം ഒരുലക്ഷം രൂപ വീതമാണ് അനുവദിക്കുക. പെട്രോൾ–ഡീസൽ സെസിനത്തിൽ ലഭിച്ച തുകയുടെ അമ്പതു ശതമാനം വിനിയോഗിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന വീടു നിർമാണപദ്ധതിക്ക് ‘എല്ലാവർക്കും വീട്’ പദ്ധതിയിലുൾപ്പെടുത്തിയാണ് കേന്ദ്രം സഹായം നൽകുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു ഉറപ്പു നൽകിയത്.
28 പുതിയ നഗരസഭകൾ രൂപവത്കരിച്ച സാഹചര്യത്തിൽ കൊച്ചിക്കു പുറമെ മറ്റൊരു സ്മാർട്സിറ്റി അനുവദിക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിശോധിക്കും. അമൃതനഗരം പദ്ധതിയിൽ നേരത്തേ അനുവദിച്ച ഏഴിനു പുറമെ കണ്ണൂരിനെയും ഗുരുവായൂരിനെയും ചേർക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോൾ കുറവുവരുന്ന അരി ക്വോട്ട താൽകാലികമായി നിലനിർത്താമെന്ന് മന്ത്രി രാംവിലാസ് പാസ്വാൻ ഉറപ്പുനൽകി. ഇതു സ്ഥിരമായി ലഭിക്കാൻ മന്ത്രിസഭാ തീരുമാനം വേണമെന്നും ഇക്കാര്യം കാബിനറ്റിൽ ഉന്നയിക്കാമെന്നും മന്ത്രി അറിയിച്ചു. നിയമം പ്രാബല്യത്തിൽ വരുമ്പോൾ റേഷൻ പട്ടികയിൽനിന്നു പുറത്താവുന്ന കേരളത്തിലെ അനാഥാലങ്ങൾക്ക് സാമൂഹികനീതി വകുപ്പു നൽകുന്ന അപേക്ഷ പ്രകാരം അരി അനുവദിക്കും.
സർക്കാർ ആശുപത്രികൾവഴി സൗജന്യമായി ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്ന കേരളത്തിന് മുപ്പതു ശതമാനം വിലക്കിഴിവിൽ മരുന്നു നൽകുമെന്ന് രാസ–വളം വകുപ്പു മന്ത്രി അനന്തകുമാർ അറിയിച്ചു. 200 ഔട്ട്ലറ്റുകൾ തുറക്കാനും സഹായമൊരുക്കും. ഫാക്ട് പാക്കേജിന് വൈകാതെ അംഗീകാരം ലഭിക്കുമെന്നും ഭൂമി പ്രശ്നത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ വിട്ടുവീഴ്ച ചെയ്തു തീരുമാനത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്കു സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.