മുല്ലപ്പെരിയാർ: ആശങ്ക പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച കേരളത്തിന്‍റെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുല്ലപ്പെരിയാർ വിഷയം പരിഹരിക്കേണ്ടതിന്‍റെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിലവിലെ പഴക്കം ചെന്ന അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിന്‍റെ ബലത്തെകുറിച്ച് പുതിയ പഠനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ, അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ പഠനമാണ് കേരളം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുല്ലപ്പെരിയാർ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് കേരളത്തിന്‍റെ ആഗ്രഹം. നിലവിലെ അളവിൽ തമിഴ്നാടിന് വെള്ളം നൽകാൻ കേരളം തയാറാണ്. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാന വിഷയമാണ്. ഇത് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അതേസമയം, കേരളത്തിൽ കത്തി നിൽക്കുന്ന സി.ഡി വിവാദത്തെകുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. സംസ്ഥാനത്തെ സോളാർ വിഷയം ഡൽഹിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കാനാണ് ഡൽഹിയിലെത്തിയത്. ഈ ആവശ്യങ്ങളെക്കാൾ മാധ്യമങ്ങൾക്ക് പ്രധാനം സോളാർ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.