ബിജു രമേശിനെതിരെ മന്ത്രി ബാബു നല്‍കിയ കേസിന് സ്റ്റേ


കൊച്ചി: ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെതിരെ മന്ത്രി കെ. ബാബു നല്‍കിയ അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസിലെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.
 കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് വ്യക്തമാക്കിയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെയാണ് സ്റ്റേ. ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ മന്ത്രി കെ. ബാബു പത്ത് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഇത് അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തു. തുടര്‍ന്നാണ് മന്ത്രി ബാബു എറണാകുളം കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.
മാധ്യമങ്ങളെ ഒഴിവാക്കി തനിക്കെതിരെ മാത്രമാണ് കേസ് നല്‍കിയതെന്നും മന്ത്രിമാരുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന്‍െറ പേരില്‍ ബോധപൂര്‍വമുള്ള നടപടിയാണ് മന്ത്രിയുടേതെന്നുമാണ് ഹരജിയിലെ വാദം.
 മന്ത്രിക്കെതിരെ പൊതു അഭിപ്രായമുന്നയിക്കുന്നത് അപകീര്‍ത്തീകരമല്ല. ഇതിന് അനുസൃതമായ ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസ് അനാവശ്യമാണ്. തുടര്‍ച്ചയായി കേസില്‍പെടുത്തുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
മന്ത്രിയുടെ പരാതിയില്‍ ബിജുവിനോട് ഹാജരാകാന്‍ കീഴ്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.