പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിക്ക് വിലക്ക്; വിട്ടു നില്‍ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ ആര്‍. ശങ്കറിന്‍െറ പ്രതിമ ഡിസം 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടെന്നും പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനിന്ന് സഹായിക്കണമെന്നും എസ്.എന്‍.ഡി.പി  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യന്ത്രിയോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹമാണ്  പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ അധ്യക്ഷനായി ക്ഷണിച്ചിരുന്നത്.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുവിധത്തില്‍ താന്‍ ബാധ്യസ്ഥനാണ്. ആര്‍. ശങ്കര്‍ കെ.പി.സിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്. എന്നാല്‍ തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാഛാദനം ചെയ്യുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ മാസം പതിനഞ്ചിന് കൊല്ലം ആശ്രാമം മൈതാനിയിലാണ് ആര്‍.ശങ്കര്‍ പ്രതിമാ അനാഛാദന ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷനായി മുഖ്യമന്ത്രിയെയാണ് ആദ്യം ക്ഷണിച്ചത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചിരുന്നു. ഇത് കീഴ് വഴക്കങ്ങളില്‍ ഇല്ലാത്തതാണ്. എന്നാല്‍ പ്രതിമാ പ്രതിമാ അനാഛാദന ചടങ്ങ് സ്വകാര്യപരിപാടിയാണെന്നും സര്‍ക്കാര്‍ പരിപാടിയല്ളെ ന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വെറുതേ ഇക്കാര്യത്തില്‍ വിവാദം സൃഷ്ടിക്കരുത്. വിവാദമാക്കുന്നതിലൂടെ ഞങ്ങള്‍ക്ക് ആള് കൂടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

          

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.