ഇംഗ്ളീഷ് ലെക്ചറര്‍ പരീക്ഷ: പി.എസ്.സി യോഗത്തില്‍ വീണ്ടും ബഹളം

തിരുവനന്തപുരം: ഇംഗ്ളീഷ് ലെക്ചറര്‍ ഓണ്‍ലൈന്‍ പരീക്ഷയിലെ അപാകതയെ ചൊല്ലി പി.എസ്.സി യോഗത്തില്‍ വീണ്ടും ബഹളം. അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും അംഗങ്ങള്‍ ശക്തമായ നിലപാട് എടുത്തതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച തുടര്‍ന്നു. എന്നാല്‍, ചെയര്‍മാന്‍ ഇല്ലാത്തതിനാല്‍ തീരുമാനം ഉണ്ടായില്ല.
ഇന്നലത്തെ കമീഷന്‍ യോഗം വിഷയം പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ യോഗത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, ഇന്നലത്തെ യോഗത്തിന്‍െറ അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല. യോഗം തുടങ്ങിയപ്പോള്‍തന്നെ അംഗങ്ങള്‍ ഇതില്‍ പ്രതിഷേധിച്ചു.  പുതുതായി വിഷയം ഉള്‍പ്പെടുത്താന്‍ പ്രയാസമാണെന്ന നിലപാടാണ് അധ്യക്ഷതവഹിച്ച അംഗം കൈക്കൊണ്ടത്.  പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ പരീക്ഷ റദ്ദാക്കരുതെന്ന് 15 ഓളം കത്തുകള്‍ ലഭിച്ചിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും ഇതെല്ലാം ഒരേ സ്വഭാവത്തിലുള്ളതാണെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ കത്തുകള്‍ വ്യാജമാണോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.
പരീക്ഷയില്‍ ക്രമക്കേടില്ളെന്നും റദ്ദാക്കേണ്ടതില്ളെന്നും ഒരു ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി നല്‍കിയ മറുപടി മറ്റൊരംഗം ഉന്നയിച്ചു.
കമീഷന്‍െറ പരിഗണനക്കിരിക്കുന്നതും ഇതുവരെ തീരുമാനം എടുക്കാത്തതുമായ വിഷയത്തില്‍ ഇങ്ങനെ മറുപടി നല്‍കിയതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥനോട് വിശദീകരണം തേടണമെന്ന അഭിപ്രായവും ഉയര്‍ന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഇന്നലെ അവധിയായതിനാല്‍ ഡെപ്യൂട്ടി സെക്രട്ടറി എത്തിയാണ് വിശദീകരിച്ചത്. ചെയര്‍മാന്‍ ഫയലില്‍ എഴുതിയ പ്രകാരമാണ് മറുപടി നല്‍കിയതെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇതോടെ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. കമീഷന്‍ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ എങ്ങനെ തീരുമാനം എടുത്തുവെന്ന് രേഖപ്പെടുത്തുമെന്ന് അവര്‍ ചോദിച്ചു. ഇത് ശരിയായ നടപടിയല്ളെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോര്‍ട്ടിലെ സി-ഡിറ്റ്, കെല്‍ട്രോണ്‍ എന്നിവരുടെ വിശദീകരണത്തില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ 150ഓളം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമെ സുഗമമായി പരീക്ഷയെഴുതാന്‍ കഴിയൂവെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. 200ഓളം പേരാണ് പരീക്ഷ എഴുതിയത്.  
മരാമത്ത്, ജലസേചനം, ഹാര്‍ബര്‍ എന്‍ജിനീയറിങ്  വകുപ്പുകളിലെ ഓവര്‍സിയര്‍- ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്ക് പൊതുലിസ്റ്റ് ഇടാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.