മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; 14 ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തമിഴ്നാടിനെ പ്രേരിപ്പിക്കണമെന്നത് ഉള്‍പ്പെടെ 14 ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ കൂടിക്കാഴ്ചയിക്കിടെയാണ് മുഖ്യമന്ത്രി ആവശ്യങ്ങള്‍ ഉയിച്ചത്.

പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാതപഠനത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി അസാധുവാക്കണം. ചെന്നൈ വെള്ളപ്പൊക്കത്തിന്‍റെയും മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്തെ കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ വിദേശീയര്‍ ഉള്‍പ്പെട്ട വിദഗ്ധരുടെ പാനലിനെ കൊണ്ട് മുല്ലപ്പെരിയാറില്‍ ആഘാതപഠനം നടത്തുവാന്‍  നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം.വിദഗ്ധസമിതിയുടെ ശിപാര്‍ശയനുസരിച്ച് തീരദേശ സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍  വരുത്തണം. ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ അടക്കം 625 കോടിയുടെ പദ്ധതി അംഗീകരിക്കണം. (പദ്ധതി ഇന്നലത്തെ ചര്‍ച്ചയിലാണ് നല്‍കിയത്). ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കണം. സംസ്ഥാനത്തിനുള്ള വാര്‍ഷിക ഭക്ഷ്യധാന്യ വിഹിതം രണ്ടുലക്ഷം മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിക്കണം. മാര്‍ച്ച് 31ന് ശേഷവും കുറവ് വരുത്താന്‍ പാടില്ല. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ അനാഥാലയങ്ങളിലെ 60000 അന്തേവാസികള്‍ക്ക്  ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കണം. പാലക്കാട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലം ലഭ്യമാക്കിയതിനാല്‍ എത്രയും പെട്ടെന്ന് സംയുക്ത സംരംഭത്തിനുള്ള പങ്കാളിയെ തെരഞ്ഞെടുത്ത് റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് വകയിരുത്തണം. സബര്‍ബന്‍ റെയില്‍ സര്‍വിസിനായി സംസ്ഥാന സര്‍ക്കാറും ഇന്ത്യന്‍ റെയില്‍വേയും തമ്മില്‍ മെമ്മോറാണ്ടം ഒപ്പിടാന്‍  നടപടികള്‍ ത്വരിതപ്പെടുത്തണം. ശബരി റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നു
 
വയനാട് ജില്ലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ അനുവദിച്ച തുകയിലെ ശേഷിക്കുന്ന 62.20 കോടി ഉടന്‍ നല്‍കണം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)  മാതൃകയിലുള്ള സ്ഥാപനം ഇക്കൊല്ലം തന്നെ അനുവദിക്കണം. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 50 ശതമാനം നല്‍കാന്‍ സമ്മതിച്ചത് പരിഗണിച്ച് ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തണം. തിരുവനന്തപുരം ആര്‍.സി.സിയെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായും മലബാര്‍ കാന്‍സര്‍ സെന്‍ററിനെ റീജനല്‍ കാന്‍സര്‍ സെന്‍ററായും ഉയര്‍ത്തണം. എയര്‍ കേരള സാധ്യമാക്കാന്‍  ഇളവുകള്‍ അനുവദിക്കണം. ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികളുടെ യാത്രാനിരക്കിലെ അന്യായ വര്‍ധന നിയന്ത്രിക്കുകയും കൂടുതല്‍ വിമാന സര്‍വിസ് ഏര്‍പ്പെടുത്തുകയും ചെയ്യണം.
 
തിരുവനന്തപുരം പാലോട്ടുള്ള ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍െറ കേന്ദ്രം ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണം. നാളികേര വിലയിടിവ് നേരിടാന്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിക്കണം. തിരുവനന്തപുരത്തടക്കം രണ്ട് സ്മാര്‍ട്ട്സിറ്റികള്‍ കൂടി അനുവദിക്കണം.  ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയിലെ പൈപ്പിടല്‍ ജോലികള്‍ ഉടന്‍ തുടങ്ങുമെന്ന് ഉറപ്പുവരുത്തണം. 503 ഏക്കര്‍ ഭൂമിയാണ് ഇതിന് ഏറ്റെടുക്കേണ്ടത്. 350 ഏക്കര്‍ എടുത്തു. ബാക്കി ഉടന്‍ എടുക്കും. ഏറ്റെടുത്ത സ്ഥലത്ത് പൈപ്പിടണം. എഫ്.എ.സി.ടിയുടെ പാക്കേജ് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. നികുതിയിളവും എല്‍.എന്‍.ജി എത്തിക്കലും ഭൂമിയുടെ പ്രശ്നവും പരിഹരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.