സോളാറില്‍ തെളിവിന്‍െറ പിറകെ പോയവര്‍ നാണംകെട്ടു –മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസില്‍ തെളിവിന്‍െറ പിറകെ പോയവര്‍ നാണംകെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രബുദ്ധരായ ജനം ഇതെല്ലാം കാണുന്നുണ്ടെന്ന് തെളിവ് തേടിപ്പോയവര്‍ മനസ്സിലാക്കണം. തന്നെ നാണംകെടുത്തി ഇറക്കിവിടാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല. മറിച്ചാണെങ്കില്‍  ബ്ളാക്മെയിലിങ്ങിനെ അതിജീവിച്ച്, നീതി നടപ്പാക്കിയതിന്‍െറ പേരിലായിരിക്കും അത്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് മാത്രമല്ല, പൊതുജീവിതത്തില്‍തന്നെ നില്‍ക്കാന്‍ അര്‍ഹതയില്ല. ഡല്‍ഹിയില്‍ പരിപാടിയൊന്നുമില്ലാതെ താന്‍ ഒരു ദിവസം തങ്ങിയെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. അങ്ങനെ ഒരു ദിവസം തനിക്കില്ല. പറയപ്പെടുന്ന ദിവസം വിജ്ഞാന്‍ഭവനില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ എന്തെങ്കിലും വിശ്വസനീയത ഉണ്ടോ എന്നറിയാന്‍ പ്രതിപക്ഷം തയാറായില്ല. ഈ നിലപാട് സംസ്ഥാനത്തിന് തന്നെ നാണക്കേടും ജനാധിപത്യത്തില്‍ കറുത്തപാടും ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുപോലെ ദുര്‍ബലമായ പ്രതിപക്ഷം ഉണ്ടായ കാലമില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമീഷനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നും പ്രതിയെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കമീഷനുള്ള മറുപടി കോടതി പറഞ്ഞിട്ടുണ്ട്. കമീഷന്‍ കോടതിയും ജഡ്ജിയുമല്ല. 1958ലെ എന്‍ക്വയറി കമീഷന്‍ ആക്ട് പ്രകാരം രൂപവത്കരിച്ച കമീഷന് സാക്ഷികളെ വിളിച്ചുവരുത്താനും തെളിവുകള്‍ ശേഖരിക്കാനും അധികാരമുണ്ട്. എന്നാല്‍, അധികാരങ്ങള്‍ പരിമിതമാണെന്ന ബോധ്യമുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയില്‍ എങ്ങനെ നന്നായി പെരുമാറണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് ഇംപോസിഷന്‍ നല്‍കണമെന്ന് കെ.എം. മാണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രക്തത്തിന് വേണ്ടിയാണ് പ്രതിപക്ഷം ദാഹിക്കുന്നതെന്നും അദ്ദേഹത്തിന് പിന്നില്‍ കേരളത്തിലെ ജനകോടികളുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും മാണി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.