റബർ വിലയിടിവ്: നട്ടം തിരിഞ്ഞ് മൂന്ന് പൊതുമേഖലാ സ്​ഥാപനങ്ങൾ

കോട്ടയം: റബർ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലായി. റബർ കൃഷി മുഖ്യവരുമാനമായി കണ്ടിരുന്ന കോട്ടയം ആസ്ഥാനമായ പ്ലാേൻറഷൻ കോർപറേഷനും (പി.സി.കെ), പുനലൂർ ആസ്ഥാനമായ സ്റ്റേറ്റ് ഫാമിങ് കോർപറേഷനും (എസ്.എഫ്.സി), റീഹാബിലിറ്റേഷൻ പ്ലാേൻഷൻസുമാണ് (ആർ.പി.എൽ) വിലയിടിവിനെ തുടർന്ന് നിലനിൽപ് പ്രതിസന്ധിയിലായത്.

സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി പ്ലാേൻറഷൻ കോർപറേഷന് 16,185 ഏക്കറിലും ഫാമിങ് കോർപറേഷന് 2100 ഏക്കറിലും റീഹാബിലിറ്റേഷൻ പ്ലാേൻഷൻസിന് 1600 ഏക്കറിലുമാണ് റബർ കൃഷി. വിലയിടിവ് മൂന്നു സ്ഥാപനങ്ങളുടെയും മുഖ്യവരുമാനത്തെ തന്നെ ബാധിച്ചു. ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും എസ്റ്റേറ്റിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന പതിനായിരത്തോളും തൊഴിലാളികളും ദുരിതത്തിലായി.

റബറിന് വില കത്തിനിന്നപ്പോൾ പ്രതിവർഷം 120–140 കോടിവരെയായിരുന്നു പി.സി.കെയുടെ വരുമാനം. 20–30 കോടിയായിരുന്നു എസ്.എഫ്.സിക്കും ആർ.പി.എല്ലിെൻറയും വാർഷിക വരുമാനം. എന്നാൽ, റബർ വില നൂറിൽ താഴെയായതോടെ വരുമാനം ഗണ്യമായി കുറഞ്ഞു. പി.സി.കെയുടെ വരുമാനത്തിൽ 70 ശതമാനത്തിെൻറവരെ കുറവുണ്ടായതായാണ് കണക്ക്. പ്ലാേൻറഷൻ കോർപറേഷൻ റബർ കൃഷിക്ക് പുറമെ 16,200 ഏക്കറിൽ കശുവണ്ടിയും 1785 ഏക്കറിൽ ഓയിൽപാമും കൃഷി ചെയ്യുന്നുണ്ട്. ഇതിൽനിന്നുള്ള വരുമാനമാണ് പി.സി.കെയുടെ നിലനിൽപെങ്കിലും ഇവയുടെ ഉൽപാദനക്കുറവും വിലയിടിവും കോർപറേഷനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി കോർപറേഷൻ അധികൃതർ പറയുന്നു.

കോർപറേഷെൻറ കാസർകോട്ടെ കശുമാങ്ങ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി ഇതിനകം 50 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഫലത്തിൽ നിലനിൽപിനായുള്ള പോരാട്ടത്തിലാണ് പി.സി.കെ. അതിനിടെ കോർപറേഷെൻറ എല്ലാ തോട്ടങ്ങളിലും പച്ചക്കറിയടക്കം മറ്റ് കൃഷികളുടെ വ്യാപനവും ഈർജിതമാക്കി. ഒരിഞ്ചു ഭൂമിപോലും തരിശിടാതെ കൃഷികൾക്കായി വിനിയോഗിക്കാനുള്ള തീരുമാനവും സ്ഥാപനം നടപ്പാക്കിവരികയാണ്.

എന്നാൽ, റബറിൽനിന്നുള്ള ആദായം കൊണ്ടുമാത്രം മുന്നോട്ടുപോകുന്ന മറ്റ് രണ്ടു കോർപറേഷനുകളും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് കോർപറേഷൻ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിസന്ധിയുടെ ഗൗരവം സർക്കാറിനെ അറിയിച്ചു.

റബറിന് 240 രൂപ വിലയുണ്ടായിരുന്നപ്പോൾ ദൈനംദിന ചെലവുകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്താതിരുന്നതും തൊഴിലാളികളുടെ ആനുകൂല്യം വർധിപ്പിച്ചതും തിരിച്ചടിയായെന്നും കോർപറേഷൻ അധികൃതർ പറയുന്നു. വില ഉയരാനുള്ള സാധ്യതകളൊന്നും തൽക്കാലം ഇല്ലാത്തതിനാൽ നിലനിൽപിനായി ഇവരും പി.സി.കെ മാതൃകയിൽ ബദൽ മാർഗങ്ങൾ തേടുകയാണ്. ഫാമിങ് കോർപറേഷന് പമ്പ നിലക്കലിടക്കം ഏറ്റവും മികച്ച തോട്ടങ്ങളാണുള്ളത്.
ആർ.പി.എല്ലിന് തെന്മല ഭാഗത്താണ് തോട്ടം. പി.സി.കെ നിലവിൽ അതിരപ്പള്ളിയിലും ചാലക്കുടിയിലും പച്ചക്കറി കൃഷി വ്യാപകമാക്കി. പുതിയ സാമ്പത്തിക വർഷത്തിൽ കൂടുതൽ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും കോർപറേഷൻ അറിയിച്ചു. നഷ്ടത്തിെൻറ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് പി.സി.കെ എം.ഡി പറഞ്ഞു. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ആവർത്തന–പുതുകൃഷി വേണമോയെന്ന ആലോചനയിലാണ് മൂന്നു സ്ഥാപനങ്ങളും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.