‘സ്ഥാനാർഥി നിർണയത്തിലെ പാളിച്ച പാലക്കാട്ടെ പരാജയത്തിന് കാരണമായി’; ബി.ജെ.പി നേതൃത്വത്തെ വിമർശിച്ച് നഗരസഭ അധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റിയാൽ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വോട്ട് മറിച്ചെന്ന ആരോപണം പ്രമീള ശശിധരൻ തള്ളി. ആർ.എസ്.എസിലൂടെ പ്രവർത്തിച്ചുവന്ന ഒരാൾക്കും വോട്ട് മറിക്കാൻ സാധിക്കില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പിൽ വ്യക്തമായത്. തന്‍റെ വാർഡിൽ വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നും പ്രമീള പറഞ്ഞു.

പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാർഥിയാക്കണമെന്ന് ഒരാൾ പറഞ്ഞാൽ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കിൽ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാർഥിയെ കുറിച്ച് പരാതി ഉയർന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. സി. കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. ബി.ജെ.പി ജയിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയെങ്കിലും ജനവിധി എതിരായെന്ന് പ്രമീള ചൂണ്ടിക്കാട്ടി.

ഒരേ ആൾ തന്നെ ആവർത്തിച്ച് സ്ഥാനാർഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിന് സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ സി. കൃഷ്ണകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി പദവി രാജിവെക്കുമോ എന്നും തനിക്കറിയില്ല. കേന്ദ്ര, സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട കാര്യത്തിൽ പ്രതികരിക്കുന്നില്ല.

നഗരസഭ ഭരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന, ജില്ല നേതൃത്വമാണ് ഇടപെടേണ്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട്ടുകാരനാണ്. പിഴവുണ്ടെങ്കിൽ അക്കാര്യം അറിയിക്കേണ്ടത് നേതൃത്വമാണ്. ജില്ലാ നേതൃത്വത്തോട് ആലോചിച്ചാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത്.

തോൽവിയുടെ കാരണം നഗരസഭയുടെ മേൽ കെട്ടിവെക്കുകയാണ്. ജില്ല നേതൃത്വത്തിന്‍റെ കീഴിലുള്ള നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Palakkad Election Defeat; Municipality Chairperson criticise BJP Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.