മോദി താഴ്ന്ന സമുദായത്തിലുള്ള ആളായതുകൊണ്ടാണോ പ്രതിമയില്‍ ചാണകവെള്ളം തളിച്ചതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ആര്‍.ശങ്കര്‍ പ്രതിമയില്‍ കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് പ്രധാനമന്ത്രി താഴ്ന്ന സമുദായത്തിലുള്ള ആളായതുകൊണ്ടാണോ എന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ആര്‍.ശങ്കര്‍ പ്രതിമ ശുദ്ധിവരുത്താനാണെന്ന പേരിലാണ് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത്. താഴ്ന്ന സമുദായക്കാരനായ നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതാണ് കോണ്‍ഗ്രസുകാര്‍ അശുദ്ധിയായി കണക്കാക്കുന്നത്. പ്രധാനമന്ത്രിക്കെതിരായി നടത്തിയ ജാതീയമായ അധിക്ഷേപം കൂടിയാണ് ഈ നടപടിയെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോഴും ഒരു വിഭാഗം മുന്നോക്ക സമുദായക്കാര്‍ക്ക് അന്നത് വലിയ പ്രശ്നമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠക്കെതിരെ അവര്‍ രംഗത്തു വന്നു. സമാനമായ സാഹചര്യമാണ് ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തിലും നേരിടുന്നത്. അന്ന് ശ്രീനാരായണ ഗുരുദേവനായിരുന്നു പിന്നാക്ക വിഭാഗക്കാരനാണെന്നതിന്‍െറ പേരില്‍ അധിക്ഷേപത്തിനിരയായതെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സെന്ന വരേണ്യവിഭാഗത്തിന്‍്റെ അധിക്ഷേപത്തിനും തൊട്ടുകൂടാമക്കും നരേന്ദ്രമോദി ഇരയാകുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടെ കേരള രാഷ്ട്രീയത്തില്‍ ധ്രുവീകരണം ഉണ്ടായിരിക്കുന്നു. മോദി വിരുദ്ധരും മോദി അനുകൂലികളുമെന്ന രണ്ടു ചേരി മാത്രമാണിപ്പോള്‍ ഉള്ളത്. ബി.ജെ.പി അനുകൂലികളും ബി.ജെ.പി വിരുദ്ധരും മാത്രം. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ ബി.ജെ.പി വിരുദ്ധ ചേരികളിലായി. ബി.ജെ.പിയെ എതിര്‍ക്കുന്നതിന് ഒന്നിച്ചു നില്‍ക്കുന്ന ഇക്കൂട്ടര്‍ പരസ്പരം ഉന്നയിച്ചിരുന്ന ആരോപണങ്ങളും അഴിമതിയുമെല്ലാം മറന്നിരിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിവിരുദ്ധരും അനുകൂലികളും എന്ന രണ്ട് ചേരികള്‍ തമ്മിലുള്ള മത്സരമായിരിക്കും കേരള രാഷ്ട്രീയത്തിലുണ്ടാകുകയെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.