ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റാങ്ക് പട്ടിക: അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ് പി.എസ്.സി അട്ടിമറിക്കുന്നെന്ന്

തിരുവനന്തപുരം: ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റാങ്ക് പട്ടികയിലെ നിയമനനടപടികള്‍ നിര്‍ത്തിവെക്കണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ് പി.എസ്.സിയും സാമൂഹികനീതി വകുപ്പും അട്ടിമറിക്കുന്നതായി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിക്കാത്ത യോഗ്യതയുള്ളവരെക്കൂടി ഉള്‍പ്പെടുത്തി പി.എസ്.സി പ്രസിദ്ധപ്പെടുത്തിയ റാങ്ക്പട്ടികയിലെ നിയമനനടപടികള്‍ നിര്‍ത്തിവെക്കാന്‍ നവംബര്‍19ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. യഥാര്‍ഥ യോഗ്യതയുള്ളവരോട് കാട്ടുന്ന നീതിനിഷേധത്തിനെതിനെ അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 2011ലാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം സോഷ്യോളജി, സോഷ്യല്‍വര്‍ക്, ഹോം സയന്‍സ്, സൈക്കോളജി എന്നിവയില്‍ ബിരുദം അല്ളെങ്കില്‍ മറ്റേതെങ്കിലും വിഷയത്തില്‍ ബിരുദവും ബാലസേവിക പരിശീലന സര്‍ട്ടിഫിക്കറ്റ്, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. എന്നാല്‍, അടിസ്ഥാനയോഗ്യതയില്ലാത്തവരും എം.എ. സോഷ്യോളജിക്കാരും എം.എസ്.ഡബ്ള്യുക്കാരും അപേക്ഷിച്ചിരുന്നു. വിജ്ഞാപനത്തില്‍ പറയാത്ത ഇത്തരക്കാരെക്കൂടി ഉള്‍പ്പെടുത്തിയാണ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധപ്പെടുത്തിയത്. അധികയോഗ്യതയാണ് ഇവരുടെ കാര്യത്തില്‍ പി.എസ്.സി പരിഗണിച്ചത്. ഇത് അടിസ്ഥാന യോഗ്യതയുള്ളവരുടെ നിയമനസാധ്യതക്ക് മങ്ങലേല്‍പ്പിച്ചു.

സപ്ളിമെന്‍ററി പട്ടിക ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ അടങ്ങുന്ന റാങ്ക് ലിസ്റ്റില്‍ പകുതിയിലേറെയും അനര്‍ഹരാണ്. വിജ്ഞാപനത്തില്‍ പറയാത്ത അധികയോഗ്യത അയോഗ്യതയാണെന്ന സുപ്രീംകോടതി ഉത്തരവാണ് പി.എസ്.സി ലംഘിച്ചത്. നിയമനനടപടികളില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടി.എസ്. സുരഭി, വിജി ചന്ദ്രന്‍നായര്‍, സി.എ. ഷംനഖാന്‍, എന്‍.എസ്. സിമ്മി, എസ്. ആശ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.