സോഷ്യല്‍ മീഡിയയുടെ വര്‍ഷം

മുൻ വർഷത്തെക്കാളും ഏറെ ചർച്ചകളും സംവാദങ്ങളും നടന്ന ഇടമാണ് സോഷ്യൽ മീഡിയ 2015ൽ. ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ആഹ്വാനം മുതൽ ഫാസിസത്തിനെതിരെയുള്ള സമരപ്രഖ്യാപനങ്ങൾ വരെ വളരെ ഫലപ്രദമായി സോഷ്യൽ മീഡിയയിൽ നടന്നു. വിവിധ വിഷയങ്ങളിലുള്ള ശക്തമായ നിലപാടുകൾ മുതൽ പരിഹാസം വരെ ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞുനിന്നു.
 

ചെന്നൈ പ്രളയവും സോഷ്യല്‍ മീഡിയയും

കേരളത്തിന്‍െറ അയല്‍പ്രദേശമായ ചെന്നൈയിലുണ്ടായ പ്രളയത്തിന്‍െറ തീവ്രത ലോകത്തെ അറിയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്.  പ്രളയ ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിലടക്കം സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫേസ്ബുക്കില്‍, ഏറെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടന്നത്.
 
പ്രളയബാധിതരെ സഹായിക്കാന്‍ നിരവധി പേര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തി. ഇതിലൂടെ ഒട്ടേറെ സഹായം ചെന്നൈയില്‍ എത്തിക്കാനായി. ചെന്നൈക്ക് അടുത്ത് താമസിക്കുന്നവര്‍ അവര്‍ക്ക് ഒരുക്കാന്‍ സാധിക്കുന്ന താമസ സൗകര്യങ്ങളുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ആരാധനാലയങ്ങളും ഇത്തരം താമസസൗകര്യങ്ങളെ പറ്റി അറിയിച്ചു. ഭക്ഷണവും വെള്ളവും വസ്ത്രവുമടക്കം സഹായപ്രവാഹമാണ് കേരളത്തിൽ നിന്നടക്കം ഉണ്ടായത്.

അയ് ലൻ കുർദി
 

അയ് ലൻ കുർദി: അഭയാർഥി ദുരിതത്തിൻെറ നേർക്കാഴ്ച

ചരിത്രം കണ്ട രൂക്ഷമായ അഭയാർഥിപ്രവാഹത്തിന് സാക്ഷ്യം വഹിച്ച വർഷമാണ് 2015. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രവാഹമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും സിറിയയിൽ നിന്നാണ് അഭയാർഥികൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. , തുർക്കി, ഗ്രീസ്, ഹംഗറി, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രധാനമായും പലായനം നടന്നത്.

ഈ പ്രശ്നത്തിൻെറ നേർചിത്രമായാണ് അയ് ലൻ കുർദി എന്ന മൂന്നു വയസ്സുകാരൻെറ ചിത്രം പ്രചരിച്ചത്. തുർക്കിയിലെ ബോഡ്റമിലെ ബീച്ചിൽ കമഴ്ന്നു കിടക്കുന്ന അയ് ലൻ കുർദിയുടെ മൃതദേഹത്തിൻെറ ചിത്രമാണ് ലോകം മുഴുവൻ ചർച്ചയായത്. ഗ്രീസിലെ കോസ് ദ്വീപ് ലക്ഷ്യമാക്കി പോയ അഭയാർഥി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിലാണ് അയ് ലൻ കുർദിയുടെ മരണം സംഭവിച്ചത്. നിലോഫർ ഡെമിർ എന്ന തുർക്കിഷ് വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രം എടുത്തത്.

ചിത്രം പുറത്തായതിന് ശേഷം പല രൂപത്തിലും അത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ചിലർ സ്വന്തം പ്രൊഫൈൽ ചിത്രമായി ഇത് ഉപയോഗിച്ചു. അയ് ലൻ കുർദി സ്വർഗത്തിലേക്ക് പോകുന്ന രീതിയിലടക്കമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.

നിഷ്രിന്‍ ജാഫ്രി
 

സെല്‍ഫി വിത്ത് ഡോട്ടര്‍, നിഷ്രിന്‍ ജാഫ്രി

പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമണത്തിനെതിരായ ബോധവത്കരണത്തിനായി സെല്‍ഫി വിത്ത് ഡോട്ടര്‍ (മകളുടെ കൂടെ ഒരു സെല്‍ഫി) എന്നൊരു കാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.  ഇതിനുള്ള പ്രതികരണമായി സാമൂഹ്യമാധ്യങ്ങളിൽ ഒരുപാട് പേര്‍ പെണ്‍കുട്ടികളുടെ കൂടെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തു.

അതിനിടെ ഗുജറാത്ത് കലാപത്തില്‍ ചുട്ടുകൊല്ലപ്പെട്ട ഇഹ്സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്രീന്‍ ജാഫ് രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഏവരെയും ഞെട്ടിച്ചു. പിതാവ് ഇഹ്സാന്‍ ജാഫ്രിയുടെ കൂടെ നില്‍ക്കുന്ന പഴയ ഫോട്ടായാണ് നിഷ്രിന്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രം അയാളെ എക്കാലത്തും വേട്ടയാടും എന്ന കമന്‍റും ചിത്രത്തിനടിയിൽ നല്‍കി. ഏറെ പേര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 


നെറ്റ് ന്യൂട്രാലിറ്റി

ഇന്‍റര്‍നെറ്റില്‍ ലഭ്യമായ എല്ലാ കാര്യങ്ങളും നിയന്ത്രണങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക് എപ്പോഴും ലഭ്യമാകുന്ന സാഹചര്യമാണ് നെറ്റ് ന്യൂട്രാലിറ്റി (ഇന്‍റര്‍നെറ്റ് സമത്വം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാട്സ് ആപ്പ്, സ്കൈപ്പ് എന്നിവയടക്കമുള്ള സേവനങ്ങള്‍ക്ക് ഓഫറിന് പുറമെ പണം ഈടാക്കാനുള്ള സേവന ദാതാക്കളുടെ നീക്കമാണ് നമ്മുടെ രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ചര്‍ച്ച സജീവമാക്കിയത്.

മെസ്സഞ്ചര്‍ സംവിധാനങ്ങള്‍ സജീവമായതോടെ ഫോണ്‍ കാള്‍ വഴിയുള്ള വരുമാനത്തില്‍ വന്‍ കുറവ് കമ്പനികൾക്കുണ്ടായി എന്നാണ് റിപ്പോർട്ട്. ഇതാണ് അധിക ചാര്‍ജ് ഈടാക്കാന്‍ സേവന ദാതാക്കള്‍ തീരുമാനിക്കാൻ കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പാര്‍ലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നു. സ്വാഭാവികമായും സോഷ്യല്‍ മീഡിയയിലും ശക്തമായ ക്യാമ്പയിന്‍ നടന്നു. സേവ് ദ ഇന്‍റര്‍നെറ്റ്, നെറ്റ് ന്യൂട്രാലിറ്റി ഇന്ത്യ എന്നീ ഹാഷ്ടാഗുകളിലായിരുന്നു പ്രചാരണം. പ്രമുഖരായ വ്യക്തികള്‍ നെറ്റ് ന്യൂട്രാലിറ്റിക്കായി രംഗത്തുവന്നു. 
 

അഹ്മദ് മുഹമ്മദ്
 

ക്ലോക്ക് ബാലന്‍ അഹ്മദ് മുഹമ്മദ്

യു.എസിലെ ടെക്സസില്‍ ക്ലോക്കുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലായ 14കാരന് സോഷ്യല്‍ മീഡിയ പിന്തുണ അറിയിച്ചു. ടെക്സസിലെ മക് ആര്‍തര്‍ സ്കൂളിലെ വിദ്യാര്‍ഥിയായ അഹ്മദ് മുഹമ്മദ് താന്‍ നിര്‍മിച്ച ക്ലോക്കുമായി സ്കൂളിലേക്ക് വന്നതാണ് വിനയായത്. അധ്യാപകരെ കാണിക്കാനാണ് ബാലന്‍ അത് സ്കൂളിലേക്ക് കൊണ്ടുവന്നത്. ക്ലോക്ക് പരിശോധിച്ച് അധ്യാപകന്‍ ഇതിന് ബോംബുമായി സാമ്യതയുണ്ടെന്ന് പറഞ്ഞു. പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ചു. പൊലീസ് അഹ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ഒന്നരമണിക്കൂര്‍ മാതാപിതാക്കളെ അറിയിക്കുക പോലും ചെയ്യാനാകാതെ കസ്റ്റഡിയില്‍ വെച്ചു. ഡാളസ് മോണിങ് ന്യൂസ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകം ഇക്കാര്യം അറിഞ്ഞത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ Istandwithahmed എന്ന ഹാഷ്ടാഗില്‍ അഹ്മദിന് പിന്തുണ വന്നു. 

സംഭവം പ്രചരിച്ചതോടെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗ്ള്‍ എന്നിവര്‍ അഹ്മദിനെ പിന്തുണ അറിയിച്ചു. ഒബാമ അഹ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. അഹ്മദ്, നിന്നെപ്പോലെയുള്ള ശാസ്ത്രത്തില്‍ താത്പര്യമുള്ള കുട്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു. പിന്നീട് അഹ്മദ് ഒബാമയെ സന്ദര്‍ശിച്ചു. നാസയുടെ ഒരു ടീഷര്‍ട്ട് ധരിച്ചുകൊണ്ടായിരുന്നു അമ്മദിന്‍െറ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നാസയും അഹ്മദിന് പിന്തുണ പ്രഖ്യാപിച്ചു. പോയവര്‍ഷം സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്. ഇതുകൂടാതെ ഐ.ടി ഭീമനായ മൈക്രോസോഫ്റ്റ് അവരുടെ ചില ഉത്പന്നങ്ങള്‍ അഹ്മദിന് സമ്മാനമായി നല്‍കുകയും ചെയ്തു. 

കെ. സുരേന്ദ്രൻ, വി.ടി ബൽറാം
 

വി.ടി ബല്‍റാം vs സുരേന്ദ്രന്‍

കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമും ബി. ജെ.പി നേതാവ് കെ. സുരേന്ദ്രനും തമ്മില്‍ ഫേസ്ബുക്കില്‍ നടന്ന വാഗ്വാദം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോദി സര്‍ക്കാറിന്‍െറ മുദ്രാവാക്യമായിരുന്ന ‘അച്ഛേ ദിന്‍ ആനേവാലെ ഹെ’ യെ പറ്റി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവയെ ചൊല്ലിയാണ് ബല്‍റാമും സുരേന്ദ്രനും കൊമ്പുകോര്‍ത്തത്. അച്ഛേ ദിന്‍ വരാന്‍ 25 വര്‍ഷമെടുക്കും എന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. അതിനെ പരിഹസിച്ച് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റില്‍ നരേന്ദ്രമോദിയെ ഡംഭുമാമനെന്നും അമിത് ഷായെ അമിട്ട് ഷാജിയെന്നും ബല്‍റാം വിശേഷിപ്പിച്ചു.

ഇതിന് ബലരാമാാാ എന്ന് തുടങ്ങുന്ന മറുപടി സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തു. അമിത് ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍ ബല്‍റാം കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്നും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ബി.ജെ.പി ഭരിക്കുന്ന സമയം വരാന്‍ ഇനിയും കാലമെടുക്കുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതിന് പോസ്റ്റിനടിയില്‍ തന്നെ കമന്‍റിട്ട് ബല്‍റാം മറുപടി നല്‍കി.

എന്നാല്‍ ഈ പോരാട്ടത്തിന്‍െറ ഏറ്റവും വലിയ ക്ലൈമാക്സ് വന്നത് ഡിസംബറിൽ മോദി കേരളത്തില്‍ വന്നപ്പോഴാണ്. മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സുരേന്ദ്രന് പിഴവ് പറ്റി. മോദി പറഞ്ഞതല്ല സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്. ഈ സംഭവത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ വന്നു ബല്‍റാമിന്‍െറ പോസ്റ്റ്: ഹിന്ദി അക്ഷരമാല പഠിപ്പിക്കുന്ന ഒരു ചിത്രം മാത്രം പോസ്റ്റുചെയ്തായിരുന്നു ബല്‍റാമിന്‍െറ 'മധുരപ്രതികാരം'. 

സുരേന്ദ്രന്‍െറ പ്രസംഗം

കെ. സുരേന്ദ്രന്‍െറ നേരത്തെ സൂചിപ്പിച്ച പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. സന്ദേശം എന്ന സിനിമയില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച ദേശീയ രാഷ്ട്രീയ നേതാവിന്‍െറ ഡയലോഗുകളടക്കം ഉപയോഗിച്ചായിരുന്നു പരിഹാസം. സുരേന്ദ്രനെ പിന്തുണച്ചും കുറെ പേര്‍ രംഗത്തെത്തി. മുമ്പ് മോദി തിരുവനന്തപുരത്ത് വന്നപ്പോള്‍ സുരേന്ദ്രന്‍ പരിഭാഷ ചെയ്തതടക്കം അവര്‍ ചൂണ്ടിക്കാട്ടി. 

ദീപ നിശാന്ത്
 

ദീപ നിശാന്തിന്‍െറ പോസ്റ്റ്

തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്. ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി. ബീഫ് ഫെസ്റ്റിനെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ദീപ നിശാന്ത് ഇത്തരത്തില്‍ പോസ്റ്റിടാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷിക്കാന്‍ കോളജ് മാനേജ്മെന്‍റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. 

 

സലിം കുമാർ, ജഗതി ശ്രീകുമാർ, മാമുക്കോയ
 

പ്രമുഖരെ ‘കൊന്ന’ വര്‍ഷം

നടന്‍മാരായ ജഗതി ശ്രീകുമാര്‍, മാമുക്കോയ, സലിംകുമാര്‍ എന്നിവര്‍ മരിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ചു. വാട്സ് ആപ്പ് വഴിയാണ് വാർത്തകൾ പ്രചരിച്ചത്.
അനാരോഗ്യം കാരണം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സലിം കുമാര്‍ മരണപ്പെട്ടു എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. ഇത് കണ്ട് ചിലര്‍ ഫേസ്ബുക്കിലടക്കം സലിംകുമാറിന് ആദരാഞ്ജലി  അര്‍പ്പിച്ചു.  ഇതിനെതിരെ സലീംകുമാറിന്‍െറ സുഹൃത്ത് കൂടിയായ നാദിര്‍ഷയടക്കം രൂക്ഷമായാണ് പ്രതികരിച്ചത്.

മാമുക്കോയയെയാണ് രണ്ടാമതായി വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കി മരിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള മാമുക്കോയ മരണപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ഇതറിഞ്ഞ് മാമുക്കോയയെ തന്നെ ചിലര്‍ വിളിച്ചു. താന്‍ വയനാട്ടിലുണ്ടെന്നും ഷൂട്ടിങ്ങിലാണെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം.

ഏറ്റവും ഒടുവില്‍ വാര്‍ത്ത പടക്കുന്നവരുടെ ഇര ജഗതി ശ്രീകുമാറായിരുന്നു. അപകടം പറ്റി ചികില്‍സയില്‍ കഴിയുന്ന ജഗതി ഹൃദയാഘാതം കാരണം മരിച്ചു എന്നായിരുന്നു വാര്‍ത്ത. മനോരമ ചാനലില്‍ വന്ന വാര്‍ത്ത എന്ന നിലക്കായിരുന്നു വാട്സ് ആപ്പില്‍ ഇത് പ്രചരിച്ചത്. ഇതിനെതിരെ ജഗതിയുടെ കുടുംബം കേസ് കൊടുത്തു. 

മനുഷ്യസംഗമവും അമാനവ സംഗമവും

'മനുഷ്യരാ'യി നിന്ന് ഫാസിസത്തിനെതിരെ പ്രതിഷേധിക്കൂ എന്ന സന്ദേശവുമായി കൊച്ചിയിൽ 'മനുഷ്യ സംഗമം' നടന്നു. ഇതിൻെറ സംഘാടകരുടെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും ഫേസ്ബുക്കില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നു. സ്വത്വത്തെ നിരാകരിച്ച് ഫാസിസത്തിനെതിരായി പ്രതിഷേധിക്കുന്നത് നിലവിലുള്ള സവര്‍ണഹൈന്ദവ ഫാസിസത്തെ അനുകൂലിക്കുക മാത്രമാണ് ചെയ്യുകയെന്ന് ആരോപണം ഉയർന്നു.

ഇത് ചൂണ്ടിക്കാട്ടി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ കോഴിക്കോട് 'അമാനവ സംഗമം' നടത്തി. മനുഷ്യന്‍ എന്നതിലുപരി മുസ് ലിം, ദലിത് സ്വത്വം ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ അമാനവ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു. മനുഷ്യ സംഗമം നേരത്തേ മുന്‍കൂട്ടി നടത്തിയ സംഗമമാണെങ്കില്‍ അമാനവ സംഗമം ഫേസ്ബുക്ക് ചര്‍ച്ചയിലൂടെ ഉണ്ടായി വരികയായിരുന്നു. 

ഒരാഴ്ചയോളം ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചയായിരുന്നു മനുഷ്യ സംഗമവും അമാനവ സംഗമവും. തീര്‍ത്തും ആരോഗ്യകരമായ ചര്‍ച്ചകള്‍ ഈ സംഗമങ്ങള്‍ ഉയര്‍ത്തി എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയിര്‍കൊണ്ട സംഗമം എന്നതിനാല്‍ അമാനവ സംഘാടകരുടെ ഫേസ്ബുക്ക് പോസ്റ്ററുകള്‍ക്ക് പ്രഫഷനല്‍ മുഖമുള്ളവയും ആകര്‍ഷകവുമായിരുന്നു. എന്നാല്‍ മനുഷ്യ സംഗമക്കാരും മറുപടി പോസ്റ്ററുകളുമായി രംഗത്തെത്തി. അക്കാദമിക രംഗത്ത് നിന്നും സിനിമാ രംഗത്തുനിന്നും രാഷ്ട്രീയ രംഗത്ത് നിന്നുമുള്ള ധാരാളം പേര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഭാഗവാക്കാകുയും പലരും സംഗമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 

കണ്ണിനെ പറ്റിച്ച ഉടുപ്പ്

ഒരു ഉടുപ്പിന്‍െറ നിറത്തെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. നിറത്തിന്‍െറ കാര്യത്തില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്ത്രം കറുപ്പാണോ നീലയാണോ എന്നായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം. ഫെബ്രുവരി 26ന് ടംബ്ലര്‍ എന്ന മൈക്രോ ബ്ലോഗിങ് സൈറ്റിലാണ് ഈ നിറത്തെ പറ്റിയുള്ള ചര്‍ച്ച ആരംഭിച്ചത്. നമ്മുടെ നാട്ടിലും ഇക്കാര്യം ചര്‍ച്ചയായി. 

ഉമ്മന്‍ചാണ്ടിയുടെ അപരന്‍

കാനഡയില്‍ ജോലി ചെയ്യുന്ന മലയാളി വിനോദ് ജോണാണ് കൗതുകകരമായ ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ മുഖച്ഛായ തോന്നിക്കുന്നയാളുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാനഡയിലെ ഒരു റോഡില്‍കൂടി പോവുമ്പോളാള്‍ കണ്ടയാളെയാണ് ഇദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയത്. 

സി.ഇ.ടിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ ജീപ്പ്. ഇൻസെറ്റിൽ അപകടത്തിൽ മരിച്ച തെസ്നി
 

സി.ഇ.ടി സംഭവം

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജില്‍ (സി.ഇ.ടി) വിദ്യാര്‍ഥിനി ജീപ്പ് ഇടിച്ച് മരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഓണാഘോഷത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ ക്യാമ്പസിലൂടെ ഓടിച്ച ജീപ്പ് ഇടിച്ച് പരിക്കേറ്റ നിലമ്പൂര്‍ സ്വദേശി തസ്നിയാണ് ആശുപത്രിയില്‍ മരണപ്പെട്ടത്. സംഭവം നടന്നതിന് ശേഷം കോളജിലെ ഒരു അധ്യാപകന്‍ കുട്ടി മരിച്ചതിന് തങ്ങൾ കൂടി ഉത്തരവാദിയാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതും ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു. 

 

ലാലിസം ബാൻഡ്
 

ലാലിസവും വിവാദവും

ഇത്തവണ കേരളത്തിലേക്ക് വിരുന്നെത്തിയ ദേശീയ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് മറ്റൊരു ചര്‍ച്ചയുണ്ടായത്. ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിന്‍െറ പുതുതായി ഉണ്ടാക്കിയ ലാലിസം മ്യൂസിക് ബാന്‍ഡ് പരിപാടി അവതരിപ്പിച്ചു. ലൈവ് മ്യൂസിക് ഷോ എന്ന് പരസ്യം നല്‍കിയെങ്കിലും കരോക്കെയിട്ടായിരുന്നു ഗാനാലാപനങ്ങള്‍ നടന്നത്. മോഹന്‍ലാലും പരിപാടിയില്‍ പാടി. എന്നാല്‍ ലാലിന്‍െറ ശബ്ദം ഒരു വഴിക്കും മ്യൂസിക്ക് മറ്റൊരു വഴിക്കും പോയതടക്കം നിരവധി പാളിച്ചകളാണ് പ്രേക്ഷകര്‍ക്ക് കാണാനായത്.  സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസമേറ്റുവാങ്ങേണ്ടിവന്നു മോഹന്‍ലാലിന്‍െറ മ്യൂസിക് ബാന്‍ഡിന്‍െറ അരങ്ങേറ്റത്തിന്. 

 

കെജ് രിവാളിൻെറ ട്വീറ്റ്
 

കെജ് രിവാളിന്‍െറ ഓഫീസിലെ സി.ബി.ഐ റെയ്ഡ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തില്‍ കയറി സി.ബി.ഐ റെയ്ഡ് നടത്തിയത് ലോകം അറിഞ്ഞത് ട്വിറ്ററിലൂടെയാണ്. കെജ് രിവാള്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'സി.ബി.ഐ എന്‍െറ ഓഫീസ് റെയ്ഡ് ചെയ്യുന്നു' എന്നാണ് കെജ് രിവാള്‍ ട്വീറ്റ് ചെയ്തത്. രണ്ടായിരത്തിലേറെ പേരാണ് തുടക്കത്തില്‍ ഇത് റീട്വീറ്റ് ചെയ്തത്.

ഇതിന്‍െറ തുടര്‍ച്ചയായി വന്ന ട്വീറ്റില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി കെജ് രിവാള്‍ വിമര്‍ശിച്ചു. മോദി ഭീരുവും മനോരോഗിയുമാണെന്നായിരുന്നു കെജ് രിവാള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് ചര്‍ച്ചയായി.

വി.പി റജീനയുടെ ഫേസ്ബുക് പോസ്റ്റ് വിവാദം

മാധ്യമപ്രവര്‍ത്തക വി. പി റജീന അവരുടെ മദ്രസാ കാലത്ത് നടന്ന ഒരു സംഭവം പങ്കുവെച്ചത് ഏറെ വിവാദമായിരുന്നു. മുസ് ലിം സമുദായത്തിലെ പ്രത്യേക സംഘടനയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പിന്തുണയും വിമര്‍ശവും ഒരുപോലെ പോസ്റ്റിന് ലഭിച്ചു.

എതിര്‍ക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് കുറച്ചുദിവസത്തേക്ക് ഡിആക്ടിവേറ്റ് ചെയ്യപ്പെട്ടു. പോസ്റ്റും അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളും അക്കൗണ്ട് ബ്ളോക്ക് ചെയ്തതും എല്ലാം മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

വർഗീയ ട്വീറ്റുകൾക്ക് ഒരു ഡോളർ

തനിക്ക് ലഭിക്കുന്ന ഓരോ വംശീയമായ ട്വീറ്റുകൾക്കും ഒരു ഡോളർ വീതം യൂണിസെഫിന് നൽകുമെന്ന് അറിയിച്ചത് ആസ്ട്രേലിയന്‍ മുസ് ലിം യുവതി സൂസന്‍ കാര്‍ലന്‍റ് ആണ്. ഇതനുസരിച്ച് സംഭാവനയായി താൻ 1000 ഡോളര്‍ നല്‍കി എന്നും കാര്‍ലന്‍റ് ട്വിറ്ററിലൂടെ അറിയിച്ചു.നവംബറിലായിരുന്നു അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ഈ ട്വീറ്റ്.

 

സച്ചിനും ബ്രിട്ടീഷ് എയര്‍വേയ്സും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതര്‍ അപമാനിച്ചു എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമാനത്തില്‍ സീറ്റുണ്ടായിട്ടും കൂടെയുള്ളവരുടെ വെയ്റ്റിങ് ലിസ്റ്റ് കണ്‍ഫേം ചെയ്തില്ല എന്ന് പറഞ്ഞുള്ള സച്ചിന്‍െറ ട്വീറ്റാണ് സംഭവങ്ങളുടെ തുടക്കം. തന്‍െറ രോഷം സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇതില്‍ ക്ഷമചോദിച്ച എയര്‍വേയ്സ് അധികൃതര്‍ സച്ചിന്‍െറ പേരും വിലാസവും ബാഗേജ് റെഫറന്‍സും ചോദിച്ചു. ഇത് സച്ചിന്‍ ആരാധകരുടെ വ്യാപക വിമര്‍ശത്തിന് കാരണമായി. സച്ചിന്‍െറ പേരും അഡ്രസും ചോദിച്ചത് അവര്‍ക്ക് പറ്റിയില്ല. പേര് ചോദിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നൊക്കെയുള്ള ട്വീറ്റുകളാണ് പ്രചരിച്ചത്.

ബ്രിട്ടീഷ് എയർവേഴ്സിൻെറ പ്രതികരണം അറിഞ്ഞ മലയാളികള്‍ സോഷ്യൽ മീഡിയയിൽ തങ്ങളുടെ തനി സ്വഭാവം പുറത്തെടുത്തു. സച്ചിനെ ബ്രിട്ടീഷ് എയര്‍വേയ്സ് അപമാനിച്ചു എന്നുപറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്സിന്‍െറ ഫേസ്ബുക്ക് പേജ് മലയാളികള്‍ 'കൈയേറു'കയായിരുന്നു. ബ്രിട്ടീഷ് എയര്‍വേയ്സിന്‍െറ പേജില്‍ തെറി പറഞ്ഞുകൊണ്ടാണ് മലയാളികള്‍ ആശ്വാസം കണ്ടത്തെിയത്. നേരത്തെ സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപോവയുടെ ഫേസ്ബുക്ക് പേജും ഇതുപോലെ 'കയറിഇറങ്ങലി'ന് വിധേയമായിരുന്നു.

 

അഭയാർഥി ബാലനെ തൊഴിച്ച ഹംഗേറിൻ കാമറവുമൺ

സിറിയയിൽ നിന്നുള്ള അഭയാർഥി പ്രവാഹത്തിനിടയിൽ നിന്നുള്ള കാഴ്ച ലോകം മുഴുവൻ ചർച്ചയായി. ഹംഗറി അതിർത്തിയിലേക്ക് കടക്കുകയായിരുന്ന സിറിയൻ അഭയാർഥികളെ കാലുകൊണ്ട് തൊഴിക്കുന്ന കാമറവുമണിൻെറ വിഡിയോ ലോകം മുഴുവൻ കണ്ടു. ഒരു കുട്ടിയെ എടുത്തുകൊണ്ട് ഓടുന്ന പിതാവിനെ തൊഴിച്ച് താഴെയിടുന്ന രംഗമാണ് ഇതിൽ കൂടുതൽ പേർ കണ്ടത്. ഹംഗറിയിലെ തീവ്ര വലതുപക്ഷ ഓൺലൈൻ ടിവിയായ എൻ1 ടിവിയിലെ ക്യാമറാപേഴ്സൺ പെട്രാ ലാസ് ലോ ആണ് അഭയാർഥികളെ തൊഴിച്ചത്.

ഇതിനെതിര ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. വ്യാപക വിമർശത്തിന് ഇത് ഇടയാക്കിയതോടെ സ്ഥാപനം ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിന് ശേഷം ഒരു പത്രത്തിന് എഴുതിയ കത്തിൽ ഇങ്ങനെ ചെയ്തതിൽ താൻ ഖേദിക്കുന്നു എന്ന് ലാസ് ലോ അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയ ഉപയോഗം ഏറെ സഹായകരമായ വ്യക്തിയാണ് നരേന്ദ്ര മോദി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ സോഷ്യൽ മീഡിയയിൽ പരിഹാസത്തിനിരയാവുകയും ചെയ്തു.

1

അന്താരാഷ്ട്ര യോഗ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ തൻെറ തോളിലുണ്ടായിരുന്ന ഷാൾ കൊണ്ട് മോദി മുഖം തുടക്കുന്ന ഫോട്ടാ വ്യാപകമായി പ്രചരിച്ചു. മോദി പതാകയെ അപമാനിച്ചു എന്നായിരുന്നു ആരോപണം. ഏറെ പോസ്റ്റുകളും ട്വീറ്റുകളും ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരുന്നു.

2

യു.എസ് സന്ദർശനത്തിടെ നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനവും സന്ദർശിച്ചു. ക്യാമറക്കണ്ണുകൾക്ക് മറയാകാതിരിക്കാൻ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സകർബർഗിനെ മോദി പിടിച്ചുമാറ്റുന്ന വിഡിയോ വൈറലായി. വാട്സ് ആപ്പിലടക്കം വിഡിയോ പ്രചരിച്ചു. സകർബർഗിനെ ശക്തമായി പിടിച്ചുമാറ്റുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ കറങ്ങിയത്.

3

റഷ്യൻ സന്ദർശനത്തിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ മോദി നടന്നുനീങ്ങിയ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഗാർഡ് ഓഫ് ഓണറിനിടെ ഒരു റഷ്യൻ ഉദ്യോഗസ്ഥൻ നൽകിയ തെറ്റായ സന്ദേശത്തിൻെറ അടിസ്ഥാനത്തിലാണ് മോദി നടന്നത്. എന്നാൽ ദേശീയഗാനം പശ്ചാത്തലത്തിൽ ഉള്ളപ്പോഴായിരുന്നു ഇത്. അപ്പോൾ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ മോദിയെ തടഞ്ഞ് നിൽക്കേണ്ട സ്ഥാനത്ത് തന്നെ എത്തിച്ചു.

4
ഇന്ത്യക്കാർ അവരുടെ നഷ്ടപ്പെട്ട അഭിമാനം തിരികെ കൊണ്ടുവന്നത് ബി.ജെ.പി സർക്കാരാണ് എന്ന് മോദി നടത്തിയ പ്രസ്താവന ഏറെ വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഇക്കാര്യം വിമർശത്തിനിടയാക്കി. മോദി ഇൻസൽറ്റ്സ് ഇന്ത്യ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വൻ പ്രതിഷേധമാണ് നടന്നത്. ചൈന സന്ദർശിക്കുന്ന സമയത്തായിരുന്നു മോദിയുടെ വിവാദ പ്രസ്താവന. മോദിയെ അനുകൂലിക്കുന്നവർ മോദി ഇന്ത്യാസ് പ്രൈഡ് എന്ന പ്രചരണവും നടത്തി.

5

മോദി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ റിപബ്ലിക് ദിനത്തിലാണ് സല്യൂട്ട് വിവാദമുണ്ടായത്. റിപബ്ലിക് ദിന പരേഡിനെ അഭിമുഖീകരിച്ച് മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും സല്യൂട്ട് ചെയ്തു. എന്നാൽ ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യാതെ അറ്റൻഷനായി നിന്നു. മോദിയെ രാഷ്ട്രീയമായി പിന്തുണക്കുന്ന വിഭാഗമടക്കം ഇക്കാര്യത്തിൽ ഹാമിദ് അൻസാരിയെ വിമർശിച്ചു.

എന്നാൽ പിന്നീട് ഉപരാഷ്ട്രപതിയുടെ ഓഫിസിൽ നിന്ന് വിശദീകരണം വന്നു. സർവസൈന്യാധിപനായ രാഷ്ട്രപതിയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരും സല്യൂട്ട് സ്വീകരിച്ചാൽ മതിയെന്നാണ് ചട്ടം എന്ന് കാണിച്ചായിരുന്നു വിശദീകരണം. ഇതോടെ പരേഡിൻെറ സമയത്ത് സല്യൂട്ട് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വിമർശം. ചട്ടം അറിയാത്തത് പ്രധാനമന്ത്രിക്കാണെന്ന വിമർശമാണ് പിന്നീടുണ്ടായത്.

യു.എസ് സന്ദർശനത്തിനിടെ പതാകയിൽ ഒപ്പിട്ടുനൽകിയതും മലേഷ്യയിൽ തലതിരിഞ്ഞ പതാകക്ക് മുന്നിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്തതും സോഷ്യൽ മീഡിയയിൽ പരിഹാസത്തിനിടയാക്കി.


 

സോഷ്യല്‍ മീഡിയ ചിലരുടെ ജീവിതം മാറ്റിമറിച്ചു 

സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ 13കാരനായ വിദ്യാര്‍ഥി ഹരേന്ദ്ര സിങ് ചൗഹാന്‍െറ കഷ്ടപ്പാടുകള്‍ ലോകം അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു. റോഡിലെ വെളിച്ചത്തില്‍ പഠിച്ചിരുന്ന ഹരേന്ദ്ര സിങ്ങിന്‍െറ വാര്‍ത്ത കണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കുട്ടിക്ക് പഠിക്കാനുള്ള സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നു. 

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം കാലിഫോര്‍ണിയയിലെ ഒരു സ്ത്രീക്ക് തന്‍െറ മകനുമായി 15വര്‍ഷത്തിന് ശേഷമുള്ള പുനഃസമാഗമത്തിന് വഴിയൊരുക്കി. ജോനാഥന്‍ എന്നു പേരുള്ള 18കാരന്‍ തന്‍െറ സഹോദരന്‍െറ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ ഇട്ടത്. ചിത്രം കണ്ട് അമ്മയോ സഹോദരനോ തന്നെ തിരിച്ചറിഞ്ഞ് തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടി ചിത്രം പോസ്റ്റ് ചെയ്തത്. ടൈം മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാമൂഹ്യമാധ്യമങ്ങളിൽ അരങ്ങേറിയ പ്രമുഖർ

2015 ജനുവരി ഒന്നിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ പേജ് ആരംഭിച്ചു. പുതുവത്സരം ആശംസിക്കുന്ന പോസ്റ്റാണ് ആദ്യം ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത് 2015ലാണ്. ഓഫീസ് ഓഫ് ആര്‍ജി (OfficeofRG) എന്ന പേരിലാണ് രാഹുല്‍ ട്വിറ്ററില്‍ അരങ്ങേറിയത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങ് ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിച്ചത് ഈ സെപ്റ്റംബറിലാണ്. മെയ് 25ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ട്വിറ്ററില്‍ പേജ് തുറന്നു. ഗൗരവമായ കാര്യങ്ങള്‍ പങ്കുവെക്കാനാണ് ട്വിറ്ററില്‍ സജീവമാകുന്നതെന്ന് ചിദംബംരം പറഞ്ഞു.

മെയ് മാസത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്നു. സാമൂഹ്യ മാധ്യമം വഴി പുതുതലമുറയുമായി കൂടുതല്‍ അടുക്കുന്നതിനാണ് പ്രതിരോധ മന്ത്രാലയത്തിന്‍െറ കാല്‍വെപ്പ്. ദേശീയ നിയമകമ്മീഷനും സോഷ്യല്‍ മീഡിയയിലേക്ക് കടന്നുവന്നു. മെയ് മാസത്തിലായിരുന്നു ഇത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി തന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഫേസ്ബുക്ക് വഴിയാണ്. 

തയ്യാറാക്കിയത്: ഷാബില്‍ ഹിഫ്സുല്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.