വോട്ടുചെയ്താൽ ദുരിതം തീരുമെന്ന പ്രതീക്ഷയിൽ കരിക്കനും വെള്ളച്ചിയും

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെയാണ് വിലങ്ങാട് പാതയോരത്തെ കെട്ടിൽ ആദിവാസി കോളനിയിലെ കരിക്കനും വെള്ളച്ചിയും വോട്ടുചെയ്ത് കുടിലിലേക്ക് മടങ്ങിയത്. റേഷൻ പ്രശ്നവും മരുന്നിെൻറ കാര്യങ്ങളും ശരിയാക്കുമെന്ന് സ്ഥാനാർഥി പറഞ്ഞിട്ടുണ്ട്. അതിെൻറ ആശ്വാസത്തിലാണവർ. സ്ഥാനാർഥിയുടെ പേരെന്താണെന്നൊന്നും അറിയില്ല. ചിഹ്നം അരിവാളാണ്. എല്ലാ തവണയും അരിവാളിനാണ് വോട്ട് ചെയ്യാറുള്ളത്. കോളനിയിലെ ഓരോ വീട്ടിലും ദുരിതം കൂടുകൂട്ടിയിട്ടുണ്ട്. ഇവിടത്തെ ഉണ്ണികളെ കണ്ടാലറിയാം ഈരുകളിലെ പഞ്ഞം എത്രമാത്രമെന്ന്.

ജോലിയില്ല; കൂലിയുമില്ല. സൗജന്യ റേഷനില്ല. കരണ്ടിന് വലിയ പൈസയടക്കണം. കുട്ടികളൊന്നും സ്കൂളിൽ പോകുന്നില്ല. ഇതെല്ലാം ഈ പണിയകോളനിയിലെ പതിവു പരാതികളാണെന്ന് 45കാരിയായ കല്യാണി പറഞ്ഞു. അതിനെല്ലാം പുറമെയാണ് കരിക്കെൻറയും വെള്ളച്ചിയുടെയും ദുരന്തകഥകൾ. മൂന്നു വർഷമായി കരിക്കെൻറ കൈകാലുകൾ തളർന്നിട്ട്. ക്ഷയരോഗത്തിന് മരുന്ന് കഴിച്ചതിനെ തുടർന്നാണ് തളർച്ചവന്നത്. മരുന്നു കഴിച്ചാൽ ശരിയായിക്കൊള്ളുമെന്ന് ഡോക്ടർ പറഞ്ഞു.

കുറെ മരുന്ന് കുടിച്ചുനോക്കി. ഒരു ഫലവുമില്ല. കോഴിക്കോട് മെഡി. കോളജിലായിരുന്നു ചികിത്സ. അവിടെ പോകാനും മരുന്ന് വാങ്ങാനുമൊക്കെ പണം വേണ്ടേ? തൽക്കാലം ഇങ്ങനെ കഴിയാമെന്നു വെച്ചു. വടി കുത്തിപ്പിടിച്ച്, വിഷാദമൂകനായി പതുക്കെ ഈരുകളിലൂടെ നടക്കും. ഭാര്യ നേരത്തേ ഉപേക്ഷിച്ചു പോയി. അനുജെൻറ ഭാര്യ ജോലിക്ക് പോകുന്നതിനാൽ അര വയർ നിറയും. അനുജൻ രണ്ടു വർഷം മുമ്പ് ആത്മഹത്യ ചെയ്തതാണ്. സ്ഥാനാർഥി വോട്ടു ചോദിച്ചു വന്നപ്പോൾ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സൗജന്യ റേഷെൻറ കാലാവധി കഴിഞ്ഞു എന്ന് ആരോ പറഞ്ഞു കേട്ടു.

തൊട്ടപ്പുറത്തെ ഈരിൽ വലതു കൈപ്പത്തി നഷ്ടപ്പെട്ട് വെള്ളച്ചിയുണ്ട്. 10 വർഷത്തോളമായി കൈ പോയിട്ട്. ഈരിൽ ആങ്ങളയുടെ മകളും ഭർത്താവും തമ്മിൽ കലഹമുണ്ടായപ്പോൾ പിടിക്കാൻ പോയതായിരുന്നു. ആങ്ങളയുടെ മകൾ ചാത്തിയെ ഭർത്താവ് സന്തോഷ് വെട്ടുന്നത് തടഞ്ഞപ്പോൾ അറ്റുപോയതാണ് വെള്ളച്ചിയുടെ കൈപ്പത്തി. അതോടെ വെള്ളച്ചിയുടെ ജീവിതം വഴിമുട്ടി. സർക്കാർ കൊല്ലത്തിൽ 600 രൂപ പെൻഷൻ തരാറുണ്ട്. അതു മാത്രമാണ് വരുമാനം. ഈരിൽ വിവാഹപ്രായം കഴിഞ്ഞ മകളുണ്ട്. അവൾക്ക് കാഴ്ചക്കുറവുള്ളതിനാൽ ജോലിക്കൊന്നും പോകാനാവുന്നില്ല. ഭർത്താവ് ബാലൻ അസുഖം വന്ന് മരിച്ചത് രണ്ടു വർഷം മുമ്പാണ്. വെള്ളച്ചി വിതുമ്പി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.