എം.വി.ആര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം


കണ്ണൂര്‍: സി.എം.പി സംസ്ഥാന സെക്രട്ടറി എം.വി. രാഘവന്‍ ഓര്‍മയായിട്ട് തിങ്കളാഴ്ച ഒരുവര്‍ഷം തികയുന്നു. ഇരുവിഭാഗം സി.എം.പിയും അദ്ദേഹത്തിന്‍െറ ഓര്‍മകള്‍ അയവിറക്കാന്‍ പ്രത്യേകം പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.എം.വി.ആറിന്‍െറ സ്മരണക്കായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് കുടുംബം നിര്‍മിച്ച സ്മൃതിമണ്ഡപം തിങ്കളാഴ്ച പാട്യം രാജന്‍ അനാച്ഛാദനം ചെയ്യും. സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ അനുസ്മരണ സമ്മേളനം നടക്കും.ചടങ്ങില്‍  എം.വി.ആര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം കെ.ആര്‍. അരവിന്ദാക്ഷന്‍ നിര്‍വഹിക്കും.  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

സി.പി.ജോണിന്‍െറ നേതൃത്വത്തിലുള്ള സി.എം.പിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇവര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തില്ല. പകരം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം നിര്‍മിച്ച സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗം മുന്‍ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ഫാഷിസവും വര്‍ഗീയ ഫാഷിസവും എന്ന വിഷയത്തില്‍ കെ.സി. ഉമേഷ് ബാബു പ്രഭാഷണം നടത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.