കേന്ദ്രസർക്കാർ പദവി സ്വീകരിച്ച ഇ. അഹമ്മദിനെതിരെ ലീഗ് പ്രവർത്തകസമിതിയിൽ വിമർശം

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന സന്ദർഭത്തിൽ ബി.ജെ.പി സർക്കാർ നൽകിയ വിദേശകാര്യമന്ത്രാലയ ഉപദേശകസമിതി അംഗത്വം സ്വീകരിച്ച  അഖിലേന്ത്യാ പ്രസിഡൻറ് ഇ. അഹമ്മദിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയിൽ കടുത്ത വിമർശം. രാജ്യത്ത് അസഹിഷ്ണുത വളരുകയും സാഹിത്യ, സാംസ്കാരികപ്രവർത്തകർ കൂട്ടത്തോടെ ഉപഹാരങ്ങൾ തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ വിദേശകാര്യമന്ത്രാലയ ഉപദേശക സമിതി അംഗത്വം നിരസിക്കാതിരുന്നതാണ് യോഗത്തിൽ ചർച്ചയായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ജില്ല, മണ്ഡലം ഭാരവാഹികളാണ് അഹമ്മദിെൻറ പുതിയ സ്ഥാനലബ്ധിക്കെതിരെ രംഗത്തുവന്നത്.

ഇത് പിന്നീട് യോഗത്തിെൻറതന്നെ പൊതുവികാരമായി രൂപപ്പെടുകയായിരുന്നു. കേന്ദ്രസർക്കാറിെൻറ ന്യൂനപക്ഷവിരുദ്ധസമീപനത്തെ മറികടക്കാൻ ബി.ജെ.പി അഹമ്മദിെൻറ സ്ഥാനലബ്ധിയടക്കം ഉയർത്തിക്കാട്ടുമെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പ്രശ്നം ഗൗരവതരമാണെന്നും അത് അഖിലേന്ത്യാ പ്രസിഡൻറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും യോഗംനിയന്ത്രിച്ച നേതാക്കൾ ഉറപ്പുനൽകി. അഹമ്മദ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.  തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിയുടെ ഗുണഫലം ലീഗിന് ലഭിച്ചില്ലെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. മുഖ്യകക്ഷിയായ കോൺഗ്രസ് പലതരത്തിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചു. പാർട്ടിസ്ഥാനാർഥികൾക്കെതിരെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻവരെ കോൺഗ്രസ് തയാറായത് ഗൗരവതരമാണ്. മുന്നണിയായി മത്സരിച്ചിടങ്ങളിലാകട്ടെ കോൺഗ്രസിെൻറ സഹായം പാർട്ടിക്ക് ലഭിച്ചതുമില്ല.

ഇതിനുപുറമെ കുറഞ്ഞ വോട്ടുകൾ വിധി നിർണയിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ മുസ്ലിംസമുദായത്തിൽ നിന്നുള്ള ചെറുകക്ഷികൾ ഉയർത്തിയ വെല്ലുവിളികളും പാർട്ടിക്ക് നേരിടേണ്ടിവന്നു. എന്നിട്ടും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിത്തറ തകരാതിരുന്നത് ശ്രദ്ധേയമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഉയർത്തിയത് വികസനം മാത്രമായിരുന്നു. എന്നാൽ, ഫാഷിസ്റ്റ് ഭീഷണിക്കെതിരായ നിലപാടുണ്ടെങ്കിലും ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി കോൺഗ്രസുമായി പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിൽ അവക്ക് പരിഹാരം കണ്ട് യുദ്ധകാലാടിസ്ഥാനത്തിൽതന്നെ നിയമസഭാതെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളിലേക്ക് ഇറങ്ങണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 14 ജില്ലാ കമ്മിറ്റികളും തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ടിങ് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.