മൂന്നാര്‍: തോട്ടം മേഖലയില്‍ വേറിട്ട സമരചരിത്രം സൃഷ്ടിച്ച പെമ്പിളൈ ഒരുമൈയിലെ അനൈക്യം മറനീക്കി പുറത്തുവരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ ഗോമതിയുടെ വീട് സന്ദര്‍ശിച്ചതുമുതലാണ് പെമ്പിളൈ ഒരുമൈയില്‍ അനൈക്യം രൂപപ്പെട്ടത്. ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിന്‍, മനോജ്, മണി എന്നിവര്‍ എ.ഐ.എ.ഡി.എം.കെയുമായി ധാരണയായതായും ഇവര്‍ തമിഴ്നാട്ടിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ, ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരെ കണ്ട പെമ്പിളൈ ഒരുമൈ നേതാവ് ലിസി നടത്തിയ പരാമര്‍ശമാണ് ഇവര്‍ തമ്മിലെ ഭിന്നത വ്യക്തമാക്കുന്നത്. പാവപ്പെട്ട തൊഴിലാളികളുടെ വോട്ടുവാങ്ങി ജയിച്ച് അവരെ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതില്‍പരം അപമാനം പെമ്പിളൈ ഒരുമൈക്ക് നേരിടാനില്ളെന്നായിരുന്നു ലിസിയുടെ ഒളിയമ്പ്. പെമ്പിളൈ ഒരുമൈയിലെ തൊഴിലാളികളല്ലാതെയുള്ള പ്രവര്‍ത്തകരാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നതെന്നും ഇവരെ തുടരാന്‍ അനുവദിക്കില്ളെന്നും ലിസി പറഞ്ഞു. ആരെങ്കിലും മറ്റ് പാര്‍ട്ടികളില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സൗജന്യം സ്വീകരിച്ചാല്‍ അവര്‍ പെമ്പിളൈ ഒരുമൈയില്‍ ഉണ്ടാകില്ളെന്നും ഇവര്‍ വ്യക്തമാക്കി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടുന്നതിന് ഇരുമുന്നണിക്കും കഴിയാത്ത സാഹചര്യത്തില്‍ സമ്മര്‍ദതന്ത്രങ്ങളിലൂടെ പെമ്പിളൈ ഒരുമൈയെ തങ്ങളോടൊപ്പം ചേര്‍ത്ത് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ഇടത്-വലത് മുന്നണികള്‍ തുടരുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.