കോഴിക്കോട്: കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുമായി സഹകരിക്കാൻ തയാറാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ. ബാർ കോഴ വിഷയത്തിൽ മാണിക്കെതിരെയാണ് ബി.ജെ.പിയുടെ നിലപാട്. ഒരു വ്യക്തി അഴിമതി ചെയ്തു എന്ന് വിചാരിച്ച് പാർട്ടിയെ എതിർക്കേണ്ട ആവശ്യമില്ല. തെക്കൻ ജില്ലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കേരളാ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ വരാൻ കഴിയും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തരത്തിൽ സഖ്യത്തിന് സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി. സി.പി.എം, കോൺഗ്രസ്, മുസ് ലിം ലീഗ് എന്നീ പാർട്ടികളുമായി മാത്രമാണ് ബി.ജെ.പിക്ക് സഖ്യത്തിന് സാധ്യതയില്ലാത്തത്. യു.ഡി.എഫിലുള്ള ചെറുപാർട്ടികൾ മുന്നണി വിട്ടുവന്നാൽ സഹകരിക്കാൻ ബി.ജെ.പി തയാറാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, വർഗീയ പാർട്ടിയായ ബി.ജെ.പിയുമായി ഒരു തരത്തിലുള്ള സഹകരണത്തിനും കേരള കോൺഗ്രസ് തയാറല്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ആൻറണി രാജു വ്യക്തമാക്കി. ബി.ജെ.പി ഇത്തരത്തിൽ പ്രസ്താവന നടത്തിയത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. കേരളാ കോൺഗ്രസ് മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. തങ്ങൾ യു.ഡി.എഫിൽ തന്നെ തുടരും. യു.ഡി.എഫ് തകരുന്ന ഒരു കാര്യവും ചെയ്യില്ലെന്നും യു.ഡി.എഫിനുള്ള എല്ലാ പിന്തുണയും തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പിയുമായുള്ള ബന്ധം പാർട്ടിയുടെ അജണ്ടയിലില്ലെന്നും പാർട്ടി അക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മുൻ മന്ത്രി മോൻസ് ജോസഫും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.