ബി.ജെ.പി ഇരട്ടമുഖമുള്ള പാർട്ടിയെന്ന് കോടിയേരി

തിരുവനന്തപുരം: ഇരട്ടമുഖമുള്ള പാർട്ടിയാണ് ബി.ജെ.പിയെന്നും അതിൻെറ തെളിവാണ് മാണിക്ക് അനുകൂലമായ വി. മുരളീധരൻെറ പ്രസ്താവനയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഴിമതിക്കേസിൽ മന്ത്രിസ്ഥാനം രാജിവെച്ചയാളെയാണ് ബി.ജെ.പി അനുകൂലിച്ചിരിക്കുന്നതെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജി.എസ്.ടിക്കുള്ള സംസ്ഥാന ധനമന്ത്രിമാരുടെ ചെയർമാൻ സ്ഥാനത്ത് കെ.എം മാണിയെ അവരോധിച്ചത് ബി.ജെ.പി സർക്കാറാണ്. അന്നുതന്നെ ഇവർ തമ്മിലുള്ള ധാരണ പുറത്തായതാണ്. അതിന് ശേഷം മാണിയുടേതായി പുറത്തിറങ്ങിയ പുസ്തകം പ്രകാശനം ചെയ്തത് അരുൺ ജെയ്റ്റ് ലിയാണ്. ഇതൊക്കെ അവരുടെ രഹസ്യധാരണയുടെ ഭാഗമാണെന്നും കോടിയേരി പ്രതികരിച്ചു.

ബാർ കോഴ വിഷയത്തിൽ കെ.എം മാണിക്കെതിരെ സമരം നടത്തി യുവമോർച്ചക്കാരെ ബി.ജെ.പി ഒരുപാട് തല്ലുകൊള്ളിച്ചു. യുവമോർച്ചക്കാരെ ഇത്തരമൊരു സമരത്തിലേക്ക് തള്ളിവിട്ട വി. മുരളീധരൻ അവരോട് മാപ്പുപറയണമെന്നും കോടിയേരി പറഞ്ഞു.

കേരളാ കോൺഗ്രസ് മാണിവിഭാഗവുമായി രാഷ്ട്രീയ സഹകരണമാകാമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ വ്യക്തമാക്കിയത്. ഒരു വ്യക്തി അഴിമതിക്കേസിൽ ഉൾപ്പെട്ടു എന്നത് ആ പാർട്ടിയുമായി സഖ്യത്തിന് തടസ്സമാവില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.