ബിജു രമേശിന്‍െറ കെട്ടിടം: സര്‍ക്കാര്‍ നിലപാടിനെതിരെ മാണിഗ്രൂപ് രംഗത്ത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ആരോപണമുന്നയിച്ച ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിനോടുള്ള സര്‍ക്കാറിന്‍െറ മൃദു സമീപനത്തില്‍ രൂക്ഷ വിമര്‍ശമുന്നയിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്. റവന്യൂ വകുപ്പിന്‍െറ നടപടികളാണ് ഇവരെ പ്രകോപിപ്പിച്ചത്.
 ഓപറേഷന്‍ അനന്ത പ്രകാരം ബിജു രമേശിന്‍െറ ഹോട്ടലിനെതിരെ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഉന്നയിച്ച് മാണി ഗ്രൂപ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അപ്പീല്‍ കാലാവധി തീരുന്നതുവരെ ഇതിന്‍െറ ഫയല്‍ മുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ശക്തികളെ ജനമധ്യത്തില്‍ തുറന്നുകാട്ടണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കനക്കര കനാലിന്‍െറ പുറമ്പോക്ക് ഭൂമി കൈയേറി ബിജു രമേശ് നിര്‍മിച്ച രാജധാനി ഹോട്ടലിന്‍െറ കാര്യത്തില്‍ അപ്പീല്‍ വൈകുന്നത് കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. അപ്പീല്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ശേഷിക്കെ ഫയല്‍ റവന്യൂ വകുപ്പ് പൂഴ്ത്തിയിരിക്കയാണ്. അപ്പീല്‍ കാലാവധി കഴിയുന്നതുവരെ നടപടികള്‍ മരവിപ്പിക്കാനാണ് നീക്കം.
ഫയല്‍ കണ്ടെടുക്കുകയും സമയപരിധില്‍തന്നെ അപ്പീല്‍ നല്‍കി കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും വേണമെന്ന് കത്തില്‍ പറയുന്നു.
ഓപറേഷന്‍ അനന്ത ശക്തമായി മുന്നോട്ടുകൊണ്ടു പോകുമെന്ന് മുഖ്യമന്ത്രിയും മന്ത്രി വി.എസ്. ശിവകുമാറും ജൂലൈ 22ന് നിയമസഭയില്‍ ഉറപ്പുനല്‍കിയ കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, രാജാധാനി ബില്‍ഡിങ്സ് അനധികൃതമായി നിര്‍മിച്ചതല്ളെന്നാണ് ബിജു രമേശിന്‍െറ നിലപാട്. സര്‍ക്കാര്‍ തന്നോട് പകപോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.