'ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സുമിത വിജയൻ താനല്ല'

തൃശൂർ: ജമ്മു കശ്മീരിൽ ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി പൈലറ്റ് താനല്ലെന്നും തൻെറ ചിത്രം മാധ്യമങ്ങൾ തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സുമിത വിജയൻ എന്ന യുവതി രംഗത്തെത്തി. തൻെറ ഫേസ്ബുക്ക് പോസ്റ്റിലാണ് സുമിത ഇക്കാര്യം അറിയിച്ചത്. 'മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തയിൽ ആരും പരിഭ്രമിക്കണ്ട. പൂർണ ആരോഗ്യത്തോടെ ഞാൻ ജീവിച്ചിരിപ്പുണ്ട്' -സുമിത ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ് ബാച്ച് അംഗവും ആദ്യ മലയാളി വനിതാ ഹെലികോപ്റ്റർ പൈലറ്റുമായ സുമിത വിജയൻ (41) ആണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂർ തേവരുനട ക്ഷേത്രത്തിനു സമീപം പഴയവീട്ടിൽ പരേതനായ വിജയൻെറയും രോഹിണിയുടെയും മകളാണ് മരിച്ച സുമിത. ഇവർ ഹൈദരാബാദിലായിരുന്നു താമസം. വ്യോമസേനയിൽ നിന്ന് വിരമിച്ചതിനുശേഷം എട്ടുവർഷമായി ഇവർ സ്വകാര്യ ഹെലികോപ്റ്റർ സർവീസിൽ ജോലിചെയ്തുവരികയായിരുന്നു.

എന്നാൽ തൃശൂർ സ്വദേശിനിയായ സുമിത വിജയൻെറ ഫോട്ടോയാണ് എല്ലാ മാധ്യമങ്ങളും നൽകിയത്. ഇന്ന് പത്രങ്ങളിലും ഇത് പ്രസിദ്ധീകരിച്ചു. ഇതോടെയാണ് മാധ്യമങ്ങൾക്ക് തെറ്റു പറ്റിയെന്നും മരിച്ചത് താനല്ലെന്നും അറിയിച്ച് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.