തമ്പ്രാന്മാർ ജീവിതം കൊത്തിനുറുക്കിയ കഥ തുടികൊട്ടിപ്പാടി ആദിവാസികൾ

തിരുവനന്തപുരം: മാനവീയം വീഥിയിൽ തുടിയുടെ താളം മുഴങ്ങി. ഒപ്പം തുളുവും മലയാളവും കലർന്ന പാട്ടും. പാളത്തൊപ്പിയുമായി ഏഴു പുരുഷന്മാർ തുടി മുഴക്കി. താളത്തിനൊപ്പിച്ച് സ്ത്രീകളുടെ പാരമ്പര്യ നൃത്തമായ മംഗലം കളി. മഹിളാ സമഖ്യ സൊസൈറ്റി മാനവീയം വീഥിയിൽ സംഘടിപ്പിച്ച ആദിവാസി കേരളം സംയോജിത സാംസ്കാരിക പരിപാടിയിലാണ് കാസർകോട് പരപ്പ ബ്ലോക്കിലെ വെസ്റ്റ് എളേരിയിലെ കോട്ടമലയിൽനിന്നെത്തിയ ആദിവാസികൾ തുടിമുഴക്കിയത്.

സംസ്കാരത്തിെൻറ പടവുകൾ കയറിയുള്ള ഗോത്ര ജീവിത അടിമത്വത്തിെൻറ ചരിത്രം പാട്ടിൽ നിറഞ്ഞു. ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ചിരുന്നത്  ജന്മിമാരുടെ മുറ്റത്താണ്. കഥകളി അഭ്യസിക്കുന്നതുപോലെ കുട്ടിക്കാലം മുതൽ മെയ് അഭ്യാസത്തിലൂടെ പഠിച്ചെടുക്കുന്ന കല. സാധാരണ സമൂഹങ്ങൾക്ക് ഇത് അഭ്യസിക്കുക ഏറെ പ്രയാസമാണ്. പരിപാടി തലസ്ഥാനത്ത് നേരത്തേയും അവതരിപ്പിച്ചിരുന്നു. വണ്ടിക്കൂലിയും ഭക്ഷണവും കഴിഞ്ഞാൽ ആളൊന്നിന് 2000 രൂപ കിട്ടും. നാട്ടിലെത്തുമ്പോൾ ദുരിതംതന്നെ.

ആവാസഭൂമിയായ കോട്ടമല ഈരിൽ കുടിവെള്ളമില്ല. പഞ്ചായത്ത് കിണർ കുഴിച്ചു. അതിൽ വെള്ളമില്ല. 40 കുടുംബങ്ങൾ രണ്ടും മൂന്നും സെൻറ് ഭൂമിയിൽ ഓലക്കുടിലുകളിൽ കഴിയുന്നു. ഒന്നാം ക്ലാസിൽതന്നെ പഠനം ഉപേക്ഷിച്ച കുട്ടികൾ, ഇതാണ് ഇവരുടെ ‘ജീവിതവസന്തം’. അതേസമയം, മഹിളാ സമഖ്യ ജില്ലയിൽ ആദിവാസി ക്ഷേമപ്രവർത്തനത്തിന് തുക ചെലവഴിക്കുന്നുണ്ട്. സേവികമാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം ഇവർക്ക് 6000 രൂപ ശമ്പളവും നൽകുന്നുണ്ട്. എന്നാൽ, ഇവരൊന്നും ഈരുകളിലെത്താറില്ല. സർക്കാറിെൻറ ഫണ്ടും ഈരുകളിലെത്തുന്നില്ല.

ഈ കലാകാരന്മാർക്ക് ഏറെ പറയാനുണ്ട്. ‘ഇന്നും ജീവിതം സങ്കടംതന്നെ. കാട്ടിൽതന്നെയാണ് ജീവിതം.’ മംഗലം കളി എന്താണെന്ന ചോദ്യത്തിനും ഉത്തരമുണ്ട്– തമ്പ്രാന്മാർ തങ്ങളുടെ ജീവിതം കൊത്തിനുറിക്കിയ കഥ. 1980കളിൽ നാടുഗദ്ദികയുമായി തെരുവിലിറങ്ങിയ ആദിവാസികളെ ജയിലിലടച്ചു. ഇന്ന് അതേ കഥ മറ്റൊരു കലാരൂപത്തിലൂടെ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഇവർക്ക് നൽകുന്ന ഫണ്ട് തട്ടിയെടുക്കുന്നതാരെന്നറിയാതെ അവർ വീണ്ടും വിശപ്പിെൻറ പാട്ടുകൾ പാടുന്നു. പരിപാടി  മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആദിവാസികൾതന്നെ ഇല്ലാതാവുന്ന സാഹചര്യത്തിൽ അവരുടെ കലാരൂപങ്ങൾ നിലനിർത്താൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വി.കെ. ജിതേന്ദ്രൻ, വന്ദനാ മഹാജൻ, പി.ഇ. ഉഷ തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.