ബാര്‍ കോഴ: നിയമോപദേശത്തിന് നല്‍കേണ്ടത് 7.7 ലക്ഷമെന്ന് വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴക്കേസില്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയതിന് നല്‍കേണ്ടത് 7,70,000 രൂപയെന്ന് വിജിലന്‍സ്.
നിയമോപദേശം നല്‍കിയതിന് പണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും മുന്‍ സോളിസിറ്റര്‍ ജനറല്‍മാരുമായ മോഹന്‍ പരാശരന്‍, എല്‍. നാഗേശ്വരറാവു എന്നിവര്‍ സംസ്ഥാന സര്‍ക്കാറിന് ബില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍െറ പരിഗണനയിലിരിക്കുന്ന ബില്‍ ഇതുവരെ പാസാക്കിയിട്ടില്ല.
മന്ത്രി ഉള്‍പ്പെട്ട കേസായതിനാല്‍ പുറത്തുനിന്ന് നിയമോപദേശം തേടാന്‍ അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ആവശ്യപ്പെട്ടിരുന്നെന്ന് വിജിലന്‍സ് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഹൈകോടതിയില്‍ നല്‍കിയ വിശദീകരണപത്രികയില്‍ പറയുന്നു. സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ പ്രതിഫലം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം.
മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്‍െറ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് ലഭിച്ചപ്പോള്‍ അന്തിമ തീരുമാനമെടുക്കാന്‍ നിയമോപദേശം കൂടി തേടേണ്ടതുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറലിനെ സമീപിച്ചെങ്കിലും മന്ത്രി ആരോപണവിധേയനായ കേസായതിനാല്‍ പുറത്തുനിന്ന് നിയമോപദേശം തേടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍ എന്നിവരില്‍നിന്ന് ഉപദേശം തേടി. വീണ്ടും ഓര്‍മപ്പെടുത്തിയിട്ടും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍മാരില്‍നിന്ന് നിയമോപദേശം തേടാന്‍ സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാറിന്‍െറ കോണ്‍സല്‍ മുഖേന നടപടി സ്വീകരിച്ചത്.
മോഹന്‍ പരാശരന്‍ 4,40,000 രൂപയുടെയും നാഗേശ്വരറാവു 3,30,000 രൂപയുടെയും ബില്ലാണ് സമര്‍പ്പിച്ചത്. നിയമോപദേശവുമായി ബന്ധപ്പെട്ട് സത്യസന്ധമായ ശ്രമമാണ് വിജിലന്‍സിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഹരജിയിലെ ആവശ്യം അനുവദിക്കരുതെന്നും വിശദീകരണപത്രികയില്‍ ആവശ്യപ്പെടുന്നു. അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംസ്ഥാനത്ത് ഉണ്ടായിരിക്കെ രണ്ടുപേരെയും മറികടന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടി അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പൊതുപണം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാനാകില്ല.
നടപടിയില്‍ അസ്വാഭാവികതയുള്ളതിനാലാണ് നിയമ സെക്രട്ടറി പോലും സ്വകാര്യ നിയമോപദേശത്തിന് പണം നല്‍കുന്നതിനോട് വിയോജിച്ചത്. കേസില്‍ വാദിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്ന നടപടിയുമുണ്ടായി. ഇത്തരം അനധികൃത ഇടപാടുകള്‍ക്ക് സംസ്ഥാന ഖജനാവില്‍നിന്ന് പണം അനുവദിക്കരുതെന്നും ബന്ധപ്പെട്ട വ്യക്തികളില്‍നിന്ന് കൊടുക്കാന്‍ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.