എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ പറ്റിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ അതിവിദഗ്ധമായി പറ്റിച്ചു. ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ അനിശ്ചികാല സമരവേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍െറ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി സമരസമിതിക്ക് നല്‍കിയ ഉറപ്പുകളില്‍ ഒന്നുപോലും നടപ്പായില്ല. സര്‍ക്കാര്‍ ഉറപ്പിലുള്ള പ്രതീക്ഷകളസ്തമിച്ചെന്ന് സമരത്തിന് നേതൃത്വം നല്‍കിയ അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മെഡിക്കല്‍ക്യാമ്പ് ഫെബ്രുവരി 25 മുതല്‍ 29വരെ നടത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍, മെഡിക്കല്‍ ക്യാമ്പ് ഇതുവരെ നടന്നില്ല. ഡോക്ടര്‍മാര്‍ക്ക് പരീക്ഷയായതിനാല്‍ ആദ്യം ക്യാമ്പ് നീട്ടി. പിന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ക്യാമ്പ് നടത്താന്‍ കഴിയില്ളെന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ മറുപടി. 
 ഗുരുതര രോഗമുള്ള ഒന്നാം വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നു ലക്ഷവും രണ്ടാം വിഭാഗത്തിന് രണ്ടു ലക്ഷവും രോഗാവസ്ഥ കുറവുള്ള മൂന്നാം വിഭാഗത്തിന് ഒരു ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇവരുടെ രോഗപീഡ നിശ്ചയിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡോ. ജയരാജ് ചെയര്‍മാനും സമൂഹികസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.അഷറഫ്, എന്‍ഡോസള്‍ഫാന്‍ മേഖലയുടെ ഉത്തരവാദിത്തമുള്ള ഡോ. അസീം എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍, ഇവരുടെ കാറ്റഗറി തയാറാക്കിയില്ല. ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. 
ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേരില്‍ ഇനി ജപ്തി നടപടിയുണ്ടാവില്ല. ദുരിതബാധിതരുടെ 10.90 കോടി കടം എഴുതിത്തള്ളുമെന്നും ഉറപ്പ് നല്‍കി. ഇതുവരെ എഴുതിത്തള്ളിയത് ഒരുകോടിമാത്രം. ബാങ്കുകള്‍ ദുരിതബാധിതരെ ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. 
ദുരിതബാധിതരുടെ പട്ടികയില്‍ 610 പേരെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല.  2014ല്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മിനുട്സായി രേഖപ്പെടുത്തി സമരസമിതിക്ക് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ജനുവരി 26ന് തുടങ്ങി ഫെബ്രുവരി മൂന്നിന് അവസാനിപ്പിച്ച സമരത്തിലുണ്ടായ ഒത്തുതീര്‍പ്പിന്‍െറ മിനുട്സ് പോലും ഇതുവരെ നല്‍കിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.