കേരളത്തില്‍ പ്രമേഹം ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രമേഹം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനം. 30ന് മുകളില്‍ പ്രായമുള്ളവരില്‍ കണ്ടുവരുന്ന പ്രമേഹമാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്നത്. മുതിര്‍ന്നവരിലെ പ്രമേഹത്തിന്‍െറ ദേശീയ ശരാശരി 8.7 ശതമാനമാണെങ്കില്‍ കേരളത്തിലിത് 27 ശതമാനമെന്നാണ്. ലോകാരോഗ്യ ദിനാചരണത്തിന്‍െറ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച സെമിനാറിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ‘ബീറ്റ് ഡയബറ്റിസ്’ എന്ന സന്ദേശത്തിന്‍െറ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തിരുവനന്തപുരത്ത് 15നും 64നും ഇടയില്‍ പ്രായമുള്ള 16.2 ശതമാനംപേര്‍ക്ക് പ്രമേഹമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഇത് 27.11 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് 415 ദശലക്ഷത്തിലധികംപേര്‍ക്കും മുതിര്‍ന്നവരില്‍ 11ല്‍ ഒരാള്‍ക്കും പ്രമേഹമുണ്ട്. ഇത് 2040 ആകുമ്പോഴേക്ക് 642 ദശലക്ഷമാകും. 10ല്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപകടകരമായ വിധത്തിലാകും പ്രമേഹം. ഇന്ത്യയില്‍ 65 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. ശരാശരി എട്ടുമുതല്‍ ഒമ്പത് ശതമാനം മുതിര്‍ന്നവരിലാണ് പ്രമേഹമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭൂരിപക്ഷം രോഗികളിലും പ്രമേഹം നിയന്ത്രണത്തിലല്ല. ശരിയായ രീതിയില്‍ മരുന്ന് കഴിക്കാത്തതാണ് കാരണം. ഒപ്പം അമിത രക്തസമ്മര്‍ദവും കൊളസ്ട്രോളും ചേരുമ്പോള്‍ ഹൃദ്രോഗം, പക്ഷാഘാതം, നേത്രരോഗം, വൃക്കരോഗം എന്നിവക്കും കാരണമാകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.