പരവൂര്‍ ദുരന്തം: ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ആഭ്യന്തരവകുപ്പിന്‍െറ ഗുരുതരവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിക്കെട്ട് തടയാന്‍ നടപടിയെടുക്കാതിരുന്ന സിറ്റി പൊലീസ് കമീഷണര്‍, അസി. കമീഷണര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നിരോധഉത്തരവിറക്കിയെങ്കിലും കലക്ടര്‍ പിന്നീട് ഉത്തരവാദിത്തം നിര്‍വഹിച്ചില്ളെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി.
അന്വേഷണം ഹൈകോടതി സിറ്റിങ് ജഡ്ജിയത്തെന്നെ ഏല്‍പിക്കണം. അപകടത്തിന്‍െറ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. കലക്ടര്‍ നിരോധിച്ച മത്സരവെടിക്കെട്ട് പൊലീസിന്‍െറ ഒത്താശയോടെയാണ് നടന്നത്. അനുമതി നല്‍കാമെന്ന് സിറ്റി പൊലീസ് കമീഷണര്‍ കത്തയച്ചത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കണം. കലക്ടര്‍ അനുമതിനിഷേധിച്ചശേഷം വീണ്ടും കമീഷണര്‍ ഇടപെടുന്നു. പിന്നീട് കലക്ടര്‍ നിശ്ശബ്ദയാകുന്നു. ഏതോ മന്ത്രിയുടെ ഇടപെടലാണ് കലക്ടറെ നിശ്ശബ്ദയാക്കിയത്. മന്ത്രി ആരാണെന്ന് ചോദിച്ചപ്പോള്‍ അത് പുറത്തുവരുമെന്നായിരുന്നു മറുപടി. വെടിക്കെട്ടിന് അനുമതി ഉണ്ടായെന്ന് ജനത്തിനറിയില്ളെന്നും കലക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയിട്ടില്ളെന്നും കോടിയേരി പറഞ്ഞു. സ്ഥലം എം.എല്‍.എ എന്ത് നിലപാടെടുത്തു എന്നതല്ല പ്രശ്നം. അനുമതി ഇല്ലാതെ ചെയ്യുമ്പോള്‍ പൊലീസ് നടപടിയെടുക്കണമായിരുന്നു. ലാത്തിച്ചാര്‍ജൊന്നും കൂടാതെതന്നെ വെടിക്കെട്ട് സാമഗ്രികള്‍ കസ്റ്റഡിയിലെടുക്കാമായിരുന്നു.  
മരിച്ചവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ രണ്ട് പ്രവാസി വ്യവസായികള്‍ പ്രഖ്യാപിച്ച തുകക്ക് തുല്യമാണ്. പ്രധാനമന്ത്രിവരെ സന്ദര്‍ശിച്ച് ഗൗരവം ബോധ്യപ്പെട്ടിട്ടും ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. വലിയദുരന്തം എന്ന നിലയില്‍ കണ്ട് ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കായില്ളെന്നും കോടിയേരി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.