തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി ഉടമസ്ഥാവകാശ പ്രശ്നത്തിൽ സംസ്ഥാന സർക്കാർ തീരുമാനിച്ച ജുഡീഷ്യൽ കമീഷനെ നിയമിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമീഷനായും പരിഗണന വിഷയങ്ങൾ നിശ്ചയിച്ചുമാണ് സംസ്ഥാന ആഭ്യന്തര (രഹസ്യവിഭാഗം) വകുപ്പിന്റെ വിജ്ഞാപനമിറങ്ങിയത്.
കമീഷൻ മുനമ്പം ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യുകയും വേണം.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ, അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട മുനമ്പത്തെ വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക എന്നതും കമീഷന്റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുണ്ട്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്നു മാസത്തിനകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം.
കമീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ അഞ്ചാം വകുപ്പിന്റെ രണ്ടുമുതൽ അഞ്ചുവരെയുള്ള ഉപവകുപ്പുകൾ പ്രകാരമുള്ള അധികാരങ്ങൾ കമീഷനുണ്ടായിരിക്കും. പ്രസക്തമായതോ ഉപകാരപ്പെടുന്നതോ ആയ വിവരങ്ങൾ ഏതൊരു വ്യക്തിയിൽ നിന്ന് ആവശ്യപ്പെടാനോ ഹാജരാക്കാൻ നിർദേശിക്കാനോ ഈ വകുപ്പുകൾ പ്രകാരം കമീഷന് അധികാരമുണ്ടായിരിക്കും. സിവിൽ കോടതിയുടെ അധികാരത്തോടെയായിരിക്കും കമീഷൻ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.