അമ്മ കരള്‍ പകുത്തു നല്‍കി; ഹേസല്‍ മറിയത്തിന്‍െറ പുഞ്ചിരിക്കായി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 11 മാസം പ്രായമുള്ള കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഫോര്‍ട്ട്കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായ ഹേസല്‍ മറിയമാണ് അമ്മ നല്‍കിയ കരളുമായി ജീവിതത്തിലേക്ക് തിരികെയത്തെുന്നത്. ജന്മനാലുള്ള ‘ബൈലിയറി അട്രീഷ്യ’ എന്ന രോഗംമൂലം കരളില്‍നിന്ന് പിത്തരസത്തിന്‍െറ പിത്തസഞ്ചിയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന് സിറോസിസ് രൂപപ്പെടുകയുമായിരുന്നു.

സിറോസിസിന് ശരിയായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ കുട്ടിയുടെ കരള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. രോഗംമൂലം കുഞ്ഞിന്‍െറ വളര്‍ച്ച സാവധാനത്തിലായിരുന്നതിനാല്‍ വെറും 5.5 കിലോയായിരുന്നു തൂക്കം. കരളിന്‍െറ പ്രവര്‍ത്തനത്തകരാര്‍മൂലം കുട്ടി രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലായതിനെ തുടര്‍ന്നാണ് കരള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പോഷകാംശമില്ലാതെ അവശനിലയിലായിരുന്ന കുഞ്ഞിന് കരള്‍ മാറ്റിവെക്കലിന് ശേഷം അപകടസാധ്യത ഏറെയായിരുന്നെങ്കിലും ശിശുരോഗ വിദഗ്ധരും ഡയറ്റീഷ്യന്മാരും അടങ്ങിയ സംഘം കുഞ്ഞിനെ ശസ്ത്രക്രിയക്ക് സജ്ജയാക്കുകയായിരുന്നു. കുഞ്ഞിന്‍െറ മൂക്കിലൂടെ ഫീഡിങ് ട്യൂബിന്‍െറ സഹായത്തോടെയാണ് ആവശ്യമായ പോഷകങ്ങളും കലോറിയും ലഭ്യമാക്കിയത്.

ഹേസല്‍ മറിയമാണ് കേരളത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ഏറ്റവും തൂക്കം കുറഞ്ഞയാളെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. മാത്യു ജേക്കബ് പറഞ്ഞു. ആസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് ലിവര്‍ കെയറിലെ പ്രത്യേക ട്രാന്‍സ്പ്ളാന്‍റ് സര്‍ജന്മാരാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയക്ക് മുമ്പ് പോഷകാഹാരം ലഭിക്കാതിരുന്ന ഹേസല്‍ മറിയം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്തൊന്‍ ഏറെ സമയമെടുത്തു.

ഷിനി കോശിയുടെയും അബൂദബിയില്‍ ജോലിചെയ്യുന്ന ജിബിന്‍ കോശി വൈദ്യന്‍െറയും ആദ്യത്തെ കുഞ്ഞാണ് ഹേസല്‍ മറിയം. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്‍റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാരായ ഡോ. മാത്യു ജേക്കബ്, ഡോ. നവീന്‍ ഗഞ്ചു, ഡോ. രഹാന്‍ സെയ്ഫ്, ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഇന്‍റന്‍സിവ് കെയറിലെ കണ്‍സള്‍ട്ടന്‍റ് ഡോ. രാജപ്പന്‍ പിള്ള, അനസ്തേഷ്യോളജിസ്റ്റ് ഡോ. സുരേഷ് ജി. നായര്‍, സീനിയര്‍ സ്പെഷലിസ്റ്റും അനസ്തേഷ്യോളജിസ്റ്റുമായ ഡോ. പി.എസ്. സംഗീത് എന്നിവരടങ്ങിയ സംഘമാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.