പി.പി മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചത്തെി; കോ-ലീ-ബി സഖ്യസ്മരണകള്‍ ഉയരും

തിരുവനന്തപുരം: ദശാബ്ദത്തിനുശേഷം മിസ്ഡ് കാളിലൂടെ പാര്‍ട്ടി അംഗത്വം വീണ്ടും നേടിയ പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചത്തെി. തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലത്തെിയ മുകുന്ദന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് ഉറപ്പൊന്നും കിട്ടിയിട്ടില്ളെന്നും പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി മാറിയതായി പ്രതീക്ഷിക്കുന്നതായും മുകുന്ദന്‍ പറഞ്ഞു.

2006ല്‍ പുറത്താവുമ്പോള്‍ ഉത്തരമേഖലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിരുന്നു മുകുന്ദന്‍. അതേസമയം കോ-ലീ-ബി സഖ്യ സൂത്രധാരനായ മുകുന്ദന്‍െറ തിരിച്ചുവരവ് തെരഞ്ഞെടുപ്പ് രംഗത്ത് എല്‍.ഡി.എഫ് പ്രചാരണായുധമാക്കിയാല്‍ പ്രതിരോധിക്കാന്‍ ബി.ജെ.പി നേതൃത്വം വിയര്‍ക്കും. സാധാരണ പ്രവര്‍ത്തകനായാണ് മുകുന്ദന്‍ മടങ്ങിയത്തെുകയെന്നും ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാസങ്ങള്‍ക്കുമുമ്പേയാണ് അദ്ദേഹം മിസ്ഡ് കാളിലൂടെ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. വോട്ട് വില്‍ക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളിലാണ് ആദ്യം ആര്‍.എസ്.എസ് പ്രചാരക് സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടി ചുമതലയില്‍നിന്നും മുകുന്ദന്‍ പുറത്തായത്. തിരിച്ചുവരാനുള്ള ശ്രമം മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗവും എതിര്‍ത്തിരുന്നു.

കുമ്മനം ചുമതലയേറ്റ ശേഷമാണ് തിരിച്ചുവരവ് നീക്കം സജീവമായത്. ഭാരവാഹിത്വം വേണമെന്നായിരുന്നു മുകുന്ദന്‍െറ ആഗ്രഹം. ആര്‍.എസ്.എസ്- ബി.ജെ.പി ദേശീയ നേതൃത്വം ഇതിന് അനുകൂലമായിരുന്നില്ല. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സമ്മര്‍ദതന്ത്രങ്ങളിലേക്ക് തിരിഞ്ഞു. പക്ഷേ കേന്ദ്ര നേതൃത്വം നിലപാട് മാറ്റിയില്ല.  കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍  കേരളത്തില്‍നിന്നുള്ള നേതാക്കളുടെ യോഗത്തില്‍ വിഷയം ഒ. രാജഗോപാല്‍ ഉന്നയിച്ചു. പാര്‍ട്ടി വിട്ടവര്‍ക്കും പുറത്തായവര്‍ക്കും സാധാരണ അംഗമായി തിരിച്ചുവരാമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.