അനാഥാലയം നല്‍കിയ സ്നേഹംചാലിച്ച് അവര്‍ സഹപാഠിക്ക് വീടൊരുക്കി 

മുട്ടില്‍ (വയനാട്): അനാഥാലയം അവര്‍ക്കുനല്‍കിയത് സ്നേഹത്തിന്‍െറ പാഠങ്ങളായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ തങ്ങളെ കൈപിടിച്ചുയര്‍ത്തിയ സ്ഥാപനത്തില്‍നിന്നുകിട്ടിയ സ്നേഹവും പരിലാളനയും അവര്‍ സഹപാഠിക്കും പകര്‍ന്നുനല്‍കി. വയനാട് മുട്ടില്‍ മുസ്ലിം യതീംഖാനയിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ  ഫോസ്മോ (ഫോറം ഫോര്‍ ഓള്‍ഡ് സ്റ്റുഡന്‍റ്സ് ഓഫ് മുസ്ലിം ഓര്‍ഫനേജ് വയനാട്) ആണ് സഹപാഠിക്ക് സ്നേഹവീട് ഒരുക്കിയത്. അങ്ങനെ, തരുവണ കരിങ്ങാരി സുനീറക്കും കുടുംബത്തിനും തലചായ്ക്കാന്‍ ചോരാത്ത വീടൊരുങ്ങി. സുനീറ മുട്ടില്‍ യതീംഖാനയിലാണ് ഒന്നുമുതല്‍ 10വരെ പഠിച്ചത്.

പിതാവും മാതാവും ഇല്ല. 2005ല്‍ സ്ഥാപനത്തില്‍ നടന്ന പ്രഥമ സ്ത്രീധനരഹിത വിവാഹസംഗമത്തിലാണ് സുനീറ വിവാഹിതയാവുന്നതും. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി കൂലിപ്പണിക്കാരനാണ്. നാലാം ക്ളാസില്‍ പഠിക്കുന്ന മകളും നാലുദിവസം പ്രായമായ കുഞ്ഞുമാണ് ഇവര്‍ക്കുള്ളത്. ഒരാണ്‍കുട്ടി നേരത്തേ മരിച്ചു. മരണവിവരമറിഞ്ഞ് വീട്ടിലത്തെിയ സഹപാഠികളാണ് സുനീറയുടെ ദുരിതകഥ അറിയുന്നത്. മറച്ചുകെട്ടിയ ഷെഡിലായിരുന്നു ഇവരുടെ താമസം. ആകെ അഞ്ചു് സെന്‍റ്. പച്ചക്കട്ടയില്‍ തീര്‍ത്ത ഒറ്റമുറി കൂരയില്‍ ആരോടും പരിഭവം പറയാതെ സുനീറ കഴിഞ്ഞുവരുകയായിരുന്നു. ദുരിതം കണ്ടറിഞ്ഞ പൂര്‍വവിദ്യാര്‍ഥികള്‍ കുടുംബത്തിനായി വീടുപണിയാന്‍തന്നെ തീരുമാനിച്ചു. 2015 ഒക്ടോബറില്‍ പണിയും തുടങ്ങി. ഒടുവില്‍ അടുക്കള, ശുചിമുറി, ഹാള്‍ എന്നിവയടങ്ങിയ മനോഹരമായ കോണ്‍ക്രീറ്റ് വീട് സജ്ജമായി. അടുത്തുതന്നെ കിണറും നിര്‍മിച്ചുനല്‍കി. സുമനസ്സുകളില്‍നിന്ന് ഏഴരലക്ഷം രൂപ പിരിഞ്ഞുകിട്ടി.

നിര്‍മാണസാമഗ്രികള്‍ പലരും സംഭാവന നല്‍കി. പിണങ്ങോട് സ്വദേശികളായ റബീബും അദ്നാനും വയറിങ് പണികളും ആശാരിപ്പണികളും സൗജന്യമായി ചെയ്തുകൊടുത്തു. കഴിഞ്ഞദിവസം യതീംഖാനയിലെ കെ.പി. അഹമ്മദ്കുട്ടി ഫൈസി വീടിന്‍െറ താക്കോല്‍ദാനം നിര്‍വഹിച്ചു. ഫോസ്മോ പ്രസിഡന്‍റ് പി. ഇസ്മായില്‍, കെ. മമ്മു, എം. അഷ്റഫ്, പി.ടി. മുഹമ്മദ്, പി. നജ്മുദ്ദീന്‍, ഒ.എം. തരുവണ, ഒ.എം. മജീദ്, എം. ഇബ്രാഹീം, ടി.പി. ഹുസൈന്‍, നൗഫല്‍ ചന്ദ്രോത്ത്, എന്‍. അസ്ഹറലി, ഇ. അബ്ദുറഹ്മാന്‍, മഹല്ല് പ്രസിഡന്‍റ് അമ്മദ്, സെക്രട്ടറി കെ.ടി. മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.