‘കൈയരിവാള്‍’ സഖ്യത്തില്‍ ചരിത്ര മുഹൂര്‍ത്തം; രാഹുലിനെ കെട്ടിപ്പുണര്‍ന്ന് ബുദ്ധദേവ്

കൊല്‍ക്കത്ത: തിരുവനന്തപുരത്തെ  തെരഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ  വി.എസ്. അച്യുതാനന്ദന്‍ കെട്ടിപ്പുണരുന്നത് അതിരുകടന്ന ഭാവനയാകാം. എന്നാല്‍, ബംഗാളില്‍ അത് സംഭവിച്ചിരിക്കുന്നു. ബംഗാള്‍ സി.പി.എമ്മില്‍ വി.എസിനോളം പോന്ന ജനകീയനും മുതിര്‍ന്ന നേതാവുമാണ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്.  കൊല്‍ക്കത്ത നഗരത്തില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് റാലിയില്‍ ബുദ്ധദേവ്  വന്നു. രാഹുലിനെ കെട്ടിപ്പുണര്‍ന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് ഇരുവര്‍ക്കും മാലയിട്ടു. ചെങ്കൊടിയും ത്രിവര്‍ണ പതാകയുമേന്തി ഇരുപാര്‍ട്ടികളുടെയും അണികള്‍ തിങ്ങിനിറഞ്ഞ സദസ്സ് ഹര്‍ഷാരവം മുഴക്കി. ചരിത്രം തിരുത്തിയ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തില്‍ രാഹുല്‍ - ബുദ്ധദേവ് സംയുക്ത റാലി പുതിയ ചരിത്രമെഴുതി.   ഇത് ചരിത്ര നിമിഷമാണെന്ന്  രാഹുലിനെ വേദിയിലിരുത്തി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു. ‘ഒട്ടേറെ റാലികള്‍ കണ്ടിട്ടുള്ളവരാണ് ബംഗാളികള്‍.  പാര്‍ക്ക് സര്‍കസ് മൈതാനത്തെ ഇന്നത്തെ റാലി ചരിത്രമാണ്. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും കൈകോര്‍ത്തിരിക്കുന്നു. അഞ്ചുവര്‍ഷമായി ബംഗാളിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട മമതയുടെ ഭരണം ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കും -ബുദ്ധദേവ് പറഞ്ഞു.  തൃണമൂലിനെ താഴെയിറക്കൂ... ബംഗാളിനെ രക്ഷിക്കൂവെന്ന മുദ്രാവാക്യം സദസ്സിന് ചൊല്ലിക്കൊടുത്ത ബുദ്ധദേവ് പതിവില്ലാത്തവിധം ആവേശത്തിലായിരുന്നു. ബുദ്ധദേവ് നിര്‍ത്തിയേടത്തുനിന്നാണ് രാഹുല്‍  തുടങ്ങിയത്.  മമതയെ താഴെ ഇറക്കുക മാത്രമല്ല, സി.പി.എം - കോണ്‍ഗ്രസ് കൂട്ടുകെട്ട് ബംഗാളിന്‍െറ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. 70 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് അഞ്ചു വര്‍ഷം മുമ്പ് മമത നല്‍കിയ വാഗ്ദാനം. അന്ന് അത് കോണ്‍ഗ്രസ് വിശ്വസിച്ചു. മമത വാഗ്ദാനം മറന്നു. അത് ചോദ്യം ചെയ്യുന്നവരോട് ഫാഷിസ്റ്റ് സമീപനമാണ് തൃണമൂല്‍ കൈക്കൊള്ളുന്നത്. ഈ സര്‍ക്കാര്‍ പുറത്തുപോകേണ്ടത് കാലത്തിന്‍െറ തേട്ടമാണെന്നും രാഹുല്‍ പറഞ്ഞു.  

  രാഹുല്‍ -ബുദ്ധദേവ് സംയുക്ത റാലിയോടെ  ‘കൈയരിവാള്‍’ സഖ്യം കൂടുതല്‍ ദൃഢമാകുകയാണ്. അതേസമയം, സീറ്റു ധാരണ എന്ന  കേന്ദ്ര കമ്മിറ്റിയുടെ അനുമതിക്കും അപ്പുറം കടന്ന പരസ്യസഖ്യം സി.പി.എം കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി. അപ്പോഴും ബംഗാള്‍ ഘടകത്തെ നേതൃത്വം തള്ളിപ്പറയുന്നില്ല  ബുദ്ധദേവ്  ഇപ്പോള്‍ പി.ബി അംഗമല്ളെന്നും ബംഗാളിലെ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നു എന്നതിനപ്പുറം രാഹുല്‍ - ബുദ്ധദേവ് റാലിക്ക് നല്‍കേണ്ടതില്ളെന്നുമാണ് ഇതേക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.  അതേസമയം,  രാഹുല്‍ - ബുദ്ധദേവ് റാലി ഇരുപാര്‍ട്ടികളുടെയും അണികളില്‍ ആവേശം നിറച്ചു. ഇനി പോളിങ് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത, 24 സൗത് പര്‍ഗാന, ഹൂഗ്ളി, ഈസ്റ്റ് മിഡ്നാപുര്‍ എന്നീ ജില്ലകളിലെ 78 സീറ്റുകളില്‍ അതിന്‍െറ ഗുണം ഇരുപാര്‍ട്ടികളും പ്രതീക്ഷിക്കുന്നു.  78 ല്‍ ഏറെയും  മമതയുടെ സിറ്റിങ് സീറ്റുകളാണ്.  രാഹുല്‍ നേരത്തേ നടത്തിയ രണ്ടു റാലികളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.