പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷിക്കുന്ന പുനലൂര്‍ ഡിവൈ.എസ്.പി ഇന്ന് റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കും. 37 മിനിറ്റുള്ള പ്രസംഗത്തിന്‍െറ ശബ്ദരേഖ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കുക. പ്രസംഗത്തിന്‍െറ ശബ്ദരേഖ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി ഷാനവാസിന്‍െറ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.
വിവിധ കോണില്‍നിന്ന് എതിര്‍പ്പുകള്‍ ശക്തമായതോടെ പിള്ളയും മകന്‍ ഗണേഷ്കുമാറും കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയെങ്കിലും വിവിധ സംഘടനകള്‍ ഇന്നലെയും പ്രതിഷേധവുമായി രംഗത്തുവന്നു. പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ നടന്ന പൊതുപരിപാടിയില്‍വെച്ചാണ് പിതാവിനുവേണ്ടി മകന്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ക്ഷമാപണം നടത്തിയത്. പ്രസംഗം മറ്റ് സമുദായങ്ങളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നെന്നും എം.എല്‍.എ എന്ന നിലയിലും മകനെന്ന നിലയിലും പാര്‍ട്ടി അംഗമെന്ന നിലയിലും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ക്ഷമാപണം നടത്തുന്നെന്നുമാണ് ഗണേഷ്കുമാര്‍ പറഞ്ഞത്.
കുട്ടിക്കാലം മുതല്‍ ജാതിയോ മതമോ ഇല്ലാതെയാണ് തന്നെ വളര്‍ത്തിയത്. തന്‍െറ നിലപാടില്‍ മാറ്റമില്ല. എല്ലാവരുടെയും ഹൃദയത്തെയും തന്‍െറ ഹൃദയത്തെയും വേദനിപ്പിച്ച സംഭവമാണിതെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ ഖേദപ്രകടനം നടത്തിയായിരുന്നു ഗണേഷിന്‍െറ പ്രസംഗം.
കഴിഞ്ഞ ഞായറാഴ്ച പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡിവൈ.എസ്.പി നല്‍കുന്ന റിപ്പോര്‍ട്ട് റൂറല്‍ എസ്.പി പരിശോധിച്ചശേഷമാവും തുടര്‍നടപടി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.